Saturday, April 27, 2013

നിത്യമോചനം

By: mind waverings On: 12:30 PM
 • Share Post

 • തുറന്നിട്ട ജാലകത്തിലൂടെ തൂവെള്ള മേഘങ്ങളുടെ പമ്മി പമ്മിയുള്ള നീങ്ങൽ നോക്കി കിടക്കവേ ;സുനന്ദയുടെ ഉള്ളില്‍ ഒരു കാർമേഘം ഉരുണ്ടു കൂടുന്നതും,അതൊരു മഴയായ് കണ്ണുകളിലൂടെ പെയ്തൊഴിയുന്നതും അവൾ അറിയുന്നുണ്ടായിരുന്നില്ല.

  പടിഞ്ഞാറൻ ചക്രവാളങ്ങളെ ഏതാനും നേരത്തേയ്ക്ക് സിന്ദൂരം ചാർത്തി പിന്നെ രാത്രിയെ പുൽകുന്നത് പോലെയായിരുന്നല്ലോ തന്‍റെ ജീവിതം.പക്ഷെ ആ രാത്രിയിലും നിലാവെളിച്ചത്തിൽ പ്രതീക്ഷ അർപ്പിച്ചത് കൊണ്ട് സിന്ധുമോളെ നല്ല രീതിയിൽ വളർത്താൻ കഴിഞ്ഞു.

  വിജയെട്ടനുമൊത്തുള്ള ജീവിതമൊരുത്സവമായിരുന്നു. ചുരുങ്ങിയ മൂന്നു വർഷത്തെ ദാമ്പത്യ ജീവിതം. കൃഷ്ണനെ ആവോളം തൊഴാൻ അമ്പലത്തിനടുത്ത് തന്നെ വീട് പണിയണമെന്ന വിജയേട്ടന്‍റെ ആഗ്രഹം സഫലീകരിച്ചതിന്‍റെ അന്ന് തന്നെ;മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നില്ലേ?

  കണ്ണന് ഞങ്ങളോട് അസൂയതോന്നിയിട്ടുണ്ടാവണം. അവനും അവന്‍റെ രാധയും തമ്മിലുള്ളതിനേക്കാൾ ഞങ്ങൾ സ്നേഹിക്കുന്നത് കണ്ടിട്ട്.   വിജയൻ മരിക്കുമ്പോൾ മോൾക്ക്‌ ഒരു വയസ്സ് തികഞ്ഞിട്ടില്ല. അദ്ദേഹം സിന്ദൂരം തൊട്ട നെറുകയിൽ പിന്നൊരു കൈ പതിയാന്‍ഒരിക്കലും ആഗ്രഹിച്ചില്ല. ജീവിതം മകൾക്കായി മാത്രം പതിച്ചു നൽകുകയായിരുന്നു.

  ഒരിക്കലും തന്‍റെ സ്വഭാവത്തിന് മേൽ കളങ്കം ഉണ്ടായിട്ടില്ല. മാനത്തിന് വിലയിടാൻ സമ്മതിച്ചിട്ടില്ല ... എന്നിട്ടും .......

  സൌന്ദര്യം ഒരു ശാപമെന്ന് ചെറുപ്പത്തിൽ തനിക്ക് തോന്നിയിട്ടില്ല ഒരിക്കൽ പോലും ;പക്ഷെ ,ഈ പ്രായത്തിൽ ;വയസ്സിനെ വകവെയ്ക്കാതെ അത് ജ്വലിക്കുമ്പോൾ ,മകൾക്കുള്ളിൽ ഉയരുന്ന ആശങ്കകളും,തത്ഫലമായി ,അമ്മയോട് അസൂയയെന്ന വികാരം കാളകൂട വിഷമായി വാചകങ്ങളിൽ വമിപ്പിക്കുകയും ചെയ്യുമ്പോൾ ,ഏതമ്മയാണ് സഹിക്കുക..!!!

