Wednesday, January 30, 2013

Tagged Under: ,

മയില്‍‌പീലി

By: mind waverings On: 10:29 AM
  • Share Post

  • അലമാരയിലിരിക്കുന്ന പഴയ പുസ്തകങ്ങള്‍ പൊടി തട്ടി വെയ്ക്കണമെന്ന് തലേ ദിവസം ഉറങ്ങാന്‍ കിടന്നപ്പോഴേ രശ്മി മനസ്സില്‍ കുറിച്ചിട്ടതായിരുന്നു.എത്രനാളായി വീടൊക്കെ ഒന്ന് നല്ല രീതിയില്‍ വൃത്തിയാക്കിയിട്ട്‌.രാവിലെ മോഹനെയും കുട്ടികളെയും യാത്രയാക്കിയാലുള്ള ശൂന്യത,ഉറങ്ങി തീര്‍ക്കുന്നത് കാരണം ജോലികള്‍ പലതും പെന്റിംഗ് ആയിരിക്കുന്നു.മോഹന്റെ കറുത്ത മുഖം കണ്ടില്ലെന്ന് വെയ്ക്കുകയാണ് പതിവ് .

    രണ്ടും കല്‍പ്പിച്ച് പുസ്തകങ്ങള്‍ ഒന്നൊന്നായി പെറുക്കി മേശമേല്‍ വെച്ചു .വായന അത്ര ഇഷ്ടമുള്ള ശീലങ്ങളില്‍ ഒന്നല്ലാത്തത് കൊണ്ട് പുസ്തകങ്ങളുടെ പേരുകള്‍ ശ്രദ്ധിച്ചു നേരം കളയേണ്ടി വന്നില്ല.

    മോഹന്റെ അമ്മയുടേതായിരുന്നു ആ പുസ്തകശേഖരം.അദ്ദേഹത്തിന്റെ വിലപ്പെട്ട നിധി എന്ന് തന്നെ വേണമെങ്കില്‍ പറയാം.വായനയുടെ കാര്യത്തില്‍ മോഹനും തനിയ്ക്കൊപ്പം തന്നെയെങ്കിലും,അകാലത്തില്‍ വിട്ടകന്ന അമ്മയുടെ സ്നേഹം ആവോളം നുകരുന്നത് ആ പുസ്തകശേഖരത്തിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.മനസ് സംഘര്‍ഷഭരിതമാകുമ്പോള്‍ ഏറെ നേരം അതിന്റെ മുന്നില്‍ ചിലവഴിക്കുന്നത് പതിവായിരുന്നു.

    അറിയപ്പെടുന്ന ഒരെഴുത്തുകാരിയായിരുന്നു മോഹന്റെ അമ്മ.സാധ്വിയായ ഒരു സ്ത്രീ.താന്‍ കണ്ടിട്ടില്ലെങ്കിലും ചുറ്റുപാടുമുള്ളവര്‍ വരച്ചിട്ടൊരു ചിത്രം അവളുടെ മനസ്സില്‍ വേരോടിയിരുന്നു.

    മോഹന്റെ ചെറുപ്രായത്തിലേ അച്ഛന്‍ മരിച്ചു പോയിരുന്നു.വീണ്ടുമൊരു വിവാഹത്തിന് മുതിരാതെ മകന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അവരുടേത് .

    പുസ്തകകൂനയില്‍ നിന്ന് പെട്ടെന്നാണ് കൈ തട്ടി ഒരു ചുവന്ന ഡയറി തറയിലേയ്ക്ക് തെറിച്ചു വീണത്‌.കയറി നിന്നിരുന്ന കസേരയില്‍ നിന്ന് താഴെ ഇറങ്ങി പുസ്തകം എടുക്കുമ്പോള്‍ കണ്ടു അതില്‍ നിന്ന് തെറിച്ചു വീണ രണ്ടു മയില്‍ പീലികള്‍ !!!

    ആകാംക്ഷയോടെ അവളാ മയില്‍പീലിയും ഡയറിയും കയ്യിലെടുത്തു.കയ്യിലിരുന്ന തുണി കൊണ്ട് പൊടി തുടച്ചു പുസ്തകം നിവര്‍ത്തി.വൃത്തിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ ആദ്യ താളില്‍ തന്നെ കോറി ഇട്ടിരിക്കുന്നത് കണ്ടു "എന്റെ കണ്ണന് ".

