Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

Saturday, February 13, 2016

ഒറ്റമുല്ല

By: mind waverings On: 8:22 PM
  • Share Post
  • ഏതോ സുന്ദരിയുടെ സൗന്ദര്യചെപ്പിൽ നിന്ന് തട്ടിത്തൂവിയ കുങ്കുമം പടർന്നത് പോലെ ചുവന്നുതുടുത്ത സന്ധ്യാകാശത്തെ നോക്കിയിരിക്കെ വിനയനോർമ്മ വന്നത് സഹപാഠിയായ സന്ധ്യയെയായിരുന്നു.
    ഒന്നാം വർഷ ഡിഗ്രീ ക്ലാസ്സിൽ വിടർത്തിയിട്ട മുടിയിൽ ഒറ്റമുല്ല ചൂടിയാണ് അവളെ ആദ്യം കണ്ടത്.പിന്നെപ്പൊഴും.
    ഈ ഒറ്റമുല്ല മാലയാക്കാതെ ചൂടുന്നതെന്തിന് എന്നുള്ളതിനുള്ള അവളുടെ മറുപടി വിചിത്രമായിരുന്നു.മുല്ലപ്പൂക്കൾക്കെല്ലാം ഒരേ വാസനയെന്ന് നമുക്ക് തോന്നാം പക്ഷെ ഓരോന്നിന്റെയും വാസന വ്യത്യസ്തമാണ് വിനയാ.ഒറ്റമുല്ലയ്ക്കുള്ള സൗരഭ്യം ഒരിക്കലും ഒരു മാലയിൽ നമുക്ക് നുകരാനാകില്ല.
    ഒരിക്കൽ വെർതെ അവളെ ദേഷ്യം പിടിപ്പിക്കാനായി ,സന്ധ്യ എന്ന പേരിനെ പറ്റി കളിയാക്കിയത്.സന്ധ്യയെന്നാൽ ഒരു വേശ്യയെപോലെയാണ്,പകലും രാവും എന്ന രണ്ട് പുരുഷന്മാർ ഒരേ പോലെ പങ്ക് വെയ്ക്കുന്നതും എന്നാൽ രണ്ടാള്ക്കും സ്വന്തമെന്ന് അവകാശപ്പെടാനാവാത്തതുമായൊരു സുന്ദരി വേശ്യ.
    ഇത് കേട്ട് പിണങ്ങിയ അവൾ പിന്നൊരിക്കലും തന്നോട് മിണ്ടിയിട്ടില്ല.അവളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്തെന്നുള്ള തോന്നലാവാം.
    ഒരു സ്ത്രീ എന്തും സഹിക്കും പക്ഷേ അവളുടെ സ്വാഭിമാനത്തെ വാക്കാൽ പോലും വ്രണപ്പെടുത്തിയാൽ ഒരിക്കലും പൊറുക്കില്ല എന്ന പാഠമാണ് സന്ധ്യ അന്നെന്നെ പഠിപ്പിച്ചത്.
    മൊബൈൽ റിംഗാണ് ചിന്തയിൽ നിന്നുണർത്തിയത്.
    ശ്യാമാണ്.ഇന്ന് വൈകിട്ട് ഉർവശിയിൽ പതിവ് വെള്ളമടി ഗാങ്ങ് ചേരുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ചയേ സൂചിപ്പിച്ചതാണ്.പോകുന്ന വഴിക്ക് തന്നെ പിക്ക് ചെയ്യാമെന്നും.വരവായെന്നുളളതിന്റെ മിസ്സ്‌ കാൾ സന്ദേശമാണ്.
    വെപ്രാളപ്പെട്ട് മേൽകഴുകി കയ്യിൽ കിട്ടിയ പാന്റും ഷർട്ടും അണിഞ്ഞ് വീട് പൂട്ടിയിറങ്ങിയപ്പോഴെയ്ക്കും ശ്യാമെത്തി.
    ഉർവശിയിലെ എ.സി ബാറിൽ പാശ്ചാത്യസംഗീതത്തിന്റെ അകമ്പടിയോടെ ഐസ്കട്ടകളും സോഡയും നുരഞ്ഞ പെഗ്ഗുകൾക്കൊപ്പം തമാശയും കാര്യങ്ങളും കുസൃതിയുംപങ്ക് വെച്ച് പിരിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പുറത്തൊരാൾക്കൂട്ടം ശ്രദ്ധയിൽ പെട്ടത്.
    കാക്കിക്കാരെയും കണ്ട കൌതുകത്തിൽ നോക്കിയപ്പോഴാണ് പരിചിതമായ ഒരു മുഖത്തെയ്ക്ക് കണ്ണ് തറഞ്ഞത്‌.
    അനാശാസ്യത്തിന് അവള്ക്കൊപ്പം പിടികൂടിയ ആളിനൊപ്പം നടന്നു നീങ്ങിയ അവളുടെ മുടിത്തുമ്പിൽ അപ്പോളൊരു മുല്ലമാല തൂങ്ങിയാടുന്നുണ്ടായിരുന്നു !!