  വിധവകൾക്ക് സൌന്ദര്യം തീരാശാപം തന്നെ;ശിക്ഷയും. സമൂഹത്തിനിടയിൽ മാത്രമല്ല ബന്ധങ്ങൾക്കിടയിൽ പോലും വിള്ളൽ വീഴ്ത്തുന്ന ഒന്ന്.
  പുരുഷന്മാരോടാരോടെങ്കിലും സംസാരിച്ചു പോയാല്‍,അത് സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന മരുമകനോടായാൽ പോലും സിന്ധു സംശയക്കണ്ണാടി വെയ്ക്കുന്നു ഈയിടയായി.

  ഇന്നവൾ അതിര് കടന്നു.വിനയൻ അവൾ വരുന്നതിന് മുന്നേ ഓഫീസിൽ നിന്ന് വന്നതിനെ അവൾ വളച്ചൊടിച്ചപ്പോൾ അതൊരു മാതൃത്വത്തിന് ഒരിക്കലും സഹിക്കാനാവാത്ത ഒരു സാഹചര്യമായി.

  ഇനി അർത്ഥമില്ല ;തന്‍റെ ജീവിതത്തിൽ . ഇനി മടങ്ങുക തന്നെ ,വിജയേട്ടനടുത്തേയ്ക്ക്. സുനന്ദ കയ്യിലിരുന്ന ഉറക്കഗുളികകൾ അപ്പാടെ വായിലെയ്ക്കിട്ട് വെള്ളമൊഴിക്കുമ്പോൾ,താൻ ഒഴിഞ്ഞ ലോകം മകള്‍ക്ക് നല്കുന്ന ആശ്വാസവും ഒപ്പം ദൂരെ നിന്ന് മാടി വിളിക്കുന്ന വിജയനുമായിരുന്നു മനസ്സിൽ ...!!!!!!

  പരിഭവങ്ങള്‍

  By: mind waverings On: 12:22 PM
 • Share Post
 • "എന്തിനാ നീ ഇന്നലെ ആ സഫീനായോട് മിണ്ടിയത്,വിമലയെ നോക്കി ചിരിച്ചത്" എന്നൊക്കെ ഇനി അവനെ അടുത്ത് കിട്ടുമ്പോള്‍ പരിഭവം പറയണം എന്നവള്‍ മനസ്സില്‍ കുറിച്ചിട്ടിരിക്കുകയായിരുന്നു. പക്ഷെ എന്ത് കൊണ്ടോ അവനെ കണ്ടു കഴിഞ്ഞാല്‍ പിന്നെ പരിഭവങ്ങള്‍ മറക്കുകയാണ് പതിവ്‌...

  എന്നും തങ്ങളില്‍ കാണാവുന്നിടത്തായിരുന്നു അവര്‍ക്ക് രണ്ടാള്‍ക്കും ജോലിയെങ്കിലും ,തങ്ങളുടെ ഇഷ്ടം മറ്റുള്ളവരുടെ മുന്നില്‍ ഒരു പ്രദര്‍ശനവസ്തു ആക്കെണ്ടാതില്ലെന്ന നിര്‍ബന്ധം അവനായിരുന്നു അവളെക്കാള്‍....

  ചിലനേരം അവന്‍റെ പെരുമാറ്റം കാണുമ്പോള്‍ അവന്‍റെ സ്നേഹം യാഥാര്‍ത്യമാണോ എന്ന് പോലും അവള്‍ സംശയിച്ചിട്ടുണ്ട്.

  അവന്‍ വരുന്നത് തന്നെ ഒരു കോട്ട പരിഭവക്കെട്ടുമായായിരിക്കും മിക്കപ്പോഴും. ഊണ് കഴിക്കുമ്പോള്‍ വിനയനുമായി പറഞ്ഞു ചിരിക്കാന്‍ എന്താണിത്ര ഉള്ളത്,കൈകഴുകാന്‍ പോകുമ്പോള്‍ മുരുകനെന്തിനാ അവളുടെ ദേഹത്ത് മുട്ടിയത്‌ എന്ന മട്ടിലാവും അവന്‍റെ പരിഭവങ്ങള്‍

  ഈ പരിഭവങ്ങളെ അവള്‍ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളതാണ് സത്യം. പരിഭവങ്ങളില്‍ കൂടി അവന്‍ അവളോടുള്ള നിസ്വാര്‍ത്ഥ സ്നേഹമല്ലേ പറയാതെ പറയുന്നത്....!!!!
   —

