Saturday, June 30, 2012

വെറുതെ ഒരു മോഹം...

By: mind waverings On: 12:48 PM
  • Share Post
  • കിടാങ്ങള്‍ തന്‍ കേളികള്‍ കണ്ടങ്ങിരിക്കവേ
    ഉള്ളിന്നുള്ളില്‍ ഓരോ മോഹം പിറക്കുന്നൂ..
    ബാല്യകാലത്തിലെക്കൊന്നെത്തി നോക്കി
    പെട്ടെന്നോടി തിരിച്ചിങ്ങു പോരുവാന്‍.

    അമ്മതന്‍ മടിയില്‍ കയറിയിരുന്നോരാ
    അമ്മിഞ്ഞപ്പാലിന്‍ മധുരം നുണയുവാന്‍ ..
    അച്ഛന്‍ തന്നുടെ മുതുകത്തങ്ങേറി
    ആനക്കാരനായ് ഗമയില്‍ വിലസുവാന്‍.

    മുത്തച്ച്ചന്‍ തന്നുടെ കൈ പിടിച്ചങ്ങനെ
    പാടവരമ്പത്തൂടല്‍പ്പം നടക്കുവാന്‍..
    മുത്തശി തന്നുടെ തോളോട് ചേര്‍ന്നിരുന്ന്
    കഥകള്‍ കേട്ട് രസിച്ചു ചിരിക്കുവാന്‍.

    കുട്ടിക്കുറൂമ്പുകാര്‍കൂട്ടുകാര്‍ക്കൊപ്പം
    ഒളിച്ചേ പിടിച്ചേ ഒന്നൂടി കളിക്കുവാന്‍..
    മാവില്‍ നിന്നൊരാ മാമ്പഴം വീഴുമ്പോള്‍
    മത്സരിച്ചോടി ചെന്നതെടുക്കുവാന്‍.

    മഴവെള്ളം നിറഞ്ഞു കവിഞ്ഞോരാ മുറ്റത്ത്‌
    കടലാസ് തോണി ഒഴുക്കി കളിക്കുവാന്‍..
    രുചിയേറും നാരങ്ങാമിട്ടായി നുണഞ്ഞങ്ങന
    കൂട്ടരോടൊപ്പം കുറച്ചൊന്നലയുവാന്‍...

    (വെറുതെ ഈ മോഹങ്ങളെന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം)

    കാട് കയറിയ ചിന്തകള്‍

    By: mind waverings On: 12:38 PM
  • Share Post
  • അടച്ചിട്ട ജാലകങ്ങള്‍ക്കപ്പുറം,
    ഇരുള്‍ കൂടുകൂട്ടുന്നു.
    അതിനിപ്പുറം നിദ്ര എന്നില്‍ നിന്നെങ്ങോ,
    പിണങ്ങി മാറി ഒളിച്ചിരിക്കുന്നു.

    നിദ്ര ഒഴിഞ്ഞോരാ ശൂന്യതയില്‍,
    ചിന്ത ചങ്കൂറ്റത്തോടെ വിഹരിക്കുന്നു.
    അത് കൂര്‍ത്ത നഖവിരലുകളാല്‍,
    ഹൃദയത്തെ ചുറ്റിവരിയുന്നു..

    ജാലകം തുറന്നാ ഇരുട്ടിനെ,
    കൂട്ട് വിളിക്കാനും;
    പിണങ്ങിയകന്ന നിദ്രയെ,
    ഇണക്കിയെടുക്കാനും ആകാതെ ;
    ചിന്തയുടെ കരവലയത്തില്‍ ഞെരിഞ്ഞമരുന്നു.

    തീരവും തിരയും

    By: mind waverings On: 12:31 PM
  • Share Post

  • എന്നില്‍ നിന്നകലാനുള്ള ത്വരയ്ക്കിടയിലും,
    ഓര്‍ക്കുക;നീ,
    തിരികെയണയുമ്പോഴും ഇവിടെയുണ്ടാകും,
    സ്നേഹത്തിന്റെ ചൂടും ചൂരും ഒട്ടുമേ ചോരാതെ.

    നൂറു നൂറു കാല്‍പാദങ്ങളെന്‍മേല്‍ പതിഞ്ഞാലും,
    ഉള്ളിന്നുള്ളില്‍ പതിപ്പിക്കില്ലൊന്നിനെയും.
    കാത്തിരിക്കുന്നു നിമിനേരമെങ്കിലും,
    നീയുമായുള്ളോരാ ചെറുസംഗമത്തിനായ്.

    കിട്ടാനിധികള്‍ തേടി നീ അകന്നാലും,
    കണ്ണെത്താദൂരം പോയ്‌ മറഞ്ഞാലും.
    തിരികെ എത്തുമ്പോള്‍ ചായാന്‍,
    അകളങ്കിത സ്നേഹവുമായുണ്ടിവിടെ ഞാന്‍.

    നിന്നിലുള്ള കാലുഷ്യങ്ങള്‍ എന്നില്‍ ചൊരിഞ്ഞു കൊള്‍ക,
    രോഷസംഹാരാഗ്നികള്‍ എന്നില്‍ തീര്‍ത്തു കൊള്‍ക.
    സഹിച്ചുകൊള്ളാം ഞാനതെല്ലാം സന്തോഷമായ്,
    നീ ഏകിയോരാ സ്നേഹത്തിനു പകരമായ്.