    Friday, February 20, 2015

    കഥയില്ലായ്മ

    By: mind waverings On: 8:28 PM
  • Share Post
  • സ്വന്തം കഥയില്ലായ്മയെ കുറിച്ച് അവൾക്കു അഹങ്കാരമായിരുന്നു ഒപ്പം അവജ്ഞയും.അവളുടെ നാല് പാടും മറ്റാരുടെയൊക്കെയോ കഥകളിൽ അവൾ മുങ്ങിതാഴുമ്പോഴും ഒരിക്കൽ താനും കഥകളാല്‍ നിറയുമെന്നവള്‍ സ്വപ്നേപി വിചാരിച്ചു കാണാൻ വഴിയില്ല.

    അവളുടെ കഥയില്ലായ്മകളിലേയ്ക്കൊരു കഥാസാഗരമായി അവൻ നിറഞ്ഞത്‌ അപ്രതീക്ഷിതമായായിരുന്നു ,ഒരായിരം കഥക്കൂട്ടുകളുമായി .

    അവന്റെ കഥയിലെ നായികയായി ,അവള്‍ അവളുടെതായ കഥ വേറെ മെനഞ്ഞപ്പോള്‍ അവളിലെ കഥയില്ലായ്മയ്ക്ക്‌ ശാശ്വത പരിഹാരമായി.ഒരു നാള്‍ കഥകളൊക്കെ തീര്‍ന്നപ്പോള്‍ അവളോട്‌ യാത്രപോലും പറയാതെ മറ്റാരുടെയോ ജീവിതത്തില്‍ കഥ പറയാനായി അവന്‍ നടന്നകന്നപ്പോളാണ് തന്നിലെ കഥയില്ലായ്മയുടെ വ്യാപ്തി അക്ഷരാര്‍ത്ഥത്തില്‍ അവള്‍ തിരിച്ചറിഞ്ഞത് 

    ഒരു മിനിക്കഥ

    By: mind waverings On: 8:13 PM
  • Share Post
  • ദൂരെ എങ്ങോ ഉള്ള ആ ഗ്രാമത്തിൽ എത്തിപ്പെട്ടതായിരുന്നു അവർ രണ്ടാളും. മദ്ധ്യവയസ്കരായ സ്ത്രീയും പുരുഷനും. ഭാര്യഭർത്താക്കൻമാരോ കാമുകീകാമുകന്മാരൊ ആവാം.അവരുടെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന പ്രണയതീവ്രത കണ്ട് നില്ക്കുന്നവരിലെയ്ക്ക് കൂടി പകരുന്ന പോലെ.അപരിചിതരായ അവരെ കണ്ണിമയ്ക്കാതെ നോക്കി നിന്നു ഗ്രാമവാസികളിൽ പലരും.ഗ്രാമാതിർത്തി വരെ ഒന്നിച്ച് നടന്ന അവർ പെട്ടെന്ന് വേർപിരിഞ്ഞ് രണ്ട് ദിശയിലേക്ക് നടന്നു.വേർപിരിഞ്ഞപ്പോൾ അവരുടെ കണ്ണിലെ വേർപാടിന്റെ വേദന കൂടുതൽ അറിഞ്ഞത് അവരെ നോക്കി നിന്നവർ ആയിരുന്നു !!!!!