  മഷിക്കുപ്പികള്‍

  By: mind waverings On: 12:06 PM
 • Share Post

 • കാത്തു വെച്ചിട്ടുണ്ട് ഞാൻ മഷിക്കുപ്പികൾ,
  കറുപ്പും പച്ചയും ചുവപ്പും നീലയും.
  ചിന്തകൾക്കും ഓർമ്മകൾക്കും,
  ഭയങ്ങൾക്കും സ്വപ്നങ്ങൾക്കും മേൽ ചാലിക്കുവാൻ.

  ചിന്തകളെന്നെ കീഴടക്കി,
  അടിമയാക്കാൻ ശ്രമിക്കവേ,
  ഒഴുക്കും ഞാൻ അവയിലേയ്ക്ക്,
  കറുപ്പ് മഷി ഒട്ടുമേ ദയയില്ലാതെ.

  ഓർമ്മകളെ മറവി കയ്യടക്കാതിരിക്കുവാൻ,
  നിത്യഹരിതമായ് എന്നും നിലനിർത്തുവാൻ.
  തളിയ്ക്കും ഞാൻ പച്ചമഷി അവയിലേയ്ക്ക്,
  ഓർമ്മകളെ അത്രമേൽ സ്നേഹിച്ചു പോയിഞാൻ.

  ചുവപ്പ് മഷി വേണമെനിക്കെന്റെ ഭയങ്ങളെ,
  തടുക്കുവാൻ;സ്വയം മോചിതയാവുവാൻ.
  ഭയങ്ങളെന്നിൽ വളർന്നു ഭീകരരൂപിയായ്,
  എന്നാത്മാവിനെ കൊന്നൊടുക്കാതിരിക്കുവാൻ.

  സ്വപ്നങ്ങളെനിക്കെത്ര പ്രിയങ്കരങ്ങളെന്നോ,
  കൊല്ലാനോ ,തടുക്കാനോ എനിക്കാവില്ലവയെ.
  അതിനാൽ,നീല മഷി കുടയട്ടെ അവയിലേയ്ക്ക്,
  അന്തമില്ലാത്ത നീലാകാശനിറമതിൽ പടർത്തുവാൻ.

  മായാത്ത മഷിപ്പാടുകള്‍

  By: mind waverings On: 12:03 PM
 • Share Post
 • ഇന്ന് ദുഃഖവെള്ളി;ദൈവപുത്രനെ കുരിശിലേറ്റിയതിന്‍റെ ഓർമ്മപുതുക്കൽ ദിനം .ശോഭ,അന്നവധി ദിനത്തിന്‍റെ ആലസ്യത്തിലായിരുന്നു.കുട്ടികൾക്ക്വെക്കേഷൻ,സുധിയ്ക്ക് അന്ന് അവധിദിനവും.ഒന്നുറങ്ങി അന്നുവരെയുള്ള ക്ഷീണങ്ങളെ കുരിശേറ്റണമെന്നായിരുന്നു അവളുടെ ആഗ്രഹം,ഒരിക്കലും സാധിക്കില്ലെന്ന് അറിയാമെങ്കിലും.

  സുധിയും കുട്ടികളും സുധിയുടെ പെങ്ങളുടെ വീട്ടിലേയ്ക്ക് പോകാൻ വിളിച്ചപ്പോൾ ക്ഷീണത്തിന്‍റെ പേരിൽ ഒഴിഞ്ഞു മാറിയതും മറ്റൊന്നും കൊണ്ടല്ല.തന്നെ തനിച്ചാക്കി പോകാൻ സുധിക്ക് വിഷമമുണ്ടായിരുന്നെങ്കിലും താൻ തന്നെ അവരെ ധൈര്യം നല്കി 
  യാത്രയാക്കുകയായിരുന്നു. 

