Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Saturday, February 13, 2016

താടി മാഹാത്മ്യം

By: mind waverings On: 8:19 PM
  • Share Post
  • ആൾക്കൂട്ടത്തിനിടയിൽ
    വ്യത്യസ്തനാവാൻ വേണ്ടിയാണവൻ
    താടി നീട്ടി വളർത്താൻ 
    തീരുമാനിച്ചുറപ്പിച്ചത്

    നീണ്ടു വളർന്ന അവൻറെ താടിയിൽ
    തീവ്രവാദിയെ
    ദർശിച്ചപ്പോൾ
    കത്തിക്കൊരുവൻ മൂർച്ചയേറ്റിയത്
    അവനൊട്ടറിഞ്ഞതുമില്ല

    ഒരിക്കലും വളരില്ലെന്ന് കരുതിയ
    താടിയിഴകളെ തഴുകിയിരുന്ന കഠാരയിൽ
    നിന്ന് ചോരയിറ്റു വീഴുമ്പോഴും

    പിറ്റേന്ന് പത്രങ്ങളിൽ
    തീവ്രവാദിയെന്ന തലക്കെട്ടിൽ അവനൊപ്പമവന്റെ താടിയും
    പ്രശസ്തമാകുമെന്നതായിരുന്നവന്റെ സംതൃപ്തി

    മൂന്നാംലിംഗം

    By: mind waverings On: 8:18 PM
  • Share Post
  • അണ്ഡവും ബീജവും ഇണ ചേർന്ന
    സമവാക്യത്തിന്റെ വരി തെറ്റിയതാവണം
    'XX'ഉം XY യും അല്ലാതെ
    മൂന്നാംലിംഗത്തിലേയ്ക്ക് ഞാൻ തള്ളപ്പെട്ടത്

    ജന്മമേകിയപ്പോൾ കൊഞ്ചിച്ച നാവുകൾ
    ഇന്നുരുവിടുന്നു 'ചെകുത്താന്റെ സന്തതി'
    അവരുടെ കാമപൂർത്തീകരണലക്ഷ്യം
    കൊശമായപ്പോൾ പാപി ഞാൻ മാത്രമോ

    പാന്റും ഷർട്ടും ഇടണമെന്നച്ഛൻ
    പാവാടയും ബ്ലൗസും മതിയെന്ന് ഞാൻ
    എന്റെ ഇഷ്ടങ്ങൾ ഏവർക്കും പുച്ഛം
    ഞാനെന്ന വ്യക്തിക്ക് പാടില്ലൊരിച്ഛം

    പുറത്തിറങ്ങി കൂട്ടുകാര്ക്കൊപ്പം കൂടെടാ എന്നമ്മ
    അടുക്കളചുമരുകളാണെനിക്കിഷ്ടമെന്ന് ഞാൻ
    അത് കേട്ടടക്കി ചിരിക്കുന്ന ചേച്ചി
    പുച്ഛത്തോടെ നോക്കി കളിയാക്കുന്ന ചേട്ടൻ

    ചേട്ടൻമാരോട് കൂട്ട്കൂടാൻ നാണമാണ്
    ചേച്ചിമാർക്ക് കൂടെ കൂട്ടാൻ പേടിയാണ്
    അതൊക്കെ കൊണ്ട് കൂടിയാവണം എല്ലാവരും
    കല്പിച്ചൊരു പേര് നല്കിയത് "മൂന്നാം ലിംഗം"

