Tuesday, May 29, 2012

നിയ്യത്ത്(അവസാന ഭാഗം)

By: mind waverings On: 12:26 PM
 • Share Post

 • പിതാവിന്റെ വേര്‍പാട് സൗജയെ തീര്‍ത്തും അനാഥയാക്കി.ഉമ്മ ചെറുപ്പത്തിലെ മരിച്ചു പോയിരുന്നത് കൊണ്ട് ആ ഒരത്താണിയും അവള്‍ക്കു നഷ്ട്ടപ്പെട്ടിരുന്നു.പിന്നെയുണ്ടായിരുന്നത് രണ്ടു ആങ്ങളമാര്‍.

  മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് അക്ബറിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വാപ്പയുടെ സുഹൃത്ത് വെളിപ്പെടുത്തിയത്."അദ്ദേഹത്തിന് ദുബായില്‍ വേറൊരു കുടുംബം ഉണ്ടെത്രെ,അതില്‍ ഒരു കുട്ടിയും"!!!

  താന്‍ ചതിക്കപ്പെട്ടു എന്നറിഞ്ഞ സൗജ തകര്‍ന്നു പോയി."അതെ അക്ബര്‍ മനപ്പൂര്‍വം തന്നെയും കുടുംബത്തെയും ചതിച്ചതായിരുന്നു.സാമ്പത്തിക ഭദ്രതയില്ലാതിരുന്ന അക്ബര്‍ തന്നെ വെറും ഒരു ഏണി ആയായിരുന്നോ കരുതിയിരുന്നത്."?

  കോളേജ് പഠന കാലത്തെ സഹപാടി കാമുകിയായപ്പോള്‍,സ്വന്തമാക്കാന്‍ വേണ്ടി ;സാമ്പത്തികനില ഭദ്രമാക്കെണ്ടിയിരുന്നല്ലോ?എല്ലാം താന്‍ മുഖേനെ നേടിയെടുത്തപ്പോള്‍,അയാള്‍ തന്റെ കാമുകിക്ക് ജീവിതം നല്‍കി.താനോ വെറുമൊരു ഉപഭോഗവസ്തു.കാര്യം നേടി കഴിഞ്ഞു ദൂരെ വലിച്ചെറിയുന്ന കരിവേപ്പിലക്ക് സമം..!!!!!

  വാപ്പയില്ലാത്ത ലോകത്ത് അവള്‍ സ്വയം തീര്‍ത്ത ഒരു തുരുത്തിലേക്ക് ഉള്‍വലിഞ്ഞു."ഒരു സ്ത്രീക്ക് അന്തസ്സും,സുരക്ഷിതത്വവും,സന്തോഷവും ഉണ്ടാവണമെങ്കില്‍ പിതാവ്,അല്ലെങ്കില്‍ സ്നേഹവാനായ ഭര്‍ത്താവ്,അതുമല്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മകന്‍ വേണം.ഇത് മൂന്നും ഇല്ലാത്തവള്‍ യത്തീം തന്നെ,തീര്‍ത്തും".

  പിന്നെ തുടര്‍ന്നുള്ള ജീവിതം യാന്ത്രികമായിരുന്നു എന്ന് പറയാം.അവളുടെയും കുട്ടികളുടെയും സംരക്ഷണ ബാധ്യതയാകുമെന്ന് കരുതിയാകണം ആങ്ങളമാര്‍ അവരെ ഒറ്റക്കാക്കി വേറെ വീടുകളില്‍ താമസമാക്കി.നിത്യ ചിലവുകള്‍ക്ക് വരെ ബുദ്ധിമുട്ടിയ നാളുകള്‍.

  "താന്‍ ഉയര്‍ത്തെഴുന്നേറ്റെ മതിയാകൂ,തന്നെ അരുമ മക്കള്‍ക്ക്‌ വേണ്ടി."ഈ മന്ത്രം അവളെ ഉത്തേജിപ്പിച്ചു.ചെറുപ്പത്തില്‍ തയ്യല്‍ പഠിച്ചിരുന്നത് ഉപകാരമായി.അടുത്തുള്ളവര്‍ക്കൊക്കെ തയ്ച്ചു നല്‍കി കിട്ടിയ ചെറിയ തുകകള്‍ അവള്‍ക്കു വലിയ ആശ്വാസം നല്‍കി.

