Wednesday, January 30, 2013

By: mind waverings On: 10:33 AM
 • Share Post
 • നിഗൂഡമായ മനസ്സിന്റെ യാത്രകള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു.പിടിവള്ളിയില്ലാതെ വരുമ്പോള്‍ കിട്ടുന്നൊരു കച്ചിത്തുരുമ്പില്‍ പിടിച്ചു കയറാനുള്ള വ്യാമോഹം.......

  പിടിവള്ളിയുടെ ബലത്തെ കുറിച്ച് ഓര്‍ക്കാതെ അതിനെ മാത്രം വിശ്വസിച്ചു കയറാനുള്ള ശ്രമം .........

  ആ കച്ചിത്തുരുമ്പ് വെറും മിഥ്യയാണെന്ന് മനസ്സ് ബോധ്യപ്പെടുത്തുമ്പോഴേക്കും നാം അതിനെ പ്രണയിച്ചു തുടങ്ങിയിട്ടുണ്ടാവും............

  ഒടുവില്‍ പിടിയറ്റ് അഗാധതയിലേയ്ക്ക് പതിക്കുമ്പോള്‍ പോലും മനസ്സില്‍ അതിനോടുള്ള പ്രണയം ഏറുകയേയുള്ളൂ.പറിച്ചെറിയാന്‍ മോഹിച്ചാലും കഴിയാത്തൊരവസ്താന്തരം.........

  അഗാധതയില്‍ മുങ്ങാംകുഴി ഇടുമ്പോഴും ബലമറ്റതെങ്കിലും ആ പിടിവള്ളി വീണ്ടും ആഗ്രഹിച്ചു പോകില്ലേ...?

  ഇത്തിള്‍കണ്ണി പോലെ മനസ്സില്‍ വേരോടിയ ബന്ധങ്ങള്‍ക്ക് വേര്‍പിരിയാനാകുമോ...?

  ജന്മാന്തരങ്ങളുടെ പ്രണയം നുകര്‍ന്നവര്‍ക്ക് തടസ്സങ്ങളെ വകഞ്ഞു മാറ്റി വരും ജന്മങ്ങളിലും പ്രണയിക്കാതിരിക്കാന്‍ ആകുമോ?

  ആത്മാര്‍ത്ഥ പ്രണയത്തിന്റെ മാന്ത്രികതയും വശ്യതയും വേറൊന്നിന് മാത്രമേ നല്‍കാനാകൂ മരണത്തിനു മാത്രം.....................!!
  By: mind waverings On: 10:31 AM
 • Share Post
 • ഇടുങ്ങിയ വഴികളിലൂടെ,
  തനിച്ചുള്ള യാത്ര.

  പൂക്കളെന്നോര്‍ത്ത് തഴുകിയത്,
  കൂര്‍ത്ത മുള്ളുകളെ.

  പൂക്കള്‍ അകന്നു നിന്നെന്നെ
  കളിയാക്കിച്ചിരിച്ചു.

  മുള്ളേറ്റ മുറിവില്‍ പൊടിഞ്ഞ നിണം,
  ദൈന്യമായ് എന്നെ നോക്കി കരഞ്ഞു.

  പശ്ചാത്താപപ്രായശ്ചിത്തമെന്നപോല്‍,
  നടന്നകന്നു മൃത്യു തന്‍ കരങ്ങളിലേയ്ക്ക് .

  മയില്‍‌പീലി

  By: mind waverings On: 10:29 AM
 • Share Post

 • അലമാരയിലിരിക്കുന്ന പഴയ പുസ്തകങ്ങള്‍ പൊടി തട്ടി വെയ്ക്കണമെന്ന് തലേ ദിവസം ഉറങ്ങാന്‍ കിടന്നപ്പോഴേ രശ്മി മനസ്സില്‍ കുറിച്ചിട്ടതായിരുന്നു.എത്രനാളായി വീടൊക്കെ ഒന്ന് നല്ല രീതിയില്‍ വൃത്തിയാക്കിയിട്ട്‌.രാവിലെ മോഹനെയും കുട്ടികളെയും യാത്രയാക്കിയാലുള്ള ശൂന്യത,ഉറങ്ങി തീര്‍ക്കുന്നത് കാരണം ജോലികള്‍ പലതും പെന്റിംഗ് ആയിരിക്കുന്നു.മോഹന്റെ കറുത്ത മുഖം കണ്ടില്ലെന്ന് വെയ്ക്കുകയാണ് പതിവ് .

