Friday, February 20, 2015

എന്റെ റാബിയാ....നീ എവിടെ

By: mind waverings On: 8:33 PM
 • Share Post
 • റാബിയയെ കുറിച്ചെഴുതാൻ ആഗ്രഹിച്ചിട്ടു കുറച്ചു നാൾ ആയി.ദുബായിൽ ആദ്യമായി ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നാലാം ക്ലാസ്സിൽ ചേർന്നപ്പോൾ സ്നാക് ടൈമിൽ പോഫാക്കി തന്നവൾ റാബിയ.പിന്നെ സ്കൂൾ ബസ്സിലും ഞങ്ങൾ ഒന്നിച്ചായി.അല്ഗിസൈസ് ഷേക്ക്‌ റാഷിദ് ബിൽഡിങ്ങിൽ ബ്ലോക്ക് പതിനഞ്ചിൽ ഞാനും പതിനൊന്നിൽ റാബിയയും.ആദ്യമെത്തുന്ന ബ്ലോക്ക് പതിനഞ്ചിൽ എനിക്കൊപ്പം ബസ്സിറങ്ങി പതിനോന്നിലെയ്ക്ക് നടന്നു പോകുന്ന റാബിയ ഇന്നും സ്വപ്നത്തിൽ വരാറുണ്ട് .ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നെങ്കിലും എന്നെക്കാൾ മൂന്നോ നാലോ വയസ്സ് റാബിയക്ക് മൂപ്പുണ്ടായിരുന്നു.എന്നെ ഒരു കുഞ്ഞനുജത്തിയെ എന്നാ വണ്ണം കരുതലുണ്ടായിരുന്നു കാരണം ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടി അന്ന് ഞാനായിരുന്നു.

  റാബിയ സുന്ദരിയായിരുന്നു .അധികം വെളുത്തിട്ടൊന്നുമല്ല.അവളുടെ മുടി ആയിരുന്നു അവളുടെ അഴക്‌ .റാബിയയുടെ മുടി വിഗ് ആണ് എന്ന് ഞങ്ങൾ ഒക്കെ പറയുമായിരുന്നു അത്ര സോഫ്റ്റ്‌ ആയിരുന്നു അത്.സ്കൂളിലെ കലാകായിക മത്സരങ്ങളിലും പഠനത്തിലും ഒന്നുപോലെ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു അവൾ.

  അവൾടെ കുടുംബം;ഉപ്പ ഒരു ആർട്ടിസ്റ്റ് ആയിരുന്നു നാട്ടില ഏതോ കേസിൽ അറിയാതെ അകപ്പെട്ടത് കൊണ്ട് തിരികെ ലീവിന് പോലും നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയില്ലായിരുന്നു അദേഹത്തിന്.കുടുംബത്തിനെയുംഅത് കൊണ്ട് അവിടെയ്ക്ക് കൂട്ടി.ദുബായിൽ വനന്തിൽ പിന്നെ റാബിയ നാട് കണ്ടിട്ടില്ല .റാബിയയുടെ ഉമ്മ അതിസുന്ദരി ആയിരുന്നു പക്ഷെ മാനസികമായി അസുഖമുണ്ടായിരുന്നു.

  നോർമൽ ആയിരിക്കുമ്പോൾ അത്രയും സ്നേഹമുള്ള മറ്റൊരു സ്ത്രീയെ ഞാൻ കണ്ടിട്ടേ ഇല്ലാ എന്ന് പറഞ്ഞാലതിൽ അതിശയോക്തി ഇല്ല .റാബിയയ്ക്ക് അവളെക്കാൾ ഒരു വയസ്സിനു മൂത്ത ഒരു ചേട്ടനുണ്ട് .പിന്നെ ഒരു കുഞ്ഞനുജത്തി അവൾക്കെത്രയോ വയസ്സിനിളയത്.

