Tuesday, May 29, 2012

Tagged Under:

നിയ്യത്ത് (3)

By: mind waverings On: 12:24 PM
  • Share Post

  • സൗജ തന്റെ അക്ബറിക്കയെ ദുബായിലേക്ക് നിറകണ്ണുകളോടെ യാത്രയാക്കി;അദ്ദേഹത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഉത്കണ്ടയോടെ കാത്തിരുന്നു.അക്ബര്‍ അവിടെ ജോലിക്ക് ചേര്‍ന്നതും മറ്റു വിവരങ്ങളും അറിഞ്ഞു അവള്‍ സന്തോഷിച്ചു.

    സംസാരത്തില്‍ എന്നത് പോലെ കത്തെഴുത്തിലും അക്ബര്‍ പിശുക്കനായിരുന്നു.പക്ഷെ ആ പ്രകൃതം അവള്‍ക്കു പരിചിതമായിരുന്നത് കൊണ്ട് പരാതിയുണ്ടായിരുന്നില്ല.മാസങ്ങള്‍ കൂടുമ്പോള്‍ വരുന്ന കത്തുകളില്‍ അവള്‍ ആശ്വാസം കണ്ടെത്തി.

    മറുപടി കാക്കാതെ ആഴ്ചയില്‍ ഒരിക്കല്‍ എന്ന വണ്ണം അവള്‍ ഭര്‍ത്താവിനു കത്തെഴുതി.അവളുടെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങള്‍,സീനു മോളുടെ വിശേഷങ്ങള്‍,വയറ്റില്‍ ഉള്ള കുഞ്ഞു അനങ്ങിയത് എന്ന് വേണ്ടാ അവള്‍ കടലാസുകള്‍ നിറയെ വിശേഷങ്ങള്‍ ഭര്‍ത്താവറിയാനായി കുത്തിക്കുറിച്ചു.

    ഷാഹുമോന്റെ പ്രസവസമയത്ത്  അക്ബറിന്റെ അസാന്നിധ്യം അവളെ സങ്കടപ്പെടുത്തിയെങ്കിലും പൊന്നുമോന്റെ അരുമ മുഖം അവളെ ആഹ്ലാദവതിയാക്കി.

    അക്ബര്‍ വിദേശത്തേക്ക് പോയിട്ട് വര്ഷം മൂന്ന് കഴിഞ്ഞെങ്കിലും നാട്ടിലേക്ക് വരാന്‍ താല്പര്യപ്പെടാത്തത് അവളുടെ മനസ്സിനെ ആലോസരപ്പെടുത്താതിരുന്നില്ല.പോരെങ്കില്‍ അടുത്തിടയായി കത്തുകളും ചുരുക്കം തന്നെ.

    ചിലവിനുള്ള കാശിനു ഒരിക്കലും അവള്‍ അക്ബറിനെ ബുദ്ധിമുട്ടിച്ചിരുന്നില്ല കാരണം അവളുടെ വാപ്പയുണ്ടായിരുന്നല്ലോ അവളുടെ ചിലവുകള്‍ വഹിക്കുവാന്‍.

    പോകെ പോകെ സൗജയുടെ ആശങ്കകള്‍ പെരുകി വന്നു."എന്താ അദ്ദേഹം ഇങ്ങനെ ?"അവളുടെ മനസ്സ് തേങ്ങാന്‍ തുടങ്ങി.മനസ്സില്‍ ഒതുക്കിയ തേങ്ങലുകള്‍ അവള്‍ അറിയാതെ പുറത്തേക്ക് ചാടിപ്പോയി പലപ്പോഴും.

    പോന്നുമകളുടെ സങ്കടം കണ്ടു വാപ്പായുടെ നെഞ്ചുരുകി.അദ്ദേഹം ദുബായിലുള്ള സുഹൃത്തുക്കള്‍ മുഖേനെ മരുമകനെ അന്വേഷിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു.

    ഒരു ഞായറാഴ്ച;അന്നായിരുന്നു അവളുടെ തലയിലെഴുത്ത് മാറ്റിയെഴുതിയ ആ സംഭവം നടന്നത്,അവളുടെ അന്ന് വരെയുള്ള ലോകം കീഴ്മേല്‍ മറിഞ്ഞത്.

    ഉച്ചയൂണ് കഴിഞ്ഞു വാപ്പ ചാരുകസേരയില്‍ കിടന്നു മയങ്ങുകയായിരുന്നു.അവള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പവും.അപ്പോഴാണ്‌ ഫോണ്‍ ബെല്ലടിച്ചതും വാപ്പ എടുത്തു സംസാരിക്കുന്നതും ,പെട്ടെന്ന് മോളെ എന്നു ഉച്ചത്തില്‍ ഉള്ള വിളി കേട്ടതും.ഓടിചെന്ന അവള്‍ കണ്ടത് നെഞ്ചത്ത് കൈ അമര്‍ത്തി,വാപ്പ താഴേക്ക്‌ ഊര്‍ന്നു വീഴുന്നതാണ്.

    എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ അവള്‍ കുഴങ്ങി.വേഗം വാപ്പയെ താങ്ങി കസേരയില്‍ കിടത്തി.വെള്ളം കുടിപ്പിച്ചു.അകത്തുറങ്ങുകയായിരുന്ന ആങ്ങളയെ വിവരം അറിയിച്ചു.

    ഇതിനിടയിലും വാപ്പ അവളോട്‌ എന്തോ പറയാന്‍ ശ്രമിക്കുന്നത് പോലെ അവള്‍ക്കു തോന്നി."അവന്‍ ചതിച്ചു മോളെ".ഇതായിരുന്നു വാപ്പ അവളോട്‌ അവസാനമായി പറഞ്ഞ വാക്കുകള്‍.അതോടു കൂടി ആ നല്ല മനുഷ്യന്റെ ആത്മാവ് ജീവനെയും;  ജീവനില്‍ ജീവനായ മകളെയും വിട്ടു പരലോകത്തെക്ക് പറന്നകന്നു.

    0 comments:

    Post a Comment