    തഴയപ്പെട്ടവൻ

    By: mind waverings On: 8:16 PM
  • Share Post
  • അവജ്ഞയോടെ തഴയപ്പെട്ടവൻ
    അവഗണനയാൽ ശ്വാസംമുട്ടിയവൻ
    ഒരുനാളിവനെ നിങ്ങൾ തിരയും
    അസ്ഥിത്വത്തിൻ മൂലക്കല്ലാക്കുവാൻ
    എന്നിലെ നന്മയുടെ നേർക്ക്
    മിഴി പൂട്ടിക്കൊള്ളുക
    തിന്മകളെന്നിൽ ആരോപിച്ചു കൊള്ളുക
    വരുമൊരു നാൾ
    എന്നിലെ നന്മയെ
    തിരിച്ചറിഞ്ഞാരെങ്കിലും
    നെഞ്ചോടടക്കുവാൻ
    ഏകാന്തതയിൽ പുളയുമ്പോഴും
    മനം നൊന്ത് വിലപിക്കുമ്പോഴും
    തിരസ്ക്കരിക്കപെട്ടെന്ന നൊമ്പരത്തീയിൽ
    എരിഞ്ഞൊടുങ്ങുമ്പോഴും
    ഒരു ചെറു മോഹം
    ചെറു പ്രതീക്ഷാ തിരിനാളം
    എരിയുന്നുണ്ട് ശാപമോക്ഷത്തിനായ്
    മൂല്യമില്ലാക്കല്ല് മൂലക്കല്ലായ് പുനരവതരിക്കുവാൻ

    Friday, February 20, 2015

    ആഴങ്ങൾ

    By: mind waverings On: 8:21 PM
  • Share Post
  • ആഴങ്ങളെ എനിക്ക് പേടിയാണ്
    സ്നേഹത്തിന്റെയും
    വിശ്വാസത്തിന്റെയും
    ഓർമ്മയുടെയും
    മറവിയുടെയും
    ആഴങ്ങളെ എനിക്ക്
    കടലാഴങ്ങളെ പോൽപേടിയാണ്

    സ്നേഹത്തിനാഴത്തിലേയ്ക്ക്
    മുങ്ങാംകുഴിയിട്ട് ചെന്നാൽ
    എത്തിച്ചേരുക പലപ്പോഴും
    വെറുപ്പ്‌ കൂനകൂട്ടിയ
    ഏതോ അടിത്തട്ടിലാവണം

    വിശ്വാസങ്ങളിലെ പ്രതീക്ഷാബലം
    കൂടും തോറും
    അതിലൊരു നേരിയ ബലക്ഷതം,
    പതിപ്പിക്കാനിടയുണ്ട്
    അഗാധമായ ആഴങ്ങളിലേയ്ക്ക്
    ചിലപ്പോഴൊക്കെ

    ഓർമ്മകളിലെ വിങ്ങലുകൾ
    മറവിയെ കൊതിക്കുമ്പോൾ
    മറവിയിലെ വിള്ളലുകൾ
    ഓർമ്മകളെ ആഴങ്ങളിൽ
    പോലും മുങ്ങി തപ്പാൻ പ്രേരിപ്പിക്കുന്നു

    സ്നേഹത്തിന്നടിത്തട്ടിലെ
    വെറുപ്പിൽ നിന്നുള്ള
    ഓർമ്മകളുടെ മോചനത്തിനായി
    മറവിയിലേയ്ക്കൊരു തുരങ്കം
    പണിയാനിനിയെന്താണൊരു പോംവഴി