  ഉമ്മയുടെ വയ്യായ്ക കാരണം മിക്കപ്പോഴും വീടിന്റെയും അനിയത്തിയുടെയും ചുമതല അവൾക്കായിരുന്നു.അതൊക്കെ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ അവൾ ചെയ്തു തീർത്തു അവളുടെ അതെ പ്രായക്കാർ കളിച്ചു നടക്കുന്ന സമയത്ത്.
  ഒരിക്കൽ ഉമ്മയ്ക്ക് രോഗം കൂടിയ അവസ്ഥയില അവളുടെ മുടി കറി കത്തിക്ക് മുറിച്ചു കളഞ്ഞു.ആള്ക്കാരുടെ മുന്നിലോ സ്കൂളിലോ വരാൻ കഴിയാത്ത അവസ്ഥ.ഒടുവില തല മൊട്ട ആക്കേണ്ട അവസ്ഥയായി.പക്ഷെ അതും റാബിയ സ്വതവേയുള്ള തമാശ പോലെ മറ്റുള്ളവർക്ക് മുന്നില് അവതരിപ്പിച്ചു.


  മറ്റുള്ളവരെ തമാശ പറഞ്ഞു ചിരിപ്പിക്കുമ്പോഴും റാബിയ ഉള്ളാലെ പൊട്ടിക്കരഞ്ഞിരിക്കാം.

  ഇതിനിടയിൽ ഞങ്ങളും റാബിയയുടെ അതെ ബ്ലോക്കിലെയ്ക്ക് താമസം മാറിയിരുന്നു.ഞങ്ങളുടെ കൂട്ട്കെട്ട് കൂടുതൽ ദൃഡമായി.അവള്ടെ ഉമ്മ അസുഖമില്ലതിരിക്കുമ്പോൾ രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു പങ്കു എനിക്കായിരുന്നു.ആ രുചി ഇന്നും നാവിലുണ്ട്.

  ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ റാബിയയുടെ വിവാഹം തീരുമാനിച്ചു.അത്ര ചെറുപ്പത്തിൽ എന്തിനു എന്നൊന്നും എനിക്കറിയില്ല അവര്ക്ക് അവരുടെതായ കാരണങ്ങൾ കാണുമായിരിക്കും .

  ദുബായ് ഷെരട്ടനിൽ വെച്ചായിരുന്നു റിസപ്ഷൻ .ഞങ്ങളും പങ്കെടുത്തു.കുട്ടികാലത്തെ ഒരു കൌതുകം ആയെ അന്ന് ഞങ്ങള്ക്ക് അത് തോന്നിയുള്ളൂ കാരണം ദുബായിൽ ആയിരുന്നത് കൊണ്ട് നാട്ടിലെ വിവാഹ ചടങ്ങുകളിൽ ഒരിക്കലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.അത് കൊണ്ട് അതൊരു അപൂർവ ചടങ്ങായിരുന്നു എനിക്ക്.അവളുടെ മുറചെറുക്കൻ തന്നെ ആയിരുന്നു അവളുടെ വരൻ.വിവാഹ ശേഷവും റാബിയ പഠനം തുടർന്നു.പക്ഷെ ബാക്കിയുള്ള കുട്ടികളുമായി അധികം സംസാരിക്കരുതെന്ന് റാബിയയെ ടീച്ചർമാർ വിലക്കി .അത് എന്ത് കൊണ്ട് എന്ന് അന്നത്തെ പ്രായത്തിൽ നമുക്ക് മനസില്ലാക്കാൻ കഴിയുമായിരുന്നില്ല.