  ഒപ്പം അടുത്തുള്ള കുട്ടികള്‍ക്കായി തയ്യല്‍ ക്ലാസ്സും തുടങ്ങി.പോകെ പോകെ തരക്കേടില്ലാത്ത ഒരു തയ്യല്‍ യൂണിറ്റായി അതിനെ വളര്‍ത്തി എടുക്കാന്‍ സൌജക്ക് കഴിഞ്ഞു.

  മക്കളെ ആരുടേയും മുന്നില്‍ തല കുനിക്കാതെ അന്തസ്സായി മിടുക്കരാക്കി വളര്‍ത്തി എടുത്തു.ഇതിനിടയില്‍ ഒരിക്കല്‍ പോലും അക്ബര്‍ അവളെയോ മക്കളെയോ അന്വേഷിച്ചു പോലുമില്ല."വേണ്ടല്ലോ,അതിന്റെ ആവശ്യം ഇല്ലല്ലോ"

  സീനുമോള്‍ വിളിക്കുന്നത്‌ പോലെ തോന്നിയപ്പോഴാണ് സൌജ വര്‍ത്തമാനത്തിലേക്ക് തിരികെ മടങ്ങി എത്തിയത്.മോള്‍ നന്നേ ക്ഷീണിച്ചിരിക്കുന്നു.തന്റെ അവസ്ഥ കണ്ടുള്ള സങ്കടം ആവാം കാരണം.

  വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് വിദേശത്ത് ആണവള്‍.അവളെ ജീവന് തുല്യം സ്നേഹിക്കുന്നു അവളുടെ മുനീര്‍.ഉമ്മയുടെ ദൌര്‍ഭാഗ്യങ്ങള്‍ മക്കളെ പിന്തുടരാതിരുന്നെങ്കില്‍.....!!!!

  ഈ  അവസരത്തില്‍ താന്‍ എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്‌.?അക്ബറിനെ കാണാന്‍ ആഗ്രഹിച്ചതെന്തിന്?വേണ്ടാ,തന്നെ ആവശ്യമില്ലാത്തവരെ തനിക്കും വേണ്ട.
  തന്റെ ജീവിതത്തിലെ നിയ്യത്ത് ഈ പോന്നുമക്കളെ അന്തസ്സോടെ വളര്‍ത്തിയെടുക്കുക എന്നത് മാത്രമായിരുന്നു.അത് താന്‍ നൂറു ശതമാനം ആത്മാര്‍ഥതയോടെ നിര്‍വഹിച്ചു.അവരുടെ ഉയര്‍ച്ചകളില്‍ സ്നേഹ സാന്നിധ്യമായി മാറാന്‍ പടച്ചോന്‍ തൌഫീക്ക് തന്നൂ.

  "ആ ഒരു ശക്തി കൂട്ടിന് ഉള്ളപ്പോള്‍ ഈ ഭൂലോകത്ത് ആരാണ് യത്തീം?"

  നിയ്യത്ത് (3)

  By: mind waverings On: 12:24 PM
 • Share Post

 • സൗജ തന്റെ അക്ബറിക്കയെ ദുബായിലേക്ക് നിറകണ്ണുകളോടെ യാത്രയാക്കി;അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഉത്കണ്ടയോടെ കാത്തിരുന്നു.അക്ബര്‍ അവിടെ ജോലിക്ക് ചേര്‍ന്നതും മറ്റു വിവരങ്ങളും അറിഞ്ഞു അവള്‍ സന്തോഷിച്ചു.

  സംസാരത്തില്‍ എന്നത് പോലെ കത്തെഴുത്തിലും അക്ബര്‍ പിശുക്കനായിരുന്നു.പക്ഷെ ആ പ്രകൃതം അവള്‍ക്കു പരിചിതമായിരുന്നത് കൊണ്ട് പരാതിയുണ്ടായിരുന്നില്ല.മാസങ്ങള്‍ കൂടുമ്പോള്‍ വരുന്ന കത്തുകളില്‍ അവള്‍ ആശ്വാസം കണ്ടെത്തി.

  മറുപടി കാക്കാതെ ആഴ്ചയില്‍ ഒരിക്കല്‍ എന്ന വണ്ണം അവള്‍ ഭര്‍ത്താവിനു കത്തെഴുതി.അവളുടെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍,സീനു മോളുടെ വിശേഷങ്ങള്‍,വയറ്റില്‍ ഉള്ള കുഞ്ഞു അനങ്ങിയത് എന്ന് വേണ്ടാ അവള്‍ കടലാസുകള്‍ നിറയെ വിശേഷങ്ങള്‍ ഭര്‍ത്താവറിയാനായി കുത്തിക്കുറിച്ചു.