    രക്ഷകന്‍

    By: mind waverings On: 8:04 PM
  • Share Post
  • മഴയത്ത് കണ്ണ് നിറഞ്ഞൊഴുകുന്നത് ആരും കാണാതിരിക്കാൻ വേണ്ടിയാണ് ആ മഴ മുഴുവൻ അവൾ നനഞ്ഞത്‌ .മഴ നനയരുതെന്ന് അവളെ വിലക്കാൻ ആരുമുണ്ടായിരുന്നില്ല.എന്നും ഒറ്റപ്പെട്ടവൾ എവിടെയും. മഴയ്ക്കൊപ്പം,കണ്ണീരും അവള്‍ പോലുമറിയാതെ തിമിര്‍ത്തു പെയ്തു.അപ്രതീക്ഷിതമായാണ് കുടയേന്തിയ ഒരു ബലിഷ്ടകൈ അവളെ ചേര്‍ത്ത് പിടിച്ചു കുടയ്ക്കുള്ളില്‍ ആക്കിയത്.മഴ നനയാതെ അവളെ സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടു ആ കുടയുടെ ഉടമ യാത്രയായി.ഇനി ഒരിക്കല്‍ കാണുമെന്നു ഉറപ്പില്ലെങ്കിലും അവളുടെ മനസ്സില്‍,തനിക്കായി എന്നും ആ ബലിഷ്ട കൈകള്‍ രക്ഷകര്‍ത്താവായി ഉണ്ടാകുമെന്ന് അവള്‍ വിശ്വസിച്ചു.കണ്ണീര്‍ തുടച്ചു കളഞ്ഞു അവള്‍ സ്വയം പുഞ്ചിരിച്ചു.അവളുടെ സന്തോഷം കണ്ടിട്ടാവണം,അവൾടെ ചാരെ നിന്ന ഗുൽമോഹർ മരവും പൂ പൊഴിച്ച് അവള്‍ക്കൊപ്പം സന്തോഷിച്ചത്‌..!!!

    Sunday, November 9, 2014

    അവളുടെ രാവുകള്‍

    By: mind waverings On: 4:01 AM
  • Share Post
  • അവള്‍ക് രാത്രി ഉറങ്ങാനായില്ല, എന്നത്തേയും പോലെ.എന്നും രാത്രി ആണല്ലോ അദ്ദേഹത്തിന്റെ ഡ്യൂട്ടി .ഒരു ദിവസം പോലും മുടക്കാന്‍ കഴിയില്ലല്ലോ.കാര്‍മേഘം മൂടിയ രാത്രികളില്‍ ചിലപ്പോള്‍ താന്‍ അറിയാതെ ഉറങ്ങി പോകും പക്ഷെ അദ്ദേഹത്തിനോ.ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ പകല്‍ മുഴുവന്‍ കിടന്നുറങ്ങാം എന്നത് ശരി തന്നെ പക്ഷെ രാത്രി ഉറക്കം പോലെ സുഖകരം ആകുമോ അത്.എന്തെല്ലാം അപകടങ്ങള്‍ ആണ് രാത്രിയില്‍ പതിയിരിക്കുന്നത്‌ .അദ്ദേഹം മടങ്ങി വരുന്നത് വരെ നെഞ്ചില്‍ തീയാണ് .അദ്ദേഹത്തിനു എന്തെങ്കിലും സംഭവിച്ചാല്‍......അദ്ദേഹം ഇല്ലെങ്കില്‍ ഞാനുമില്ലല്ലോ ..ഇങ്ങനെ ഓരോന്ന് ഓര്‍ത്തിരുന്നു പൂനിലാ പെണ്ണ് തന്റെ ചന്ദ്രേട്ടന്റെ മടങ്ങി വരവും കാത്ത് ..!!!