  ഒറ്റയ്ക്കായപ്പോൾ ഉറക്കം പിണങ്ങിയകന്നു.തന്‍റെ ചിന്തകളെ ഏത് വിധം കുരിശേറ്റാമെന്ന് ചിന്തിക്കും തോറും അത് സുനാമി തിരമാലകളെ പോലെ അവളെ വരിഞ്ഞുമുറുക്കി അതിലവളെ മുക്കിത്താഴ്ത്തി.

  താനെന്താ ഇങ്ങനെയായിപ്പോയത്,അവളോർത്തു.സുധിയുടെയുംഅവളുടെയും ജീവിതത്തിൽ ഒരിക്കലും അപശ്രുതി ഉയർന്നിട്ടില്ല.അവർ കളി പറയുന്നപോലെ വയസ്സേറും തോറും പ്രണയതീവ്രത വർദ്ധിക്കുന്ന പോലെ.


  ഇന്നലെ മുതലാണ്‌ അവൾ ചിന്താവിഷ്ടയായത്‌ അപ്രതീക്ഷിതമായ ആ ഫോണ്‍കോൾ വന്നത് മുതൽ.അവൻ;അവനായിരുന്നു മറുതലയ്ക്കൽ.അവളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ളയാൾ.അവനവൾക്ക് ആരായിരുന്നു .പ്രണയി? കൂട്ടുകാരൻ? മന:സാക്ഷി? - ഇതെല്ലാമായിരുന്നു അവൻ.


  ചെറുപ്രായത്തിലെ അച്ഛനും അമ്മയും മരിച്ചു പോയ അവൾ വളർന്നത്‌ അനാഥാലയത്തിലെകരുണാനിധികളായ അമ്മമാരുടെ തണലിൽ.പഠിക്കാൻ മിടുക്കിയായതുകൊണ്ട് പ്ലസ് ടൂ കഴിഞ്ഞപ്പോഴേയ്ക്കും എന്‍ട്രന്‍സ് എഴുതി എഞ്ചിനീയറിംഗ് അഡ്മിഷനും തരമായി.
  കോളേജിൽ അനാഥ എന്നുള്ള ലേബൽ ചിലരിൽ പുച്ഛവും മറ്റുചിലരിൽ സഹതാപവുമേറ്റിയപ്പോൾ ,അവൾ മനസ്സാ കൊതിച്ചത് പരിഗണനകളില്ലാത്ത ഒരു സൗഹൃദത്തിനായിരുന്നു.ആ തിരച്ചിൽ അവസാനിച്ചത്‌ മിഥുനിലും.

  മിഥുൻ അവളുടെ സഹപാടിയോ സീനിയറോ ആയിരുന്നില്ല,അവൾ യാത്ര ചെയ്തിരുന്ന ബസ്സിലെ സഹയാത്രികരിൽ ഒരാള്‍ .ഒരേ സ്റ്റോപ്പിൽ നിന്നാണ് അവർ ബസ്സ്‌ കയറുക.അവൻ മറ്റൊരുകോളേജിലെ ഡിഗ്രി വിദ്യാർഥിയും.

  ഒരിക്കൽ ബസ്സിൽ കയറുമ്പോൾ വഴുതി വീഴാൻ തുടങ്ങിയ അവളെ താങ്ങിയത് അവനായിരുന്നു.അന്ന് മുതൽ അവളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലുമെല്ലാം താങ്ങായി അവനുണ്ടായിരുന്നു ഒപ്പം..

  പ്രണയം എന്ന വാക്ക് അവരുടെ ബന്ധത്തിൽ ഉപയോഗിക്കപ്പെട്ടാൽ അതാ ബന്ധത്തിന് കളങ്കമേല്‍പ്പിക്കും എന്ന് തോന്നിയിരുന്നു അവർക്ക്.

  അവർ പ്രണയിച്ചില്ലെന്നല്ല, പ്രണയിച്ചു പരസ്പരം.ഒരാൾക്ക്‌ മറ്റൊരാളെ പ്രണയിക്കാവുന്നതിലും ഏറെ;പക്ഷെ ആ ബന്ധത്തിന്റെ അടിസ്ഥാന വികാരം പ്രണയമായിരുന്നോ ?