    സ്നേഹം - നാനാര്‍ഥങ്ങള്‍ ഉള്ളൊരു വാക്ക്

    By: mind waverings On: 8:14 PM
  • Share Post
  • സ്നേഹമുണ്ട് മാതാപിതാക്കളോട് ,
    ഈ ഭൂമിയിലിടം തന്ന നന്ദിയിലും,
    വളര്‍ത്തി വലുതാക്കിയ കടമയിലും,
    അധിഷ്ടിതമായ ആദരവാര്‍ന്ന സ്നേഹം.
    സ്നേഹമുണ്ട് സോദരങ്ങളോട് ,
    ഒരേ ഇടത്തില്‍ പിറവികൊണ്ട്,
    രക്തബന്ധത്തിലൂന്നിയതും,
    പരസ്പര സ്നേഹവും ചേര്‍ന്ന ഒന്ന്.
    സ്നേഹമുണ്ട് ഇണയോട്,
    പ്രണയം പങ്കുവെയ്ക്കാനും,
    ഇരു ശരീരത്തില്‍ ഒരേ മനമായ് ,
    വര്‍ത്തിക്കുകയും ചെയ്യുന്ന സ്നേഹം.
    സ്നേഹമുണ്ട് സ്വസന്തതികളോട്,
    തന്നില്‍ നിന്നുയിര്‍കൊണ്ട്,
    സ്നേഹത്തിന്‍ അമ്രിതൂട്ടി,കൈകാല്‍ വളര്‍ച്ചയെണ്ണി ,
    തന്നോളമാകാന്‍ കാത്തിരിക്കുന്നൊരു സ്നേഹം.
    സ്നേഹമുണ്ട് സുഹൃത്തുക്കളോട് ,
    പരസ്പര ബഹുമാനം കൊണ്ടും,
    സമവര്‍ത്തിത്ത്വ സമരസം കൊണ്ടും,
    കുറ്റവും കുറവുകളും മനസ്സിലാക്കുന്ന സ്നേഹം.
    പിന്നെയുമുണ്ട് സ്നേഹങ്ങള്‍ ,
    പേരിട്ടു വിളിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍,
    സാഹോദര്യവും,സൌഹൃദവും ചേര്‍ന്നിഴപാകിയവ,
    രക്തബന്ധങ്ങളെക്കാള്‍ ആഴമേറിയ സ്നേഹം .

    അമ്മ

    By: mind waverings On: 8:12 PM
  • Share Post
  • പൈതങ്ങളുടെ പൈ അടക്കുവാൻ
    ഉരിയരിക്കായ് ഊര് തെണ്ടി
    വിയർപ്പൊഴുക്കി വിശ്രമമില്ലാതെ
    അദ്ധ്വാനിച്ച് ആഹ്ലാദത്തോടെയാ അമ്മ
    അരി തിളപ്പിക്കാൻ പാത്രമില്ലാതലഞ്ഞ്
    മടിക്കുത്തിനു വിലപേശി,പാത്രമൊപ്പിച്ചത്
    ഗർഭപാത്രം ദാനം തന്നൊരാ കുരുന്നുകൾക്ക് വേണ്ടി
    എന്ന് സമാധാനിച്ചോരമ്മ
    അരി അടുപ്പിലാക്കാനൊരു തുണ്ട് വിറകിനായ്
    എത്രയോ തൊടികൾതോറുമലഞ്ഞു
    വിറകും ചുള്ളിയും ഉണക്കോലയും മടലും
    സ്വരുക്കൂട്ടിയതാണാ അമ്മ
    അടുപ്പിലായ അരിയുടെ പാകം നോക്കി
    വേവാകുവാൻ കണ്ണിലെണ്ണയൊഴിച്ചിരിക്കുമ്പോഴും
    മദ്യലഹരിയാൽ വന്നരിക്കലം തട്ടിത്തൂകുവാൻ
    താലികെട്ടിയ കാലമാടനെത്തുമെന്നു ഭയപ്പെടുന്നതുമമ്മ.

    നോസ്ടാല്ജിയ

    By: mind waverings On: 8:11 PM
  • Share Post
  • വരമ്പത്തൊരോല കുട ,
    പണ്ടെങ്ങോ മറന്നു വെച്ച പോലെ..
    മരമുകളിൽ ഒരേറുമാടം,
    പണ്ടെങ്ങോ ഉപേക്ഷിച്ച പോലെ..
    അടുപ്പത്ത് ചട്ടിയിൽ തിളയ്ക്കുന്ന കറി ,
    മനസ്സിൽ മായാത്ത ഘ്രാണം ...
    ഓലമേഞ്ഞ മേൽപ്പുര ,
    ഈർക്കിലി തുമ്പത്ത് നിന്നിറ്റു വീഴുന്ന മഴത്തുള്ളി...
    മഴവെള്ളത്തിൽ ഒഴുകി അകലുന്ന കടലാസ് വഞ്ചി,
    അകലുന്നതെന്റെ ഓർമ്മകളേയും പേറി...
    പാവാടത്തുമ്പുയർത്തി തുമ്പിയെ പിടിക്കാൻ ഓടിയ ബാല്യം,
    കൈവിട്ട് പറന്നു പോയ്‌ തുമ്പിയെപോലെങ്ങോട്ടോ..