    രശ്മിയുടെ മനസ്സിലെ അമ്മയുടെ ചിത്രത്തിന് മങ്ങലേല്‍ക്കുന്നതായി തോന്നാതിരുന്നില്ല.താളുകള്‍ ഒന്നൊന്നായി മറിക്കവേ,തന്റെ കാമുകനായ അജ്ഞാതനെ കണ്ണനെന്ന സംബോധനയിലുള്ള സംഭാഷണങ്ങളും കവിതകളും കൊണ്ട് നിറഞ്ഞിരിക്കുന്നതവള്‍ക്ക് കാണാന്‍ കഴിഞ്ഞു.

    ഒരു സ്ത്രീക്ക് ഒരു പുരുഷനെ ഇത്രമേല്‍ സ്നേഹിക്കാനാകുമോ ?ഓരോ താളുകള്‍ മറിയുന്നതിനൊപ്പം ഒരു പ്രണയ വസന്തം തന്റെ മുന്നില്‍ വിടരുന്നത് രശ്മി അറിയുന്നുണ്ടായിരുന്നു.

    അഞ്ച് വര്‍ഷം പ്രണയിച്ചു വിവാഹിതരായവരായിരുന്നു അവളും മോഹനും.അനാഥനായ മോഹനെ മരുമകന്‍ ആക്കാനുള്ള അച്ഛന്റെ ദുരഭിമാനത്തെയും അമ്മയുടെ കണ്ണുനീരിനെയും പിന്തള്ളി അവനൊപ്പം പുറപ്പെട്ടത്തില്‍ ഒരിക്കലും അവള്‍ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.പക്ഷെ തങ്ങളുടെ പ്രണയത്തേക്കാള്‍ നൂറു മടങ്ങ്‌ ശക്തി അവള്‍ക്ക് ആ പുസ്തക താളുകളില്‍ കാണാനായി.

    ആരാകും അമ്മയുടെ കണ്ണന്‍ ?ഭര്‍ത്താവ് മരിച്ച ശേഷം ആരോരുമറിയാതെയുള്ള ബന്ധമാകുമോ?മോഹന്‍ ഇതറിയുമ്പോള്‍ അമ്മയോടുള്ള മനോഭാവം എന്താകുമോ ..പല പല സംശയങ്ങളില്‍ അവള്‍ കുഴങ്ങി .ഏതായാലും ആ പുസ്തകം തീര്‍ത്തു വായിക്കാന്‍ തന്നെ അവള്‍ നിശ്ചയിച്ചു.

    ഓരോ താളുകളിലും ഒരാത്മാര്‍ത്ഥ പ്രണയിനിയെ കാണാന്‍ കഴിഞ്ഞു അവള്‍ക്കു.കണ്ണനോടുള്ള പ്രണയ സല്ലാപങ്ങളും പരിഭവങ്ങളും ഒക്കെ ചേര്‍ന്ന് മനസ്സിനെ ഏതോ അജ്ഞാതമായ താഴ്വരകളിലെയ്ക്ക് ആനയിക്കുന്ന തരത്തില്‍ ആയിരുന്നു അതിലെ ഓരോ വാചകങ്ങളും.

    ഒടുവിലത്തെ താള്‍ എത്തിയത് അവള്‍ അറിഞ്ഞില്ല .അതിലെ അവസാന വരികള്‍ അവളെ തീര്‍ത്തും ഞെട്ടിച്ചു "ഇതെന്റെ മനസ്സിലെ അരൂപിയായ കണ്ണന് വേണ്ടി എന്നെന്നും നിന്റെ മീരയായ ഞാന്‍ സമര്‍പ്പിക്കുന്നു".

    രശ്മിയുടെ മനസ്സിലെ വിഗ്രഹത്തിന് തെളിച്ചമേറിയത് പോലെ !!!!!!

    (ശുഭം)

    5 comments:

    1. പുസ്തകങ്ങള്‍ വായിക്കുക പൊടികയറില്ല. ഉള്ളില്‍ മാലിന്യങ്ങള്‍ കയറില്ല.ഉള്ളം ശുദ്ധമാകും.
      നന്നായിരിക്കുന്നു
      ആശംസകള്‍

      ReplyDelete
    2. നല്ല കഥ.
      എങ്കിലും അല്പം കൂടി വിപുലീകരിക്കാമെന്നു തോന്നി.
      ഭാവുകങ്ങൾ!

      ReplyDelete
    3. പേടിപ്പിച്ച് കളഞ്ഞു :)..........
      നന്നായി കഥ

      ReplyDelete