  രണ്ടും കല്‍പ്പിച്ച് പുസ്തകങ്ങള്‍ ഒന്നൊന്നായി പെറുക്കി മേശമേല്‍ വെച്ചു .വായന അത്ര ഇഷ്ടമുള്ള ശീലങ്ങളില്‍ ഒന്നല്ലാത്തത് കൊണ്ട് പുസ്തകങ്ങളുടെ പേരുകള്‍ ശ്രദ്ധിച്ചു നേരം കളയേണ്ടി വന്നില്ല.

  മോഹന്റെ അമ്മയുടേതായിരുന്നു ആ പുസ്തകശേഖരം.അദ്ദേഹത്തിന്റെ വിലപ്പെട്ട നിധി എന്ന് തന്നെ വേണമെങ്കില്‍ പറയാം.വായനയുടെ കാര്യത്തില്‍ മോഹനും തനിയ്ക്കൊപ്പം തന്നെയെങ്കിലും,അകാലത്തില്‍ വിട്ടകന്ന അമ്മയുടെ സ്നേഹം ആവോളം നുകരുന്നത് ആ പുസ്തകശേഖരത്തിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.മനസ് സംഘര്‍ഷഭരിതമാകുമ്പോള്‍ ഏറെ നേരം അതിന്റെ മുന്നില്‍ ചിലവഴിക്കുന്നത് പതിവായിരുന്നു.

  അറിയപ്പെടുന്ന ഒരെഴുത്തുകാരിയായിരുന്നു മോഹന്റെ അമ്മ.സാധ്വിയായ ഒരു സ്ത്രീ.താന്‍ കണ്ടിട്ടില്ലെങ്കിലും ചുറ്റുപാടുമുള്ളവര്‍ വരച്ചിട്ടൊരു ചിത്രം അവളുടെ മനസ്സില്‍ വേരോടിയിരുന്നു.

  മോഹന്റെ ചെറുപ്രായത്തിലേ അച്ഛന്‍ മരിച്ചു പോയിരുന്നു.വീണ്ടുമൊരു വിവാഹത്തിന് മുതിരാതെ മകന് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു അവരുടേത് .

  പുസ്തകകൂനയില്‍ നിന്ന് പെട്ടെന്നാണ് കൈ തട്ടി ഒരു ചുവന്ന ഡയറി തറയിലേയ്ക്ക് തെറിച്ചു വീണത്‌.കയറി നിന്നിരുന്ന കസേരയില്‍ നിന്ന് താഴെ ഇറങ്ങി പുസ്തകം എടുക്കുമ്പോള്‍ കണ്ടു അതില്‍ നിന്ന് തെറിച്ചു വീണ രണ്ടു മയില്‍ പീലികള്‍ !!!

  ആകാംക്ഷയോടെ അവളാ മയില്‍പീലിയും ഡയറിയും കയ്യിലെടുത്തു.കയ്യിലിരുന്ന തുണി കൊണ്ട് പൊടി തുടച്ചു പുസ്തകം നിവര്‍ത്തി.വൃത്തിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ ആദ്യ താളില്‍ തന്നെ കോറി ഇട്ടിരിക്കുന്നത് കണ്ടു "എന്റെ കണ്ണന് ".

  രശ്മിയുടെ മനസ്സിലെ അമ്മയുടെ ചിത്രത്തിന് മങ്ങലേല്‍ക്കുന്നതായി തോന്നാതിരുന്നില്ല.താളുകള്‍ ഒന്നൊന്നായി മറിക്കവേ,തന്റെ കാമുകനായ അജ്ഞാതനെ കണ്ണനെന്ന സംബോധനയിലുള്ള സംഭാഷണങ്ങളും കവിതകളും കൊണ്ട് നിറഞ്ഞിരിക്കുന്നതവള്‍ക്ക് കാണാന്‍ കഴിഞ്ഞു.

  ഒരു സ്ത്രീക്ക് ഒരു പുരുഷനെ ഇത്രമേല്‍ സ്നേഹിക്കാനാകുമോ ?ഓരോ താളുകള്‍ മറിയുന്നതിനൊപ്പം ഒരു പ്രണയ വസന്തം തന്റെ മുന്നില്‍ വിടരുന്നത് രശ്മി അറിയുന്നുണ്ടായിരുന്നു.