    മഴയോര്‍മ്മകള്‍

    By: mind waverings On: 8:05 PM
  • Share Post
  • തിമിർത്ത് പെയ്യും മഴയിലും,
    കേൾക്കുന്നു ഞാനൊരു പ്രണയഗീതം.
    ഗതകാലസ്മരണകൾ ശ്രുതികൾ മീട്ടുമൊരു,
    വിരഹാർദ്രമാം മൃദുഗീതം.
    തുള്ളിതെറിക്കുന്ന തൂവാനത്തിലും,
    കാണുന്നാരുടെയോ പ്രേമസ്പർശം.
    മഴനനയുമ്പോൾ തോന്നുന്ന കുളിരിലും,
    അറിയുന്നേതോ സ്നേഹാശ്ലേഷം.
    കാർമേഘാവൃതമാം മാനത്ത് കാണുന്നു,
    ആരുടെയോ പരിഭവമോലും കള്ളകോപം.
    ഒളിചിന്നി മറയുമാ മിന്നൽപിണരിലും,
    മിന്നിപൊലിയുന്നൊരാ പുഞ്ചിരി തൻ അഭൌമ ഭംഗി.
    ഇലച്ചാർത്തുകൾ കുണുങ്ങി പൊഴിക്കുന്ന,
    ഓരോ ചെറുമഴത്തുള്ളിയിൽ പോലും.
    അറിയുന്നു,എന്നിൽ നിറയുന്നു ,
    നീയും നിന്നോർമ്മകളും നിത്യം

    നഷ്ടപ്രണയം

    By: mind waverings On: 7:59 PM
  • Share Post
  • നോവിന്നാഴിയിലാർന്നൊരാത്മാവിനെ
    മാന്ത്രിക തന്ത്രികളാലുഴിഞ്ഞും
    മാസ്മരമാം ഗീതം മൊഴിഞ്ഞും
    മനസ്സെന്ന കിളിക്കൂട്ടിലെയ്ക്ക്
    തിരികെ ആവാഹിച്ചതൊടുവിൽ 
    നിൻ സ്നേഹദ്വംശനത്താൽ
    എന്നെന്നേക്കുമായാത്മാവിന്
    ചിതയൊരുക്കാനായിരുന്നൊ
    വരണ്ട മനസ്സിൻ മണ്ണിൽ
    പ്രതീക്ഷയാം വിത്ത് പാകിയതും
    വിത്തൊരു മോഹമരമായി വളരാൻ
    സ്നേഹമെന്ന വളവും പ്രേമമെന്ന ജലവുമേകി
    അതിൽ നിറയെ പ്രണയവർണ്ണമുള്ള
    പൂക്കൾ വിടർത്തിയതും
    ഒടുവിൽ മൂര്‍ച്ചയേറിയ കോടാലി
    മാറില്‍ തന്നെ പതിപ്പിക്കാനായിരുന്നോ