  അധികം വൈകാതെ റാബിയ ഗർഭിണിയായി അതോടൊപ്പം പഠിത്തവും മതിയാക്കി .അൽ ഷാബിലെയ്ക്കു ഭർത്താവിനൊപ്പം അവൾ താമസം മാറി.പിന്നെ ഇടയ്ക്കിടയ്ക്ക് അവൾ; വീട്ടില് വരുമ്പോൾ ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു.
  ഇതിനിടയിൽ എനിക്ക് രണ്ടനുജന്മാർ ജനിച്ചിരുന്നു.കൂടുതല്‍ റൂം സൗകര്യം നോക്കി ഞങ്ങള്‍ മറ്റൊരു ബ്ലോക്കിലെയ്ക്ക് താമസം മാറി .അതോടെ റാബിയയുമായുള്ള കോണ്ടാക്റ്റ് ഏതാണ്ട് മുറിഞ്ഞത് പോലെയായി.അന്നൊന്നും മൊബൈൽ ഫോണ്‍ സൗകര്യം ഒന്നും നിലവില്‍ വന്നിരുന്നില്ല അവൾക്കാകട്ടെ ലാൻഡ്‌ ഫോണും ഉണ്ടായിരുന്നില്ല .

  അവൾക്കു കുഞ്ഞുണ്ടായപ്പോൾ ഞാൻ പോയി കണ്ടിരുന്നു.പിന്നെ അവളുടെ ഉപ്പാടെ റൂമിനടുത്ത് താമസിക്കുന്ന എന്റെ ആന്റി പറഞ്ഞറിയുന്ന അവളുടെ വിശേഷങ്ങളിൽ ഒതുങ്ങി.ആന്റിയും മറ്റൊരിടതെയ്ക്ക് താമസം മാറിയതോടെ അതും ഇല്ലാതായി .........

  എന്റെറാബിയാ ....നീ ഇന്നെവിടെ 

  കഥയില്ലായ്മ

  By: mind waverings On: 8:28 PM
 • Share Post
 • സ്വന്തം കഥയില്ലായ്മയെ കുറിച്ച് അവൾക്കു അഹങ്കാരമായിരുന്നു ഒപ്പം അവജ്ഞയും.അവളുടെ നാല് പാടും മറ്റാരുടെയൊക്കെയോ കഥകളിൽ അവൾ മുങ്ങിതാഴുമ്പോഴും ഒരിക്കൽ താനും കഥകളാല്‍ നിറയുമെന്നവള്‍ സ്വപ്നേപി വിചാരിച്ചു കാണാൻ വഴിയില്ല.

  അവളുടെ കഥയില്ലായ്മകളിലേയ്ക്കൊരു കഥാസാഗരമായി അവൻ നിറഞ്ഞത്‌ അപ്രതീക്ഷിതമായായിരുന്നു ,ഒരായിരം കഥക്കൂട്ടുകളുമായി .

  അവന്റെ കഥയിലെ നായികയായി ,അവള്‍ അവളുടെതായ കഥ വേറെ മെനഞ്ഞപ്പോള്‍ അവളിലെ കഥയില്ലായ്മയ്ക്ക്‌ ശാശ്വത പരിഹാരമായി.ഒരു നാള്‍ കഥകളൊക്കെ തീര്‍ന്നപ്പോള്‍ അവളോട്‌ യാത്രപോലും പറയാതെ മറ്റാരുടെയോ ജീവിതത്തില്‍ കഥ പറയാനായി അവന്‍ നടന്നകന്നപ്പോളാണ് തന്നിലെ കഥയില്ലായ്മയുടെ വ്യാപ്തി അക്ഷരാര്‍ത്ഥത്തില്‍ അവള്‍ തിരിച്ചറിഞ്ഞത് 

  ആഴങ്ങൾ

  By: mind waverings On: 8:21 PM
 • Share Post
 • ആഴങ്ങളെ എനിക്ക് പേടിയാണ്
  സ്നേഹത്തിന്റെയും
  വിശ്വാസത്തിന്റെയും
  ഓർമ്മയുടെയും
  മറവിയുടെയും
  ആഴങ്ങളെ എനിക്ക്
  കടലാഴങ്ങളെ പോൽപേടിയാണ്

  സ്നേഹത്തിനാഴത്തിലേയ്ക്ക്
  മുങ്ങാംകുഴിയിട്ട് ചെന്നാൽ
  എത്തിച്ചേരുക പലപ്പോഴും
  വെറുപ്പ്‌ കൂനകൂട്ടിയ
  ഏതോ അടിത്തട്ടിലാവണം

