Wednesday, May 29, 2013

അശ്രുകണങ്ങളേ

By: mind waverings On: 10:19 PM
  • Share Post
  • സന്തോഷസന്താപങ്ങള്‍ക്കും,
    നഷ്ടസ്വപ്ന മോഹഭംഗങ്ങള്‍ക്കും,
    വിരഹ ദുഃഖ ,കൂട്ടുചേരലുകള്‍ക്കും,
    സ്വന്തമെന്ന് പറയാനുള്ളത്.

    സന്തോഷത്തിന്‍ ലഹരിയില്‍;
    തുളുമ്പുന്നു മനസ്സറിയാതെ.
    സന്താപതള്ളിച്ചയില്‍,
    ഉറവ പോല്‍ ഒഴുകുന്നു നാമറിയാതെ.

    നഷ്ട സ്വപ്ന വേദനയിലും;
    മോഹഭംഗ വിഷാദത്തിലും,
    ഗോപ്യമായ് മനസ്സില്‍ നിന്ന് ,
    ചിതറുന്നുണ്ട് പലപ്പോഴും.

    പ്രിയജനവിരഹ വേളയില്‍,
    കരളു പിടയുന്നോരാ നൊമ്പരത്തിനും,
    കൂട്ടായ്‌ വേര്‍പിരിയാതെ ഒപ്പം
    എന്നുമുണ്ടാകും നിത്യം.

    ഹേ,പാവം അശ്രുകണങ്ങളേ,
    നിങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ !!!!!!!!
    പാവം മാനവ ഹൃദയം,വികാരനിറവാല്‍,
    ലാവയായ്‌ ഉരുകി ഒലിച്ചേനെ.
    By: mind waverings On: 10:18 PM
  • Share Post
  • ചന്നം പിന്നം പൊഴിയും മഴയിലൂടെ ,
    മുന്നോട്ടു പായുന്ന ബസ്സെന്ന ശകടം.
    മുന്‍നിരയിലെ സീറ്റിലൊന്നില്‍,
    രണ്ടു വനിതാരത്നങ്ങള്‍ക്ക് നടുവിലായ് ഞാനും.

    പുറമേ ആഹാ കാഴ്ചകള്‍ മനോഹരം,
    പച്ചപ്പാല്‍ നിറഞ്ഞ വഴിയോരദൃശ്യം.
    മാവും പ്ലാവും നെല്ലിയും തെങ്ങും,
    കൊന്നയും കവുങ്ങുമൊക്കെ ശുഷ്ക്ക ദൃശ്യം.

    ഉണ്ടുണ്ട് വഴി നീളെ റബ്ബറിന്‍ മരങ്ങള്‍,
    മതിയല്ലോ കാശ് കിലുക്കാന്‍ വേറൊന്നെന്തിന്‌.
    കാര്‍ഷികവിളയില്‍ പ്രധാനി ഇവനെത്രേ,
    വില്‍ക്കുമ്പോള്‍ കയ്യില്‍ കിട്ടുന്ന വിലയിലും മിടുക്കന്‍.

    കണ്ണൊന്ന് ചിമ്മി അടഞ്ഞു പോയ നേരത്ത് ,
    ശകടമൊന്നു ചാടി തുള്ളിക്കളിച്ചു.
    എല്ലും മാംസവും വേര്‍പെട്ട് പോയപോല്‍,
    തോന്നീ പെട്ടെന്ന് നല്ലൊരു വേദന.

    അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ പോകാതെ പോലും,
    ആസ്വദിക്കാം നമുക്കിന്ന് ബമ്പര്‍ റൈടുകള്‍.
    ഹാ ഹാ എന്തെന്തു സുഖമാണിതൊക്കെ,
    എന്നാലും ആവശ്യക്കാരന് ഔചിത്യമുണ്ടാകുമോ?

    തുമ്പീ;

    By: mind waverings On: 10:16 PM
  • Share Post
  • തുമ്പീ;
    എനിക്കറിയില്ലാ,
    എവിടെ നിന്നാണ് നീ വന്നതെന്നും,
    എവിടേയ്ക്കാണ് പറക്കുന്നതെന്നും.

    ഒന്ന് മാത്രമറിയാം;
    നീ അണഞ്ഞത് മൃതമായ മോഹങ്ങളെ ഉണര്‍ത്തുവാനും,
    പോകുന്നത് ആ മോഹങ്ങളെ ഹനിച്ച്‌ കൊണ്ടുമാണെന്ന്.