    തിരുത്തല്‍വാദി

    By: mind waverings On: 7:56 PM
  • Share Post
  • എന്റെ തൂലികത്തുമ്പില്‍ നിന്നുതിരുന്ന മഷിയിൽ
    എനിക്കൊരല്‍പ്പംവിപ്ലവ വീര്യം ചേർക്കണം
    മനസ്സിനെ വിറളി പിടിപ്പിക്കുന്ന
    വാർത്തകളെ തിരുത്തി കുറിക്കുവാൻ
    രക്തത്തിന്റെ കണക്ക്‌ നോക്കാതെ പൊഴിക്കുന്നതും
    രക്തബന്ധം കണക്കു നോക്കാതെ കൊഴിക്കുന്നതും
    രക്തത്തിന് പകരം കണക്കുകൂട്ടി വീഴ്ത്തുന്നതും
    യുക്തിയോടെല്ലാമെനിക്ക് കണക്കു നോക്കാതെ തിരുത്തി കുറിക്കണം .
    വ്യക്തികള്‍ സദാ സമൂഹത്തെ പഴിക്കുന്നതും
    വ്യക്തി ബന്ധങ്ങള്‍ക്ക് തൃണവില കല്‍പ്പിക്കുന്നതും
    വ്യക്തതയില്ലാതെ അന്യനില്‍ സംശയാലുവാകുന്നതും
    ശക്തിയോടെനിക്കിന്നു തിരുത്തി എഴുതണം .
    ഭക്തിയെ കച്ചവടമാക്കി ചുരുക്കുന്നതും
    ഭക്തന്റെ കള്ള മേലങ്കി അണിഞ്ഞു രസിക്കുന്നതും
    സൂക്തങ്ങളിലെ ഏടുകള്‍ മറന്നെന്നു ഭാവിക്കുന്നതും
    തിക്തമായെല്ലാം മാറ്റി കുറിക്കണം.....
    മാറ്റി കുറിക്കണം അവയൊക്കെത്തന്നെ
    ഇന്നെനിക്കീ തൂലികത്തുമ്പില്‍ നിന്നടരുന്ന
    അക്ഷരകണങ്ങളുടെ തീക്ഷ്ണമാംഊര്‍ജ്ജ താണ്ഡവത്തിന്റെ
    വീര്യം നിങ്ങള്‍ തന്‍ സിരകളില്‍ നിറയ്ക്കുവാന്‍

    Sunday, November 9, 2014

    മരണം

    By: mind waverings On: 4:39 AM
  • Share Post
  • കൊതിയോടെ നീ ഏറെക്കാലമായി
    ഒളിഞ്ഞിരുന്നെന്നെ നോക്കുന്നതെനിക്കറിയാം 
    നിന്നിലേയ്ക്കണയാന്‍ ഞാന്‍ കൊതിച്ചതും
    നീ മറന്നു കാണാന്‍ വഴിയില്ല
    ഇരുളില്‍ നീ തലോടി ആശ്വസിപ്പിച്ചതും
    പകല്‍ വെട്ടത്തില്‍ ഒളിഞ്ഞിരുന്നെന്നെ ഭയപ്പെടുത്തിയതും
    അകലെയെവിടെയോ അതോ വളരെ അടുത്തോ
    ഞാന്‍ നിന്റെതാകാന്‍ നീ കൊതിക്കുന്നുണ്ടെന്നെന്നെനിക്കറിയാം
    നീളമേറിയ വീഥികളിലും
    തിരക്കേറിയ തെരുവുകളിലും
    ഒറ്റപ്പെട്ടുപോയ തുരുത്തുകളിലും
    എന്നെ നീ തിരഞ്ഞത് ഞാന്‍ അറിഞ്ഞിരുന്നപ്പോഴേ
    കാത്തിരിപ്പുണ്ട് ആ നാളിനായി ഞാനും
    നിന്റെ വിരല്‍ത്തുമ്പ്‌ പിടിച്ചു ജീവന്റെ പടിയിറങ്ങുവാന്‍
    വേദനിപ്പിക്കരുത് പ്രിയമാര്‍ന്നവരെ സങ്കടപ്പെടുത്തരുത്
    എന്നെ നീ കൊണ്ട് പോകുമ്പോള്‍ മരണമേ !!!