    മരീചിക

    By: mind waverings On: 4:00 AM
  • Share Post
  • കുറെ ദിവസം ആലോചിച്ച ശേഷമാണ് അവൻ അവൾക്ക് ഫ്രെണ്ട് റിക്വസ്റ്റ് അയച്ചത്.പല ഗ്രൂപ്പുകളിലും അവളെ കണ്ടിട്ടുണ്ട്.അധികം മിണ്ടാതെ കമ്മന്റ് ഒരു സ്മൈലിയിൽ ഒതുക്കി പോകുന്നവൾ.അവൾ ആരെന്നോ,ചെറുപ്പമാണോ വിവാഹിതയാണോ ഇതൊന്നും അവനറിയില്ലായിരുന്നു.അവൾ സൗഹൃദം സ്വീകരിക്കുമോ എന്നൊരാശങ്കയുണ്ടായിരുന്നു പക്ഷെ അത് വ്യർത്ഥമായിരുന്നു.അവൾ സ്വീകരിച്ചു.
    അന്നവൻ അവൾക്കൊരു നന്ദി പറഞ്ഞു അതിന് അവളുടെ മറുപടി സ്മൈലിയും.
    പിറ്റേന്ന് മുതൽ അവളുടെ ഇൻബോക്സിൽ അവൻറെ ഗുഡ്മോർണിങ്ങും ഗുഡ്എവെനിങ്ങും പതിവായി അതിനൊക്കെ മറുപടി പോലെ അവളുടെ പതിവ് സ്മൈലികളും.
    ജോലിത്തിരക്ക് കൂടിയപ്പോൾ ഒരു മാസം എഫ് ബീ അടച്ചു വെയ്ക്കേണ്ടി വന്നു.എന്ത് കൊണ്ടോ ആരെയോ മിസ് ചെയ്യുന്നപോലെ മനസ്സിൽ ഒരു വരിഞ്ഞു മുറുകൽ.അതവളെ ആണെന്ന് അവൻ തിരിച്ചറിഞ്ഞു.
    ഇനി എഫ് ബീ തുറക്കുമ്പോൾ അവളോട് മനസ്സ് തുറക്കണം.ജീവിതത്തിലേയ്ക്ക് ക്ഷണിക്കണം എന്നൊക്കെ അവൻ തീരുമാനിച്ചു.
    ജോലിതിരക്കൊഴിഞ്ഞനാൾ എഫ് ബീ തുറന്നപ്പോൾ അവൻറെ ഇന്ബോക്സ് നിറഞ്ഞു കവിഞ്ഞ് അവളുടെ മെസേജുകൾ.പരാതികൾ പരിഭവങ്ങൾ.അവൻറെ
    മനസ്സ് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടി.
    പക്ഷെ അവസാന മെസേജ് അവനെ തകർത്തുകളഞ്ഞു.
    പ്രിയപ്പെട്ടവന്(ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ല)
    എൻറെ നൊമ്പരങ്ങളിൽ ആശ്വാസത്തിന്റെ തേൻ പുരട്ടി എങ്ങോ മറഞ്ഞ എൻ പ്രിയനേ ,മരണത്തിനെ മുഖാമുഖം കണ്ടപ്പോഴും നിൻറെ മെസേജുകൾ ജീവിതത്തെ പ്രണയിക്കാൻ എന്നെ ആശിപ്പിച്ചു.നന്ദി.ഇനി നാം കാണില്ല മരണത്തിന്റെ വേദന എന്നെ കാർന്നു കഴിഞ്ഞു.ആർ.സീ.സി യിലെ ഡോക്ടർമാർ എന്നെ കയ്യൊഴിഞ്ഞു ഒടുവിലായി ഇതാ പ്രിയനേ നിനക്കൊരു ഗുഡ് ബൈ .
    അന്നത്തോടെ അവൻ എഫ് ബീ എന്നത്തേയ്ക്കുമായി അടച്ചു