  ഷാഹുമോന്റെ പ്രസവസമയത്ത്  അക്ബറിന്റെ അസാന്നിധ്യം അവളെ സങ്കടപ്പെടുത്തിയെങ്കിലും പൊന്നുമോന്റെ അരുമ മുഖം അവളെ ആഹ്ലാദവതിയാക്കി.

  അക്ബര്‍ വിദേശത്തേക്ക് പോയിട്ട് വര്ഷം മൂന്ന് കഴിഞ്ഞെങ്കിലും നാട്ടിലേക്ക് വരാന്‍ താല്പര്യപ്പെടാത്തത് അവളുടെ മനസ്സിനെ ആലോസരപ്പെടുത്താതിരുന്നില്ല.പോരെങ്കില്‍ അടുത്തിടയായി കത്തുകളും ചുരുക്കം തന്നെ.

  ചിലവിനുള്ള കാശിനു ഒരിക്കലും അവള്‍ അക്ബറിനെ ബുദ്ധിമുട്ടിച്ചിരുന്നില്ല കാരണം അവളുടെ വാപ്പയുണ്ടായിരുന്നല്ലോ അവളുടെ ചിലവുകള്‍ വഹിക്കുവാന്‍.

  പോകെ പോകെ സൗജയുടെ ആശങ്കകള്‍ പെരുകി വന്നു."എന്താ അദ്ദേഹം ഇങ്ങനെ ?"അവളുടെ മനസ്സ് തേങ്ങാന്‍ തുടങ്ങി.മനസ്സില്‍ ഒതുക്കിയ തേങ്ങലുകള്‍ അവള്‍ അറിയാതെ പുറത്തേക്ക് ചാടിപ്പോയി പലപ്പോഴും.

  പോന്നുമകളുടെ സങ്കടം കണ്ടു വാപ്പായുടെ നെഞ്ചുരുകി.അദ്ദേഹം ദുബായിലുള്ള സുഹൃത്തുക്കള്‍ മുഖേനെ മരുമകനെ അന്വേഷിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു.

  ഒരു ഞായറാഴ്ച;അന്നായിരുന്നു അവളുടെ തലയിലെഴുത്ത് മാറ്റിയെഴുതിയ ആ സംഭവം നടന്നത്,അവളുടെ അന്ന് വരെയുള്ള ലോകം കീഴ്മേല്‍ മറിഞ്ഞത്.

  ഉച്ചയൂണ് കഴിഞ്ഞു വാപ്പ ചാരുകസേരയില്‍ കിടന്നു മയങ്ങുകയായിരുന്നു.അവള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പവും.അപ്പോഴാണ്‌ ഫോണ്‍ ബെല്ലടിച്ചതും വാപ്പ എടുത്തു സംസാരിക്കുന്നതും ,പെട്ടെന്ന് മോളെ എന്നു ഉച്ചത്തില്‍ ഉള്ള വിളി കേട്ടതും.ഓടിചെന്ന അവള്‍ കണ്ടത് നെഞ്ചത്ത് കൈ അമര്‍ത്തി,വാപ്പ താഴേക്ക്‌ ഊര്‍ന്നു വീഴുന്നതാണ്.

  എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ അവള്‍ കുഴങ്ങി.വേഗം വാപ്പയെ താങ്ങി കസേരയില്‍ കിടത്തി.വെള്ളം കുടിപ്പിച്ചു.അകത്തുറങ്ങുകയായിരുന്ന ആങ്ങളയെ വിവരം അറിയിച്ചു.

  ഇതിനിടയിലും വാപ്പ അവളോട്‌ എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ക്കു തോന്നി."അവന്‍ ചതിച്ചു മോളെ".ഇതായിരുന്നു വാപ്പ അവളോട്‌ അവസാനമായി പറഞ്ഞ വാക്കുകള്‍.അതോടു കൂടി ആ നല്ല മനുഷ്യന്റെ ആത്മാവ് ജീവനെയും;  ജീവനില്‍ ജീവനായ മകളെയും വിട്ടു പരലോകത്തെക്ക് പറന്നകന്നു.

  നിയ്യത്ത്(2)

  By: mind waverings On: 12:22 PM
 • Share Post

 • ബോധാബോധ തലങ്ങളില്‍ നീന്തി തുടിച്ചായിരുന്നു പിന്നെയുള്ള സൗജയുടെ ദിനരാത്രങ്ങള്‍.ബോധം വരുമ്പോള്‍ സീനുമോളോ ശാഹുമോണോ അടുത്ത് ഉണ്ടാകും."കുട്ടികള്‍ തനിക്കു വേണ്ടി എത്ര മാത്രം കഷ്ടപ്പെടുന്നു".