  വിശ്വാസങ്ങളിലെ പ്രതീക്ഷാബലം
  കൂടും തോറും
  അതിലൊരു നേരിയ ബലക്ഷതം,
  പതിപ്പിക്കാനിടയുണ്ട്
  അഗാധമായ ആഴങ്ങളിലേയ്ക്ക്
  ചിലപ്പോഴൊക്കെ

  ഓർമ്മകളിലെ വിങ്ങലുകൾ
  മറവിയെ കൊതിക്കുമ്പോൾ
  മറവിയിലെ വിള്ളലുകൾ
  ഓർമ്മകളെ ആഴങ്ങളിൽ
  പോലും മുങ്ങി തപ്പാൻ പ്രേരിപ്പിക്കുന്നു

  സ്നേഹത്തിന്നടിത്തട്ടിലെ
  വെറുപ്പിൽ നിന്നുള്ള
  ഓർമ്മകളുടെ മോചനത്തിനായി
  മറവിയിലേയ്ക്കൊരു തുരങ്കം
  പണിയാനിനിയെന്താണൊരു പോംവഴി

  WILDEST WILD

  By: mind waverings On: 8:15 PM
 • Share Post
 • Oh.!!! wild hearts;
  of the civilized lots.
  How narrow,
  has it turned out to be?
  Killing best of friends,
  looting blood brothers,
  cheating close ones,
  for a moment's glory.
  The clink of money,
  the root of all evil.
  has transformed the mankind,
  into a class of wild kind.
  With a smile on their lips,
  And a growl in their hearts,
  breaks apart a civilization;
  into that of the wildest wild.

  സ്നേഹം - നാനാര്‍ഥങ്ങള്‍ ഉള്ളൊരു വാക്ക്

  By: mind waverings On: 8:14 PM
 • Share Post
 • സ്നേഹമുണ്ട് മാതാപിതാക്കളോട് ,
  ഈ ഭൂമിയിലിടം തന്ന നന്ദിയിലും,
  വളര്‍ത്തി വലുതാക്കിയ കടമയിലും,
  അധിഷ്ടിതമായ ആദരവാര്‍ന്ന സ്നേഹം.
  സ്നേഹമുണ്ട് സോദരങ്ങളോട് ,
  ഒരേ ഇടത്തില്‍ പിറവികൊണ്ട്,
  രക്തബന്ധത്തിലൂന്നിയതും,
  പരസ്പര സ്നേഹവും ചേര്‍ന്ന ഒന്ന്.
  സ്നേഹമുണ്ട് ഇണയോട്,
  പ്രണയം പങ്കുവെയ്ക്കാനും,
  ഇരു ശരീരത്തില്‍ ഒരേ മനമായ് ,
  വര്‍ത്തിക്കുകയും ചെയ്യുന്ന സ്നേഹം.
  സ്നേഹമുണ്ട് സ്വസന്തതികളോട്,
  തന്നില്‍ നിന്നുയിര്‍കൊണ്ട്,
  സ്നേഹത്തിന്‍ അമ്രിതൂട്ടി,കൈകാല്‍ വളര്‍ച്ചയെണ്ണി ,
  തന്നോളമാകാന്‍ കാത്തിരിക്കുന്നൊരു സ്നേഹം.
  സ്നേഹമുണ്ട് സുഹൃത്തുക്കളോട് ,
  പരസ്പര ബഹുമാനം കൊണ്ടും,
  സമവര്‍ത്തിത്ത്വ സമരസം കൊണ്ടും,
  കുറ്റവും കുറവുകളും മനസ്സിലാക്കുന്ന സ്നേഹം.
  പിന്നെയുമുണ്ട് സ്നേഹങ്ങള്‍ ,
  പേരിട്ടു വിളിക്കാന്‍ കഴിയാത്ത ബന്ധങ്ങള്‍,
  സാഹോദര്യവും,സൌഹൃദവും ചേര്‍ന്നിഴപാകിയവ,
  രക്തബന്ധങ്ങളെക്കാള്‍ ആഴമേറിയ സ്നേഹം .