    തടയില്ല;
    നീ പറന്നോളൂ,എത്താവുന്ന ഉയരത്തോളം,
    കണ്ടു ഞാനിരുന്നുകൊള്ളാം നിശബ്ദയായ്.

    അറിയാം;
    എനിക്ക് നിന്നെ തടുക്കുവാനും,
    ബലമായ്‌ കല്ലെടുപ്പിക്കുവാനും കഴിയില്ലെന്ന്.

    കാത്തിരിക്കാം;
    വെറുതെയാണെന്നറിയാമെങ്കിലും,
    എന്നോ മടങ്ങിവരവ് ഉണ്ടാകുമെന്ന് നിനച്ച്.

    ഓര്‍മ്മകള്‍;
    എന്നെന്നുമുണ്ടാകും,
    ആയുസ്സ് എണ്ണം തികക്കും വരെ!!!

    മകളേ,മാപ്പേകുക നീ

    By: mind waverings On: 10:15 PM
  • Share Post
  • മകളേ ;മാപ്പേകുക നീ,
    കാട്ടാളന്മാർ പിച്ചി ചീന്തിയ,
    നിന്റെ നിഷ്കളങ്കതയെ,
    സംരക്ഷിക്കാൻ ആകാതിരുന്നതിന്.

    വെട്ടി അരിയുക നീ തന്നെ;
    ആ കൈകളെ.
    നിന്നിലെ മൊട്ടായ സ്ത്രീത്വത്തെ,
    തല്ലി ക്കൊഴിച്ചതിന്.

    കുത്തിക്കീറുക ആ കണ്ണുകളെ,
    വർണ്ണങ്ങൾ കണ്ട് രസിച്ച,
    കുപ്പിവളകളെ സ്നേഹിച്ച ബാല്യത്തിലേയ്ക്ക്,
    കാമകണ്ണ് തുറിച്ചവരെ.

    മറക്കാനാകുമോ നിനക്കെന്നെങ്കിലും,
    നിന്നിലെയ്ക്ക് പുരുഷത്വത്തിന്റെ,
    നാറുന്ന ഖഡ്ഗം ആഴ്ത്തിയവരെ,
    ബാല്യകൌമാരങ്ങളെ തീച്ചൂളയിൽ കരിച്ചവരെ ?

    ഭാവന

    By: mind waverings On: 10:11 PM
  • Share Post
  • ചെറുപ്പം മുതൽ ഭാവനയുടെ ലോകത്തായിരുന്നു അവള്‍ ..അവളുടെ മനസ്സില്‍ വിടരുന്ന ഓരോ പരിഭവങ്ങള്‍ക്കും സമസ്യകള്‍ക്കും ഭാവനയിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു അവളെന്നും.കുറച്ചു മുതിര്‍ന്നപ്പോള്‍ അവളെ ഒറ്റയ്ക്ക് ഒരു മുറിയിലേയ്ക്ക് അച്ഛനും അമ്മയും മാറ്റിയപ്പോള്‍ ഒറ്റപ്പെടലിന്റെ വേദന മറികടന്നതും ഭാവനയിലൂടെ തന്നെയായിരുന്നു.തനിക്കു ചുറ്റും കൂട്ടി വെച്ച തലയിണകളിൽ വലുതൊന്ന് ഭാവനയിൽ അവളുടെ ഭർത്തായി.താന്‍ കണ്ട സുന്ദര പുരുഷന്മാരിൽ പലരുടെയും മുഖം അവൾ അതിൽ സങ്കല്പ്പിച്ചു,അതിനോട് പിണങ്ങി,ഇണങ്ങി,പരിഭവം പറഞ്ഞു ,അന്നന്നത്തെ വിശേഷങ്ങൾ പങ്കുവെച്ചു.

    അവൾ വളർന്നു,തലയിണയ്ക്ക് , ഉടലും,രൂപവും,വാക്കുകളും ഉണ്ടായി.പക്ഷെ അവളുടെ ഭാവനകള്‍ക്ക് മാത്രം മാറ്റമുണ്ടായില്ല.അടുത്തുകിടന്ന ഭര്‍ത്താവില്‍ അവള്‍ പഴയത് പോലെ പല മുഖങ്ങള്‍ ഭാവനയില്‍ ഏറ്റിയപ്പോൾ,അതിന്റെ പ്രത്യാഘാതം അനുഭവിച്ചപ്പോൾ മാത്രമാണ് ഭാവനയും യാഥാര്‍ത്യവും തമ്മിലുള്ള വേര്‍തിരിവ് അവള്‍ക്കു പൂര്‍ണ്ണമായും മനസ്സിലായത്‌....പക്ഷെ അപ്പോഴേക്ക് അവളുടെ ജീവിതം ഭാവനയില്‍ ലയിച്ചു ചേര്‍ന്നിരുന്നു ....
    By: mind waverings On: 10:07 PM
  • Share Post

  • പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച്,
    മുലപ്പാലിലൂടെ സ്നേഹത്തിന്നമൃതൂട്ടി 
    കനവിലും നിനവിലും നെഞ്ചോടടുക്കി
    മക്കളെ ആ അമ്മ ....