  അബോധാവസ്ഥയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ അവളെ പിരിഞ്ഞ ഉമ്മയും വാപ്പയും മരിക്കാതെ പിരിഞ്ഞു പോയ അക്ബറും ഒക്കെ അവള്‍ക്കു കൂട്ടിനുണ്ടായിരുന്നു.അവിടെ അവള്‍ ആരോഗ്യവതിയായിരുന്നു,ഉമ്മയുടെയും വാപ്പയുടെയും പോന്നുമകള്‍,അക്ബറിന്റെ സുന്ദരിയായ ഭാര്യ.

  വര്‍ത്തമാനാവസ്ഥ മരവിച്ച് ഭൂതകാലത്തില്‍ പെട്ടത് പോലെ തോന്നി പോയി പലപ്പോഴും സൌജക്ക്.

  പെട്ടെന്നെന്തോ ഒച്ച കേട്ട് സൗജയുടെ ഉറക്കം ഞെട്ടി.സ്ഥലകാല ബോധം വീണ്ടെടുക്കുമ്പോള്‍ താന്‍ നിരാലംബയാണെന്നുള്ള വസ്തുത പിന്നെയും ഓര്‍മ്മയിലേക്ക് ഓടിയെത്തി.

  ഷാഹുമോന്റെ മുഖത്തേക്ക് നോക്കി കിടക്കവേ;സൗജയുടെ ഉള്ള് വിങ്ങിപ്പോട്ടി."പാവം വാപ്പയെന്ന ആ വ്യക്തിയെ ജീവനോടെ ഉണ്ടായിട്ടും നേരിട്ട് കണ്ടിട്ടില്ലാത്ത എന്റെ കുട്ടി.ആര് ചെയ്ത തെറ്റാകാം,ഏതായാലും അവന്റെതല്ല".

  ചെറുപ്പത്തില്‍ കൂട്ടുകാരുടെ കളിയാക്കലുകളില്‍ വേദനിച്ചു വാപ്പയെ കാണണമെന്ന് വാശി പിടിച്ച് കരഞ്ഞു പട്ടിണി കിടന്ന എത്രയോ നാളുകള്‍.

  അത് കണ്ടു നിസ്സഹായയായി സ്വയം ഉരുകാനെ ഈ ഉമ്മയ്ക്ക് കഴിഞ്ഞിട്ടുള്ളൂ.

  വളര്‍ന്നപ്പോള്‍,ഏകദേശം കാര്യങ്ങള്‍ ഗ്രഹിച്ചതില്‍ പിന്നെ ഒരിക്കലും അവന്‍ ഒന്നിനും ഉമ്മയെ ബുധിമുട്ടിച്ചിട്ടില്ല.ഉമ്മയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു  പിന്നെ അവന്റെ ഓരോ ശ്രമങ്ങളും.

  വാശിയോടെ പഠിച്ചു.എത്താവുന്നിടത്തോളം ഉയരങ്ങള്‍ അവന്‍ എത്തിപ്പിടിച്ചു.ഇന്ന് അറബ് നാട്ടിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ വലിയൊരു ഉദ്യോഗസ്ഥന്‍ ആണവന്‍.ഉമ്മയ്ക്ക് അമ്പിളി അമ്മാവനെ വേണമെങ്കില്‍ പോലും കൊണ്ട് വന്നു തരാന്‍ കെല്‍പ്പുള്ളവന്‍.

  സീനുമോളുടെ നിക്കാഹ് അവന്‍ ഒറ്റയ്ക്ക് ;വാപ്പയുടെ സ്ഥാനത് നിന്നാണ് നടത്തി കൊടുത്തത്.ഇതിലേറെ ഭാഗ്യം ഒരുമ്മാക്ക് വേറെ എന്താണ് വേണ്ടിയത്.പടച്ചവന്‍,ഞാന്‍ ഒഴുക്കിയ കണ്ണുനീരിനും,അഞ്ചു നേരം ആ മുന്നില്‍ കുനിഞ്ഞു അപേക്ഷിക്കുന്നതിനും തന്ന സമ്മാനമാകും ഈ പോന്നുമക്കള്‍..