  അഞ്ച് വര്‍ഷം പ്രണയിച്ചു വിവാഹിതരായവരായിരുന്നു അവളും മോഹനും.അനാഥനായ മോഹനെ മരുമകന്‍ ആക്കാനുള്ള അച്ഛന്റെ ദുരഭിമാനത്തെയും അമ്മയുടെ കണ്ണുനീരിനെയും പിന്തള്ളി അവനൊപ്പം പുറപ്പെട്ടത്തില്‍ ഒരിക്കലും അവള്‍ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.പക്ഷെ തങ്ങളുടെ പ്രണയത്തേക്കാള്‍ നൂറു മടങ്ങ്‌ ശക്തി അവള്‍ക്ക് ആ പുസ്തക താളുകളില്‍ കാണാനായി.

  ആരാകും അമ്മയുടെ കണ്ണന്‍ ?ഭര്‍ത്താവ് മരിച്ച ശേഷം ആരോരുമറിയാതെയുള്ള ബന്ധമാകുമോ?മോഹന്‍ ഇതറിയുമ്പോള്‍ അമ്മയോടുള്ള മനോഭാവം എന്താകുമോ ..പല പല സംശയങ്ങളില്‍ അവള്‍ കുഴങ്ങി .ഏതായാലും ആ പുസ്തകം തീര്‍ത്തു വായിക്കാന്‍ തന്നെ അവള്‍ നിശ്ചയിച്ചു.

  ഓരോ താളുകളിലും ഒരാത്മാര്‍ത്ഥ പ്രണയിനിയെ കാണാന്‍ കഴിഞ്ഞു അവള്‍ക്കു.കണ്ണനോടുള്ള പ്രണയ സല്ലാപങ്ങളും പരിഭവങ്ങളും ഒക്കെ ചേര്‍ന്ന് മനസ്സിനെ ഏതോ അജ്ഞാതമായ താഴ്വരകളിലെയ്ക്ക് ആനയിക്കുന്ന തരത്തില്‍ ആയിരുന്നു അതിലെ ഓരോ വാചകങ്ങളും.

  ഒടുവിലത്തെ താള്‍ എത്തിയത് അവള്‍ അറിഞ്ഞില്ല .അതിലെ അവസാന വരികള്‍ അവളെ തീര്‍ത്തും ഞെട്ടിച്ചു "ഇതെന്റെ മനസ്സിലെ അരൂപിയായ കണ്ണന് വേണ്ടി എന്നെന്നും നിന്റെ മീരയായ ഞാന്‍ സമര്‍പ്പിക്കുന്നു".

  രശ്മിയുടെ മനസ്സിലെ വിഗ്രഹത്തിന് തെളിച്ചമേറിയത് പോലെ !!!!!!

  (ശുഭം)

  Tuesday, January 1, 2013

  By: mind waverings On: 6:31 AM
 • Share Post


 • വേണം എനിക്കൊരു കീറാത്ത,
  നേര്‍ത്തതല്ലാത്ത കറുത്ത മുഖംമൂടി.
  വിങ്ങലുകളെ ഭംഗിയായി ഒളിപ്പിക്കുവാന്‍;
  സങ്കടങ്ങളെ ഗോപ്യമാക്കുവാന്‍.

  വേണം എനിക്കൊരു ചുവന്ന,
  നേര്‍ത്ത പട്ടു തൂവാല.
  കണ്ണീരിനൊപ്പം സ്വപ്നങ്ങളെയും തുടച്ചു മാറ്റുവാന്‍;
  സങ്കടചുവപ്പ് രാശിയെ തൊട്ടെടുക്കുവാന്‍.

  വേണം എനിക്കൊരു ചെറുകൈത്തോക്ക്,
  കയ്യില്‍ ഒതുക്കാവുന്ന ശബ്ദമില്ലാതുള്ളത്.
  സ്ത്രീകളുടെ ചാരിത്ര്യത്തിനു വില പറയുന്നവനെ;
  ആരുമറിയാതെ ചുട്ടു കരിക്കുവാന്‍.

  വേണം എനിക്കൊരു വെണ്ണക്കല്‍ പാകിയ,
  ചില്ല് ഭിത്തികളോട് കൂടിയ ഒരു ചെറുമാളിക.
  എന്റെ അഹങ്കാരങ്ങള്‍ക്ക്‌ നേരെയുള്ള കല്ലുകളെ;
  ചില്‍ ചീളുകളായി കൈനീട്ടി വാങ്ങുവാന്‍.