    ഓണച്ചിന്ത

    By: mind waverings On: 4:29 AM
  • Share Post
  • ചിങ്ങമിങ്ങെത്തി മാളോരെ
    അത്തമൊരുക്കി,സദ്യയൊരുക്കി
    കോടിയുടുത്തിട്ടൂഞ്ഞാലാടി
    കൂട്ടരുമൊത്ത്‌ രസിക്കണ്ടേ
    അത്തമൊരുക്കാന്‍ പൂക്കള് വേണ്ടേ
    എന്നാല്‍ തന്നെ ഇന്നതെവിടെ
    ഉപ്പില്‍ ചായം പുരട്ടി നിരത്തിയാല്‍
    അടിപൊളി പൂക്കളം കെങ്കേമം
    പൂക്കളമിടുവാന്‍ മുറ്റമിന്നെവിടെ
    ഫ്ലാറ്റായില്ലേ വീടുകളൊക്കെ
    അതിനുള്ളിലെ ഇത്തിരി വട്ടം
    പൂക്കളിവിടെയെവിടെ നിരത്താന്‍
    സദ്യയോരുക്കാന്‍ പച്ചക്കറികള്‍
    തൊട്ടാല്‍ പൊള്ളും വിലയുണ്ടതിന്
    ഫ്രീയായി കീടനാശിനിയൊപ്പം
    ആരോഗ്യത്തിന് മാറ്റെകീടാന്‍
    ഓണക്കോടിയുടുക്കാന്‍ വേണ്ടി
    പോത്തീസ് പാര്‍ഥാസ് ഇത്യാദി
    കത്തിയുമേന്തി ചിരിച്ചു നില്‍പ്പയ്യോ
    പഴ്സിന്‍ ഭാരം താഴ്ത്താന്‍ വേണ്ടി
    ഓണാഘോഷം വീടുകളിലെന്തിന്
    സിറ്റിയിലാകെ വെടി പൊടി പൂരം
    കണ്ണഞ്ചിപ്പിക്കും നിയോണ്‍ വെട്ടവും
    വാണിഭമാന്യര്‍ തന്‍ പുതുമകളും
    ഊഞ്ഞാലാടാന്‍ മരമിന്നെവിടെ
    മരമുണ്ടെങ്കില്‍ തന്നെ നേരമിന്നെവിടെ
    ടീവിയില്‍ നിറയെ പാട്ടും കളികളും
    പിന്നെന്തിനായീ മേലനങ്ങി ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും !!!

    ചൂല്

    By: mind waverings On: 4:27 AM
  • Share Post
  • കൈവളക്കയ്യിലൊതുക്കിയ ചൂലിലെ
    ഈര്‍ക്കിലികള്‍ തങ്ങളില്‍ തങ്ങളില്‍ പിറുപിറുത്തു
    നമുക്കൊന്നായ്‌ ചേര്‍ന്നീ അങ്കണത്തിലെ
    ചപ്പുചവറുകളെ മൂലയിലെയ്ക്കൊതുക്കി
    അതിന്മേൽ തീവിളയാടുന്നത് കണ്ടാസ്വദിക്കാം
    കരിവളകൈകളുടെ ഉടമ ചിന്തിച്ചതോ
    "മനസ്സാം അങ്കണത്തിലെ
    മറക്കാനാവാത്ത നോവിക്കുന്ന ചപ്പുചവറുകളെ
    ഒന്നോന്നായൊരു മൂലയ്ക്കൊതുക്കാൻ
    ഒരു ചൂല് കിട്ടിയിരുന്നെങ്കിൽ"

    ചിന്തകള്‍

    By: mind waverings On: 4:26 AM
  • Share Post
  • എല്ലാ സന്ധ്യകളിലും ഒരു കുന്ന് ചിന്തകൾ
    കൂടഞ്ഞിടാറുണ്ട്
    രാത്രിയുടെ ഒറ്റപ്പെടലുകളിൽ
    എണ്ണിത്തിട്ടപ്പെടുത്താൻ
    കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
    ചിന്തകളിലെ നേരും നെറിയും നെറികേടുകളും
    തരാതരം വേർതിരിച്ചെടുത്തു
    പല അറകളിലായ് സൂക്ഷിച്ചു വെയ്ക്കാൻ
    സങ്കടമേകിയ ചിന്തകളെ മറക്കാനും
    സന്തോഷമേകിയവയെ മാറോട് ചേർക്കാനും
    നിയന്ത്രിക്കേണ്ടവയെ അതിനാകാതെയും
    വീണ്ടും വീണ്ടും കൂനകൂടുന്ന ചിന്തകൾ..