   തഹസില്‍ദാരായിരുന്ന സൗജയുടെ വാപ്പ അവളുടെ വിദ്യാഭ്യാസത്തില്‍ വളരെ തല്പരനായിരുന്നു.(അന്നൊക്കെ മുസ്ലിം സ്ത്രീകള്‍ അധികം വിദ്യാഭ്യാസം നേടിയിരുന്നില്ല).അങ്ങനെ അവള്‍ ബിരുദധാരിയായി.

  സൌജക്ക് ആദ്യം വന്ന വിവാഹാലോചനയായിരുന്നു അക്ബറിന്റേത് .കുടുംബം സാമ്പത്തികമായി ക്ഷയിച്ചതായിരുന്നു എങ്കിലും അക്ബറിന്റെ എന്‍ജിനീയര്‍ ബിരുദം വാപ്പയെ മോഹിപ്പിച്ചു.ഒറ്റനോട്ടത്തില്‍ തന്നെ ആ മുഖം അവളുടെ മനസ്സിലും കുടിയേറി.

  ആ വിവാഹം വളരെ ആര്‍ഭാടമായി തന്നെ വാപ്പ നടത്തി.

  വിവാഹം കഴിക്കുമ്പോള്‍ അക്ബറിക്കാക്ക് സ്ഥിരമായി ഒരു ജോലിയില്ലായിരുന്നു.വിവാഹ ശേഷം വാപ്പായുടെ സ്വാധീനത്താല്‍ അദ്ദേഹത്തിനു വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗം ലഭിച്ചു.

  അക്ബര്‍ പൊതുവേ അന്തര്‍മുഖനായിരുന്നു.ആരോടും അങ്ങനെ അധികം സംസാരമോ ചങ്ങാത്തമോ ഇല്ല.തന്നോട് അദ്ദേഹത്തിന് സ്നേഹം തന്നെയാണ് എന്ന് സൗജ തീര്‍ത്ത് വിശ്വസിച്ചിരുന്നു.

  ജീവിതത്തിലേക്ക് ആയിടക്കായിരുന്നു സീനുമോളുടെ വരവ്.അക്ബറിക്കയുടെ തനി പകര്‍പ്പ്.തന്നെക്കാള്‍ ഭാഗ്യവതിയായി ഒരു സ്ത്രീയും ഈ ലോകത്ത് കാണില്ലാ എന്ന് തന്നെയായിരുന്നു സൗജയുടെ വിശ്വാസം പക്ഷെ അതിന്റെ പേരില്‍ ഒരിക്കലും അഹങ്കരിച്ചില്ല പടച്ചോനോട് ശുക്ക്ര്‍ പറഞ്ഞിട്ടേ ഉള്ളൂ.

  എന്ത് കൊണ്ടെന്നറിയില്ല ലഭിച്ച ഉദ്യോഗത്തില്‍ അക്ബറിക്ക അത്ര സന്തോഷവാന്‍ ആയിരുന്നില്ല.ഗള്‍ഫില്‍ പോയി കാശ് ഉണ്ടാക്കുകയായിരുന്നു അന്നത്തെ എല്ലാ യുവാക്കളെയും പോലെ അദ്ദേഹത്തിന്റെയും താല്പര്യം.

  ഷാഹുമോനെ നാല് മാസം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വാപ്പായുടെ സുഹൃത്ത് മുഖേനെ അക്ബറിന് ദുബായിലേക്ക് വിസ തരമായത്.അതിന്റെ ചിലവുകള്‍ മുഴുവന്‍ വഹിച്ചതും വാപ്പ തന്നെയായിരുന്നു.

  അക്ബറിനെ പിരിയുന്ന സങ്കടമുണ്ടായിരുന്നെങ്കിലും തങ്ങളുടെ നല്ല ഭാവിയെ കരുതി നിറകണ്ണുകളോടെ സൗജ ഭര്‍ത്താവിനെ യാത്രയാക്കി. 

  (തുടരും)

  നിയ്യത്ത്(1)

  By: mind waverings On: 12:19 PM
 • Share Post

 • "ഉമ്മാ"..സീനു മോളുടെ വിളി അകലെ എവിടെയോ നിന്ന് കേട്ടത് പോലെ."ഗള്‍ഫിലുള്ള അവള്‍ എങ്ങനെയാ ഇപ്പൊ തന്റെ അടുക്കല്‍ വന്നു വിളിക്കുക".സൗജയുടെ മയക്കം പെട്ടെന്ന് വിട്ടകന്നത് പോലെ.