    കൈ വളരുന്നോ കാല്‍ വളരുന്നോ
    എന്നുണ്ണി എന്നെക്കാള്‍ മികച്ചവനാകേണം
    അതിന്നവനാകാശത്തെ അമ്പിളി അമ്മാവനെ
    വരെ കൊണ്ട് തരാമെന്നച്ചന്‍.....

    ഉണ്ണി വളര്‍ന്നു:അച്ഛന്‍ കൊതിച്ചത് പോല്‍
    കൂടുവിട്ടകന്നൂ മാതാവില്‍ നിന്നും പിതാവില്‍ നിന്നും
    അവനവനായി ലോകം കെട്ടിപ്പടുത്തിയപ്പോള്‍
    അച്ഛനുമമ്മയും അവനന്യര്‍.........

    ഞാനുമോരമ്മ,എനിക്കുമുണ്ട് കിളിക്കുഞ്ഞുങ്ങള്‍
    അവരെന്റെ ജീവന്റെ പ്രാണവായു 
    അവരാനിന്നെന്റെ ലോകവും സര്‍വസ്വവും

    നാളെ ഞാനും കാണേണ്ടി വരുമോ.....എന്‍ കിളിക്കുഞ്ഞുങ്ങള്‍ എന്നെ തനിച്ചാക്കി ദൂരേക്ക്‌ പറക്കുന്നത്?

    Sunday, May 26, 2013

    പ്രിയ കവിതേ ..!!!

    By: mind waverings On: 9:00 AM
  • Share Post
  • പെരുമഴയിൽ കൈക്കുടന്നയിലേയ്ക്ക്,
    ഇറ്റു വീണൊരു ചെറുമഴത്തുള്ളി.
    മഴയൊഴിഞ്ഞ മാനത്ത് വിരിഞ്ഞ,
    ഏഴ് വർണ്ണമോലും വാർമഴവില്ല്.

    ജീവിതനൈരാശ്യതയിൽ,
    പ്രതീക്ഷയായ് തെളിയുന്നൊരു നാളം.
    രാവിലൊരു പ്രിയസ്വപ്നമായ്,
    മനതാരിൽ വിടരുന്നൊരു മലര്.

    ഏകാന്തതയിൽ തോളോട് ചേർന്നിരുന്ന്,
    കിന്നാരം പറയുന്നൊരു സൗഹൃദം.
    വേദനയിൽ സ്നേഹമാം ചുണ്ടമർത്തി,
    സുഖമേകുന്നൊരു തോഴി.

    പുലരിയിലൊരു സുന്ദരഗാനമായ്,
    ചുണ്ട് മൂളുന്നൊരീണം.
    മെല്ലെ വീശുന്ന മാരുതനിലും,
    ഒഴുകിയെത്തുന്ന സൗരഭം.

    കണികണ്ടാൽ ആ ദിനം മുഴുവൻ,
    സന്തോഷത്താൽ നിറയുന്നൊരു സൗഭഗം.
    കാണാതിരുന്നാൽ അകമേ,
    നൊമ്പരമായ് വിങ്ങുന്നൊരു ശോകം.

    കിളികൂജനങ്ങളിൽ പോലും,
    ചിത്തം തേടുന്നിത് നിത്യം.
    കാണാൻ കൊതിച്ചാൽ പിന്നെ,
    ഉള്ളം പിടയുന്നു സത്യം.

    ചിരിയിൽ എനിക്കെന്തിഷ്ട്ടം,
    ആ ചിലങ്കകിലുക്കം.
    കണ്ണുനീരിലാണെങ്കിൽ പോലും,
    ചുണ്ടിൽ വിടർത്തുന്നു പുഞ്ചിരി.

    കാതിൽ ചൊല്ലും മൊഴികൾ പോലും,
    രോമാഞ്ചമെന്നിൽ ഉണർത്തുന്നു മെല്ലെ.
    എത്രയേറെ പ്രിയതരമെന്നിനിയും പറയാം,
    അത്രമേലിഷ്ട്മാണെനിക്ക് നിന്നോടെന്റെ പ്രിയ കവിതേ