    ജീവിതം

    By: mind waverings On: 4:17 AM
  • Share Post
  • പുറമേ ചിരിച്ചും
    അകമേ കരഞ്ഞും
    മറ്റുള്ളവരെ ചിരിപ്പിച്ചും
    കോമാളി വേഷമാടി തിമിർക്കുന്ന ജീവിതം
    സ്നേഹത്തിൽ കോപം നിറച്ചും
    വെറുപ്പിനെ നിസ്സംഗതയിൽ പൊതിഞ്ഞും
    സങ്കടങ്ങളിൽ നിസ്സഹായരായും
    തമ്പുകൾ പോലെയീ ജീവിതം
    ഉയരങ്ങളിലേയ്ക്ക് ഊഞ്ഞാലാടണം
    ആടി എത്തുമ്പോൾ എത്തിപ്പിടിക്കാനിടം വേണം
    കയ്യൊന്നു തെറ്റിയാൽ പൊടിയുന്ന ജീവിതം
    മനസ്സെന്ന ഊഞ്ഞാലും നിലയ്ക്കാതാടണം
    വെളുത്ത മുഖങ്ങളിൽ നിറമേറിയ ചായം തേയ്ക്കണം
    വെളുത്ത മനസ്സിനെ കുരിശിൽ തറയ്ക്കണം
    കരയുന്നതും ചിരിക്കുന്നതും കാൽകാശിന് തന്നെയാകണം
    സ്വയമേവ ഒരേനേരം യുദാസും ക്രിസ്തുവുമാകണം .

    ഉദയങ്ങള്‍

    By: mind waverings On: 4:16 AM
  • Share Post
  • ഓരോ ഉദയത്തിനും ഓരോ അസ്തമയം നിശ്ചയം
    അസ്തമയമില്ലാത്തോരുദയം അസാദ്ധ്യം
    ഒരു വേള,അസ്തമയം ഇല്ലാതിരുന്നാല്‍
    വേണ്ടാ ;അസ്തമയ സൂര്യന്റെ കുങ്കുമച്ചുവപ്പും
    പിന്നെ നിലാവിന്റെ കുളിര്‍മ്മയും
    അന്ധകാരത്തിന്‍ നിശബ്ധമാം സംഗീതവും
    ഒക്കെയേയും ഞാന്‍ പ്രണയിക്കുന്നു
    അതിനാല്‍;എന്നുമെന്നും എല്ലാ ഉദയങ്ങള്‍ക്കും
    ഓരോ അസ്തമയം ഉണ്ടാകട്ടെ
    വീണ്ടും വീണ്ടും പൊന്‍പ്രഭയോലും
    ഉദയങ്ങള്‍ ഉണ്ടാകുവാന്‍

    ഇന്ന്,ഇന്നലെ,നാളെ

    By: mind waverings On: 4:06 AM
  • Share Post
  • ഇന്നിൻറെ വഴിത്താരകളിൽ,
    ഇന്നലെയുടെ സ്പന്ദനം.
    ഇന്നിലെ ഇന്നിൽ ലയിക്കാൻ,
    ഇനി എന്താണ് മാർഗ്ഗം.
    ഇന്നലയിലേയ്ക്കെത്തി നോക്കാതെ,
    ഇന്നലെയെ പാടേ മറന്ന്,
    ഇന്നലെയുടെ ചരമഗീതം ശ്രവിക്കാതെ,
    ഇനിയെന്നുണ്ട് മോക്ഷം.
    നാളെയെന്ന കിനാവിനെ,
    നാളുകളായുള്ളിലേറ്റുന്നുവെന്നതും,
    നാളെ വന്നെത്തുന്നതെന്നാവും,
    ഇന്നിൻറെയും ഇന്നലെയുടെയും മൃത്യുവിനോപ്പമാകുമോ?