  "എവിടെയാ താന്‍"?ചുറ്റും മരുന്നിന്റെ ഗന്ധം തങ്ങിനില്‍ക്കുന്നു.ആരൊക്കെയോ ചുറ്റുമുണ്ട്.സീനു മോളുടെയും ഷാഹു മോന്റെയും മുഖം അവ്യക്തമായി കണ്ടു.താന്‍ ആശുപത്രിയില്‍ ആണോ?എന്താ തനിക്ക് പറ്റിയത്.മഗ്രിബ് നമസ്ക്കാരത്തിന് സുജൂദില്‍ പോയ്യാതെ ഓര്‍മ്മയുള്ളൂ പിന്നെ ഇപ്പൊ ദാ ഇവിടെ ഇങ്ങനെ..

  താന്‍ കണ്ണ് തുറക്കുന്നത് കണ്ടു മക്കളുടെ മുഖം സന്തോഷത്താല്‍ വികസിക്കുന്നത് സൗജ കണ്ടു.പക്ഷെ കൈകാലുകള്‍ എന്തെ അനക്കാന്‍ ആകുന്നില്ല.അവ ഇരുന്നിടത്തെന്തോ ഭാരമുള്ള കരിങ്കല്‍ കെട്ടി വെച്ചത് പോലെ.

  സീനുമോളെ വിളിക്കാന്‍ നാവുയര്‍ത്തി പക്ഷെ എന്തോ വികൃതശബ്ദമാണ് പുറത്തു വന്നത്.നാവു കുഴഞ്ഞു  കുഴഞ്ഞു പോകുന്നു.

  സീനുമോള്‍ അടുത്തിരുന്ന് തന്നെ തഴുകി ആശ്വസിപ്പിക്കുന്നതും ഷാഹുമോന്‍ നിറകണ്ണോടെ തന്നെ നോക്കി നില്‍ക്കുന്നതും കണ്ടാണ്‌ സൗജ പിന്നെയും മയക്കത്തിലേക്ക് വഴുതി പോയത് 

  സൗജ ഉണരുമ്പോഴേക്കും സീനുമോള്‍ തൊട്ടടുത്തിരുന്ന് മയങ്ങുന്നുണ്ടായിരുന്നു."പാവം കുട്ടി,എന്നെ നോക്കിയിരുന്ന് ക്ഷീണിച്ച് മയങ്ങിയതാവാം.ഒരിക്കലും ആര്‍ക്കും താനൊരു ബാധ്യതയാകരുതെന്നായിരുന്നു എക്കാലത്തെയും തന്റെ ആഗ്രഹവും പ്രാര്‍ഥനയും എന്നിട്ടും  അതൊന്നും  തമ്പുരാന്‍ കേട്ടില്ലല്ലോ.."

  തൊണ്ട വരണ്ടുണങ്ങിയിരിക്കുന്നു.കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കില്‍......സൗജ സീനുവിനെ വിളിക്കാന്‍ ശ്രമിച്ചു.പഴയത് പോലെ അസ്പഷ്ട്ട ശബ്ദം മാത്രം.

  ഒരു മാത്ര മോളുടെ ഉറക്കം ഞെട്ടി.കണ്ണ് തുറന്നിരിക്കുന്നത് കണ്ട് അവള്‍ ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അല്പാല്പമായി ഉമ്മയുടെ തൊണ്ടയിലേക്ക്‌ ഒഴിച്ച് കൊടുത്തു.

  സൗജ ഓര്‍ത്തു,പണ്ട് മുതലേ മകള്‍ അങ്ങനെയായിരുന്നു.തന്റെ മനസ്സ് പറയാതെ തന്നെ അറിയാന്‍ ഒരു കഴിവ് അവള്‍ക്കുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

  എന്റെ മക്കള്‍;അവര്‍ക്ക് വേണ്ടി മാത്രമായിരുന്നല്ലോ ഇത് വരെയുള്ള തന്റെ ജീവിതം.

  ഈ കിടപ്പില്‍ ഒരാളെ കാണണമെന്ന് സൗജക്ക് തോന്നിപ്പോയി.ഒരിക്കല്‍ തന്റെ മോഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയും,തന്നെ കടലോളം സ്നേഹിച്ചിരുന്നു എന്ന് താന്‍ വിശ്വസിച്ചിരുന്നതും,ഒടുവില്‍ ഏറ്റവും അധികം വെറുക്കുകയും ചെയ്ത ആ വ്യക്തിയെ.