  ഒരു മിനിക്കഥ

  By: mind waverings On: 8:13 PM
 • Share Post
 • ദൂരെ എങ്ങോ ഉള്ള ആ ഗ്രാമത്തിൽ എത്തിപ്പെട്ടതായിരുന്നു അവർ രണ്ടാളും. മദ്ധ്യവയസ്കരായ സ്ത്രീയും പുരുഷനും. ഭാര്യഭർത്താക്കൻമാരോ കാമുകീകാമുകന്മാരൊ ആവാം.അവരുടെ കണ്ണുകളിൽ ഒളിഞ്ഞിരുന്ന പ്രണയതീവ്രത കണ്ട് നില്ക്കുന്നവരിലെയ്ക്ക് കൂടി പകരുന്ന പോലെ.അപരിചിതരായ അവരെ കണ്ണിമയ്ക്കാതെ നോക്കി നിന്നു ഗ്രാമവാസികളിൽ പലരും.ഗ്രാമാതിർത്തി വരെ ഒന്നിച്ച് നടന്ന അവർ പെട്ടെന്ന് വേർപിരിഞ്ഞ് രണ്ട് ദിശയിലേക്ക് നടന്നു.വേർപിരിഞ്ഞപ്പോൾ അവരുടെ കണ്ണിലെ വേർപാടിന്റെ വേദന കൂടുതൽ അറിഞ്ഞത് അവരെ നോക്കി നിന്നവർ ആയിരുന്നു !!!!!

  അമ്മ

  By: mind waverings On: 8:12 PM
 • Share Post
 • പൈതങ്ങളുടെ പൈ അടക്കുവാൻ
  ഉരിയരിക്കായ് ഊര് തെണ്ടി
  വിയർപ്പൊഴുക്കി വിശ്രമമില്ലാതെ
  അദ്ധ്വാനിച്ച് ആഹ്ലാദത്തോടെയാ അമ്മ
  അരി തിളപ്പിക്കാൻ പാത്രമില്ലാതലഞ്ഞ്
  മടിക്കുത്തിനു വിലപേശി,പാത്രമൊപ്പിച്ചത്
  ഗർഭപാത്രം ദാനം തന്നൊരാ കുരുന്നുകൾക്ക് വേണ്ടി
  എന്ന് സമാധാനിച്ചോരമ്മ
  അരി അടുപ്പിലാക്കാനൊരു തുണ്ട് വിറകിനായ്
  എത്രയോ തൊടികൾതോറുമലഞ്ഞു
  വിറകും ചുള്ളിയും ഉണക്കോലയും മടലും
  സ്വരുക്കൂട്ടിയതാണാ അമ്മ
  അടുപ്പിലായ അരിയുടെ പാകം നോക്കി
  വേവാകുവാൻ കണ്ണിലെണ്ണയൊഴിച്ചിരിക്കുമ്പോഴും
  മദ്യലഹരിയാൽ വന്നരിക്കലം തട്ടിത്തൂകുവാൻ
  താലികെട്ടിയ കാലമാടനെത്തുമെന്നു ഭയപ്പെടുന്നതുമമ്മ.

  നോസ്ടാല്ജിയ

  By: mind waverings On: 8:11 PM
 • Share Post
 • വരമ്പത്തൊരോല കുട ,
  പണ്ടെങ്ങോ മറന്നു വെച്ച പോലെ..
  മരമുകളിൽ ഒരേറുമാടം,
  പണ്ടെങ്ങോ ഉപേക്ഷിച്ച പോലെ..
  അടുപ്പത്ത് ചട്ടിയിൽ തിളയ്ക്കുന്ന കറി ,
  മനസ്സിൽ മായാത്ത ഘ്രാണം ...
  ഓലമേഞ്ഞ മേൽപ്പുര ,
  ഈർക്കിലി തുമ്പത്ത് നിന്നിറ്റു വീഴുന്ന മഴത്തുള്ളി...
  മഴവെള്ളത്തിൽ ഒഴുകി അകലുന്ന കടലാസ് വഞ്ചി,
  അകലുന്നതെന്റെ ഓർമ്മകളേയും പേറി...
  പാവാടത്തുമ്പുയർത്തി തുമ്പിയെ പിടിക്കാൻ ഓടിയ ബാല്യം,
  കൈവിട്ട് പറന്നു പോയ്‌ തുമ്പിയെപോലെങ്ങോട്ടോ..