    പിണക്കം

    By: mind waverings On: 3:59 AM
  • Share Post
  • അവനോട് അവൾ അന്നേ പറഞ്ഞതായിരുന്നു വേണ്ടാത്ത കാര്യങ്ങളിൽ ചെന്ന് തലയിടരുതെന്ന്.എന്നിട്ടും അവളുടെ മുന്നിൽ വിജയി ആകാൻ വേണ്ടിയാണ് അവനത്‌ ചെയ്തത്.
    ഒടുവിൽ അത് പ്രശ്നത്തിൽ തന്നെ കലാശിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.ആ പേരിൽ അവൾ അവനോട് പിണങ്ങി പോയി.ഇനി ചോനനുള്ള ആ മാവിൽ കയറി അവൻ മാങ്ങ പറിച്ചിട്ട്‌ മേലാകെ ചൊറിഞ്ഞു മുറിച്ചാൽ അവൾക്കെന്ത് ചേതം.

    വെറുതെ ചില ടെന്‍ഷനുകള്‍

    By: mind waverings On: 3:57 AM
  • Share Post
  • മയക്കത്തിന്റെ, അഭൗമ സൌന്ദര്യത്തിന്റെ അഗാധതയിലേയ്ക്ക് മുങ്ങി രസിക്കുമ്പോൾ തന്നെ ഉണർവ്വിന്റെ തീച്ചൂള പൊള്ളൽ അവളറിയുന്നുണ്ടായിരുന്നു.സ്വപ്നങ്ങളെ പോലും ആസ്വദിക്കാൻ തനിക്കെന്താ കഴിയാത്തത് എന്നവളുടെ മനസ്സ് ചോദ്യചിഹ്നം കുത്തി.
    അതിനുള്ള ഉത്തരം, ഇനി ഗൂഗിളിൽ തപ്പേണ്ടി വരുമോ ?ഫ്രോയിഡ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ എഫ് .ബീ ഫ്രെണ്ട് ആക്കി ,ചാറ്റിലൂടെ ഈ സംശയം ക്ലീയർ ചെയ്യാമായിരുന്നു .ഒരു ചോദ്യചിഹ്നം കുത്തൽ ദേ പിന്നേം ....ഫ്രോയിഡ് ഒറിജിനൽ തന്നെയാവുമോ ..കാരണം പ്രശസ്തർക്കൊക്കെ എത്രയെത്ര ഫേക്ക് ഐ ഡി കളാ ഈശ്വരാ ...
    അതിലും മെച്ചം "മ "വാരികകളിലെ "മനശാസ്ത്രജ്ഞാനോട് ചോദിക്കാം" തന്നെയാ.വടക്ക് നോക്കി യന്ത്രത്തിൽ നമ്മുടെ ശ്രീനിയേട്ടനെ പോലെ .
    പിന്നെ ചാനലുകളിലെ "ഡോക്ടറോട് ചോദിക്കാം" പരിപാടിയിലായാലോ;ലൈവ് ആയി ഉത്തരം കിട്ടിയേനെ പക്ഷെ ആ സമയത്ത് വിളിക്കുമ്പോഴായിരിക്കും നമ്പര് ബിസി എന്ന കൊഞ്ഞനം കുത്തൽ .
    നേരിട്ട് പോയി ഡോക്ക്ട്ടരെ കാണാം എന്ന് വിചാരിച്ചാൽ ആ വഴിക്ക് പോകുന്നത് ആരെങ്കിലും കണ്ടാല്‍ പിന്നെ "അവൾക്കു നൊസ്സാണെന്ന് തോന്നുന്നു "എന്ന് അന്ന് വൈകുന്നേരം തന്നെ കമ്പിയില്ലാ കമ്പി വാർത്ത നാക്കുകളിലൂടെ ബ്രോഡ്‌കാസ്റ്റ് ചെയ്യപ്പെട്ടു തുടങ്ങും ..
    ഹാ ;ഓർത്തോർത്തു ടെന്ഷനടിക്കാൻ ഒരു ടോപ്പിക് കൂടി കിട്ടിയ സന്തോഷത്തിൽ അവൾ അടുത്ത മയക്കത്തിലേയ്ക്കു വഴുതി..