  ഇനി ഒരിക്കലും കാണില്ല,കാണണ്ടാ എന്ന് പ്രതിജ്ഞ എടുത്തിരുന്നതാണ്.പക്ഷെ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍....;തന്റെ മക്കള്‍ക്ക്‌ സ്വന്തം എന്ന് പറയാന്‍ ഒരാള്‍ വേണ്ടേ?അതവരുടെ ബാപ്പ തന്നെ ആകുന്നതല്ലേ നല്ലത്.

  താന്‍ ആഗ്രഹിച്ചാലും മക്കള്‍ അതിനനുവദിക്കില്ലെന്ന് നന്നായറിയാം.ആ പേരില്‍ ചെറുപ്രായം മുതലേ അവര്‍ അനുഭവിച്ച മാനക്കേട്‌ ചില്ലറയായിരുന്നില്ലല്ലോ.

  നേഴ്സ് അരികില്‍ വന്നു ബി.പി യും പള്സ്ഉം നോക്കുന്നതും ഇന്ജെക്ഷനുള്ള മരുന്നുകള്‍ നിരയ്ക്കുന്നതും നോള്ളി അവര്‍ കിടന്നു.മരുന്ന് കുത്തിയതൊന്നും അറിയുന്നതേയില്ല.

  ഒരു വെള്ളിടി ഈര്‍ച്ചവാള്‍ പോലെ സൗജയുടെ ചേതനയില്‍ മിന്നിപ്പൊലിഞ്ഞു."തന്റെ ശരീരം ആകമാനം തളര്‍ന്നിരിക്കുന്നു.ഇപ്പോള്‍ വെറുമൊരു മാംസ പിണ്ഡം മാത്രമാണ് താന്‍.ഈ സ്ഥിതിയില്‍ നിന്ന് എത്രയും പെട്ടെന്ന് പടച്ചവന്‍ വിളിച്ചിരുന്നെങ്കില്‍...!!"

  മരുന്നിന്റെ എഫ്ഫെക്റ്റ്‌ ആകാം അവള്‍ വീണ്ടുമൊരു ദീര്‍ഘമായ ഉറക്കത്തിലേക്ക് മുങ്ങിത്താണൂ
                                           (തുടരും)

  Wednesday, May 16, 2012

  ഒരു രോദനം

  By: mind waverings On: 6:23 AM
 • Share Post

 • കീറി പിന്നിയ ട്രൌസെറും ഷര്‍ട്ടും;
  കഴുത്തില്‍ പഴന്തുണിയാലൊരു കെട്ടും,
  ധരിച്ചൊരു മധ്യവയസ്ക്കനാം ഭ്രാന്തന്‍,
  അലഞ്ഞു നടക്കുന്നു തിരക്കാര്‍ന്നോരാ പാതയോരത്ത്.

  കയ്യില്‍ പഴയൊരു പൊട്ടിപൊളിഞ്ഞ പെട്ടിയും തൂക്കി;
  പറയുന്നുണ്ട് ആംഗലേയ ഭാഷ വശമായ്‌,
  പിറുപിറുക്കുന്നുണ്ട് ഇടയ്ക്കിടെ ശാപവചനങ്ങള്‍,
  ജഡ കയറിയ മുടിയെ മറച്ചു കൊണ്ടുണ്ട് പഴഞ്ചനാം തൊപ്പി.

  എന്താവാം എങ്ങനെയാവാം ആരാവാം;
  ഈ യുവത്വത്തിനെ ഈ സ്ഥിയിലേക്കാനയിച്ചത്?
  കച്ചവടതന്ത്ര പാളിച്ചയോ,ലഹരിയോ കാമിനിയോ,
  ആരാവാം അതിന്‍ മുഖ്യ പ്രതി.

  ഇല്ലില്ലിന്നു യുവാക്കള്‍ക്കൊട്ടുമേ;
  പരാജയങ്ങള്‍ സഹിക്കാന്‍ കഴിവേതുമേ.
  ടി വി ചാനല്‍ മാറ്റുവാന്‍,
  റിമോട്ട് നല്‍കാത്തതിന് പോലും വെടിയുന്നു ജീവന്‍.

  മുലകുടി മാറാത്ത പിഞ്ചു കുട്ടികള്‍ പോലും;
  കൊല്ലുന്നു സുഹൃത്തിനെ വിദഗ്ധാസൂത്രണങ്ങളാല്‍,
  തല്ലി കൊഴിക്കുന്നു സ്വയമവര്‍ തങ്ങളേയും,
  ഒപ്പം അവരെ കാത്തിരിക്കുന്ന കുടുംബങ്ങളെയും.