  മഴയോര്‍മ്മകള്‍

  By: mind waverings On: 8:05 PM
 • Share Post
 • തിമിർത്ത് പെയ്യും മഴയിലും,
  കേൾക്കുന്നു ഞാനൊരു പ്രണയഗീതം.
  ഗതകാലസ്മരണകൾ ശ്രുതികൾ മീട്ടുമൊരു,
  വിരഹാർദ്രമാം മൃദുഗീതം.
  തുള്ളിതെറിക്കുന്ന തൂവാനത്തിലും,
  കാണുന്നാരുടെയോ പ്രേമസ്പർശം.
  മഴനനയുമ്പോൾ തോന്നുന്ന കുളിരിലും,
  അറിയുന്നേതോ സ്നേഹാശ്ലേഷം.
  കാർമേഘാവൃതമാം മാനത്ത് കാണുന്നു,
  ആരുടെയോ പരിഭവമോലും കള്ളകോപം.
  ഒളിചിന്നി മറയുമാ മിന്നൽപിണരിലും,
  മിന്നിപൊലിയുന്നൊരാ പുഞ്ചിരി തൻ അഭൌമ ഭംഗി.
  ഇലച്ചാർത്തുകൾ കുണുങ്ങി പൊഴിക്കുന്ന,
  ഓരോ ചെറുമഴത്തുള്ളിയിൽ പോലും.
  അറിയുന്നു,എന്നിൽ നിറയുന്നു ,
  നീയും നിന്നോർമ്മകളും നിത്യം

  രക്ഷകന്‍

  By: mind waverings On: 8:04 PM
 • Share Post
 • മഴയത്ത് കണ്ണ് നിറഞ്ഞൊഴുകുന്നത് ആരും കാണാതിരിക്കാൻ വേണ്ടിയാണ് ആ മഴ മുഴുവൻ അവൾ നനഞ്ഞത്‌ .മഴ നനയരുതെന്ന് അവളെ വിലക്കാൻ ആരുമുണ്ടായിരുന്നില്ല.എന്നും ഒറ്റപ്പെട്ടവൾ എവിടെയും. മഴയ്ക്കൊപ്പം,കണ്ണീരും അവള്‍ പോലുമറിയാതെ തിമിര്‍ത്തു പെയ്തു.അപ്രതീക്ഷിതമായാണ് കുടയേന്തിയ ഒരു ബലിഷ്ടകൈ അവളെ ചേര്‍ത്ത് പിടിച്ചു കുടയ്ക്കുള്ളില്‍ ആക്കിയത്.മഴ നനയാതെ അവളെ സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടു ആ കുടയുടെ ഉടമ യാത്രയായി.ഇനി ഒരിക്കല്‍ കാണുമെന്നു ഉറപ്പില്ലെങ്കിലും അവളുടെ മനസ്സില്‍,തനിക്കായി എന്നും ആ ബലിഷ്ട കൈകള്‍ രക്ഷകര്‍ത്താവായി ഉണ്ടാകുമെന്ന് അവള്‍ വിശ്വസിച്ചു.കണ്ണീര്‍ തുടച്ചു കളഞ്ഞു അവള്‍ സ്വയം പുഞ്ചിരിച്ചു.അവളുടെ സന്തോഷം കണ്ടിട്ടാവണം,അവൾടെ ചാരെ നിന്ന ഗുൽമോഹർ മരവും പൂ പൊഴിച്ച് അവള്‍ക്കൊപ്പം സന്തോഷിച്ചത്‌..!!!