    രാവിന്റെ വ്യസനങ്ങള്‍

    By: mind waverings On: 4:04 AM
  • Share Post
  • തീക്ഷ്ണമായെരിഞ്ഞ പകലോനെ വേര്‍പെട്ട്‌,
    നനുത്ത തണുവാര്‍ന്ന പ്രണയം നിറയ്ക്കുന്ന;
    ചന്ദ്രന്റെ സ്നേഹം മുകരുമ്പോള്‍,
    വ്യസനങ്ങള്‍ എന്താകാം രാവിന്‍ മനസ്സില്‍ ....
    പകലുദിക്കുമ്പോള്‍ വീണ്ടും പ്രണയം
    കൈ മാറേണ്ടി വരുമെന്നതാവുമോ?
    പകലോന്റെ പ്രണയചൂടില്‍ നിന്നകന്ന് ,
    ഉടുരാജന്റെ തണുവോലും പ്രേമം നുകരാനുള്ള വെമ്പലോ..
    രാവിന്‍ നിലാവത്ത് തളിര്‍ക്കുന്ന സ്വപ്നങ്ങളെ,
    പകലിന്റെ താപം തളര്‍ത്തുമെന്നതാവുമോ.
    കലേശന്‍ തന്നുടെ ചാരത്തമരുമ്പോഴും..
    മനസ്സില്‍ നിറയെ രവിതന്‍ ഓര്‍മ്മകളെന്നതോ.
    തിങ്കള്‍ തന്‍ പുഞ്ചിരി കണ്ടു വിടരുന്ന,
    ആമ്പല്‍ പെണ്ണിന്‍ വിടര്‍ന്ന മുഖതിങ്കള്‍,
    പകലോന്റെ ക്രോധം കണ്ടു വാടുമെന്ന
    ആധിയാലുള്ള വ്യസനമാകുമോ..
    നക്ഷത്രകുഞ്ഞുങ്ങള്‍ തന്‍ മൂകമാം പുഞ്ചിരി ,
    കിളികൂജന ബഹളങ്ങള്‍ക്ക് വഴിമാറുമെന്നതോ.
    ഏതായാലുമുണ്ടേതോ വ്യസനം,
    കണ്ണീര്‍ തുള്ളികളല്ലേ പ്രഭാത മഞ്ഞുതുള്ളികള്‍ !!!!!!

    Tuesday, May 13, 2014

    മോഹസഞ്ചാരം

    By: mind waverings On: 10:51 PM
  • Share Post
  • ആശയാകുന്ന വഞ്ചിയിൽ 
    ഓർമ്മകളെ തുഴകളാക്കി 
    നമുക്കൊന്നിച്ചാ മോഹദ്വീപിലെത്താം.
    അവിടെ സ്വപ്നമാകും പൂങ്കാവനത്തിലെ 
    സ്നേഹപ്പൂക്കളോട് സല്ലപിച്ചും 
    നൊമ്പരപൂക്കളെ തലോടി മയക്കിയും 
    നമുക്കന്യോന്യം കണ്ണോടു കണ്ണുടക്കി
    നിശബ്ദതയുടെ ശൂന്യതാ ബഹളമാസ്വദിച്ചിരിക്കാം,
    നമ്മിലോരാൾ മറ്റൊരാളുടെ കണ്ണുകളിലെ
    സ്നേഹക്കയങ്ങളിൽ മുങ്ങി ജീവൻ വെടിയും വരെ.!

    Friday, August 2, 2013

    എന്റെ നിശബ്ദത

    By: mind waverings On: 8:35 AM
  • Share Post