  മദ്യവും കഞ്ചാവും ഹെറോയിനും എല്‍. എസ്‌. ഡിയും;
  വഴിതെറ്റിക്കുന്നു ചോരനീരാര്‍ന്ന യുവത്വങ്ങള്‍.
  എന്തുണ്ട് ഏതുണ്ട് ഇതിനിനിയൊരു പോംവഴി,
  യുവതലമുറകളെ കാത്തു സംരക്ഷിക്കുവാന്‍?

  Saturday, May 12, 2012

  അമ്മ

  By: mind waverings On: 4:40 PM
 • Share Post

 • ഇത് അമ്മ;
   പത്ത് മാസം പ്രാര്‍ഥനയോടെ;
   തന്‍ കണ്മണിയെ ഉദരത്തില്‍ കാത്തു സൂക്ഷിച്ച്,
  വേദനയോടെ ജന്മമേകി,
  മുലപ്പാലാം അമ്രുതൂട്ടി,
  ചിറകിന്കീഴില്‍ കാത്തു സൂക്ഷിച്ച്,
  നാട്ടിനും വീട്ടിനും സ്വത്തായി,
  വളര്‍ത്തിയെടുത്തവരുടെ;
  ഉയര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നവര്‍........

  ഇതും അമ്മ;
  ഉദരത്തില്‍ മുളച്ചോരാ കുരുപ്പിനെ,
  നാട്ടാരുടെ വായടപ്പിക്കാന്‍ വേണ്ടി,
  മാസങ്ങള്‍ എങ്ങനെയോ തീര്‍ത്തെടുത്ത്,
  സിസേറിയന്‍ എന്ന എളുപ്പ വിദ്യയാലെ,
  ഭൂമിയിലെക്കാനയിക്കുന്നവര്‍...

  ചുണ്ടിലെ ലിപ്സ്ടിക്കിന്‍ നിറവും,
  വയറ്റിലെ ചുളുപാടുകളെയും,
  സംരക്ഷിക്കുന്ന തിരക്കില്‍,
  മക്കളെ ആയമാര്‍ക്ക് ദാനം നല്‍കിയവര്‍.

  മുലപ്പാല്‍ നല്‍കിയാല്‍ പോകും സൗന്ദര്യം,
  അതിനാല്‍ മതിയെത്രേ അവര്‍ക്ക്,
  പശുവിന്‍പാലും ലാകറ്റോജെനും;

  മക്കള്‍ വളരുന്നു, അവരുടെതായ ലോകത്തില്‍,
  ആര്‍ക്കും ആരോടും കടമയും കടപ്പാടും ഇല്ലാതെ..
  നാടിനും വീടിനും ഗുണമില്ലാതെ,
  അമ്മമാരോ മക്കളുടെ ഉയര്‍ച്ചതാഴ്ചകളില്‍ നിസ്സംഗരും..

  കലികാലം .....കലികാലം..!!!!!! 

  (ഞാനുള്‍പ്പെട്ട അമ്മമാര്‍ എന്നോട് പൊറുക്കുക വിഷമിപ്പിച്ചെങ്കില്‍)

  {എല്ലാ അമ്മമാര്‍ക്കും അമ്മ മനസ്സുള്ളവര്‍ക്കും സന്തോഷകരമായ മാതൃദിനം ആശംസിക്കുന്നു}

  Friday, May 11, 2012

  ഞാന്‍ അലയാഴി

  By: mind waverings On: 12:53 PM
 • Share Post
 • ഞാന്‍ പ്രണയിക്കുന്നൊരാ തീരം,
  എന്നെ തളളി അകറ്റുമ്പോഴും,
  ശാന്തയാണ് ഞാന്‍.


  അശാന്തി എന്നില്‍ പടരാറുണ്ട്,
  മലരികളായും ചുഴികളായും.
  കോപമടക്കാനാവാതെ ..
  എല്ലാം സംഹരിക്കാറുണ്ട്,
  പലപ്പോഴും....


  എന്നിലെ നിധികള്‍ കവര്‍ന്നെടുക്കാന്‍,
  അടുക്കുന്നവരെ ഞാന്‍ തടുക്കാറില്ല,
  എടുത്തു കൊള്ളട്ടെ,എന്റെ മാറ് പിളര്‍ക്കാതെ,
  എന്നില്‍ വിഷം കലര്‍ത്താതെ....