  സ്വപ്നക്കൊട്ടാരം

  By: mind waverings On: 8:02 PM
 • Share Post

 • നഷ്ടപ്രണയം

  By: mind waverings On: 7:59 PM
 • Share Post
 • നോവിന്നാഴിയിലാർന്നൊരാത്മാവിനെ
  മാന്ത്രിക തന്ത്രികളാലുഴിഞ്ഞും
  മാസ്മരമാം ഗീതം മൊഴിഞ്ഞും
  മനസ്സെന്ന കിളിക്കൂട്ടിലെയ്ക്ക്
  തിരികെ ആവാഹിച്ചതൊടുവിൽ 
  നിൻ സ്നേഹദ്വംശനത്താൽ
  എന്നെന്നേക്കുമായാത്മാവിന്
  ചിതയൊരുക്കാനായിരുന്നൊ
  വരണ്ട മനസ്സിൻ മണ്ണിൽ
  പ്രതീക്ഷയാം വിത്ത് പാകിയതും
  വിത്തൊരു മോഹമരമായി വളരാൻ
  സ്നേഹമെന്ന വളവും പ്രേമമെന്ന ജലവുമേകി
  അതിൽ നിറയെ പ്രണയവർണ്ണമുള്ള
  പൂക്കൾ വിടർത്തിയതും
  ഒടുവിൽ മൂര്‍ച്ചയേറിയ കോടാലി
  മാറില്‍ തന്നെ പതിപ്പിക്കാനായിരുന്നോ

  തിരുത്തല്‍വാദി

  By: mind waverings On: 7:56 PM
 • Share Post
 • എന്റെ തൂലികത്തുമ്പില്‍ നിന്നുതിരുന്ന മഷിയിൽ
  എനിക്കൊരല്‍പ്പംവിപ്ലവ വീര്യം ചേർക്കണം
  മനസ്സിനെ വിറളി പിടിപ്പിക്കുന്ന
  വാർത്തകളെ തിരുത്തി കുറിക്കുവാൻ
  രക്തത്തിന്റെ കണക്ക്‌ നോക്കാതെ പൊഴിക്കുന്നതും
  രക്തബന്ധം കണക്കു നോക്കാതെ കൊഴിക്കുന്നതും
  രക്തത്തിന് പകരം കണക്കുകൂട്ടി വീഴ്ത്തുന്നതും
  യുക്തിയോടെല്ലാമെനിക്ക് കണക്കു നോക്കാതെ തിരുത്തി കുറിക്കണം .
  വ്യക്തികള്‍ സദാ സമൂഹത്തെ പഴിക്കുന്നതും
  വ്യക്തി ബന്ധങ്ങള്‍ക്ക് തൃണവില കല്‍പ്പിക്കുന്നതും
  വ്യക്തതയില്ലാതെ അന്യനില്‍ സംശയാലുവാകുന്നതും
  ശക്തിയോടെനിക്കിന്നു തിരുത്തി എഴുതണം .
  ഭക്തിയെ കച്ചവടമാക്കി ചുരുക്കുന്നതും
  ഭക്തന്റെ കള്ള മേലങ്കി അണിഞ്ഞു രസിക്കുന്നതും
  സൂക്തങ്ങളിലെ ഏടുകള്‍ മറന്നെന്നു ഭാവിക്കുന്നതും
  തിക്തമായെല്ലാം മാറ്റി കുറിക്കണം.....
  മാറ്റി കുറിക്കണം അവയൊക്കെത്തന്നെ
  ഇന്നെനിക്കീ തൂലികത്തുമ്പില്‍ നിന്നടരുന്ന
  അക്ഷരകണങ്ങളുടെ തീക്ഷ്ണമാംഊര്‍ജ്ജ താണ്ഡവത്തിന്റെ
  വീര്യം നിങ്ങള്‍ തന്‍ സിരകളില്‍ നിറയ്ക്കുവാന്‍