  മിഥുൻ അവൾക്കു കണ്ണനായിരുന്നു,അവൻ അവൾക്കു ചിന്നുവും.വർഷങ്ങൾ തെന്നി മാറുന്നത് അവർ അറിയുന്നുണ്ടായിരുന്നില്ല.രണ്ടുപേരുംഉന്നത നിലയില്‍ പരീക്ഷകൾ പാസായി.അവനു വിദേശത്ത് ജോലി ശരിയായി.അവിടെയ്ക്ക് പറക്കുന്നതിന് മുൻപ് അവനവളോട് പറഞ്ഞതിത്ര മാത്രം."നിന്റെ നല്ല ജീവിതം മാത്രമേ ഞാൻ എപ്പോഴും ആശിച്ചിട്ടുള്ളൂ.ഒരു നല്ല വിവാഹബന്ധത്തിന് നീ തയ്യാറായി,കുടുംബജീവിതം നയിക്കുന്നത് കാണുന്നതാണ് എനിക്ക് ഏറ്റവും സന്തോഷമേകുക"

  തന്‍റെ കണ്ണൻ അന്യദേശത്തേയ്ക്ക് യാത്രയായത്തോടെ അവൾ താങ്ങ് നഷ്ടപ്പെട്ടവളായി
  ആ സമയത്താണ് സുധിയുടെ വിവാഹാലോചന അവൾക്കുമുന്നിൽ എത്തിയത്.അനാഥയായ ഒരു കുട്ടിയെ വിവാഹം ചെയ്യണമെന്നുള്ള അദ്ദേഹത്തിന്‍റെ തിരച്ചിൽ അവസാനിച്ചത്‌ ശോഭയിലായിരുന്നു.

  ശോഭയ്ക്കും എതിർപ്പൊന്നും തോന്നിയില്ല കാരണം അവളുടെ കണ്ണൻ അവളോട്‌ പറഞ്ഞ ഒരു കാര്യവും അവൾക്കു നിഷേധിക്കാൻ ആവില്ല ,അവളുടെ കണ്ണനോളം അവളെ മനസ്സിലാക്കാൻ മറ്റാർക്കാണ് കഴിയുക.

  വിവാഹത്തിന് മിഥുന് എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിലും അവന്‍റെ വക ആശംസാകാർഡുകളും പൂച്ചെണ്ടുകളും കൃത്യസമയത്ത് എത്തിച്ചേർന്നു.


  സുധി സ്നേഹവാനായിരുന്നു.പക്ഷെ ഉപബോധമനസ്സ് സ്വയമറിയാതെ സുധിയെ കണ്ണനോട് ഉപമിച്ചിരുന്നു ,മനസ്സില്‍ തെറ്റെന്നു പൂര്‍ണ്ണ ബോധ്യത്തോട് കൂടി തന്നെ.
  സുധിയോടോരിക്കലും കണ്ണനെ കുറിച്ച് പറഞ്ഞിരുന്നില്ല .മനപ്പൂര്‍വ്വം തന്നെ ,കാരണം ഇതൊരു പുരുഷനും സ്വന്തം ഭാര്യയുടെ ബന്ധം,അതെത്ര അകളങ്കിതമെങ്കിലും സ്വീകരിക്കില്ല എന്നവൾക്ക് അറിയാമായിരുന്നു.

  ഇന്നലെ ഉച്ചനേരം,ഫോണ്‍ മുഴങ്ങിയപ്പോൾ അവൾ ഒട്ടും വിചാരിച്ചില്ല അതവളുടെ കണ്ണനായിരിക്കുമെന്ന്.ഫോണെടുത്ത അവൾ ഒരു വേള കണ്ണന്‍റെ സ്വന്തം ചിന്നുവായി.എത്രത്തോളം അവനെ മിസ്സ്‌ ചെയ്യുന്നു എന്നവൾക്ക് മനസ്സിലായത്‌ അപ്പോഴാണ്‌.താനവനെ പ്രണയിച്ചിരുന്നോ ?ഒന്നാകാൻ ആഗ്രഹിച്ചിരുന്നോ.ഉപബോധമനസസിലെങ്കിലും ?

  പെട്ടെന്ന് തന്നെ മനസ്സവളെ വിലക്കി "നീ സുധിയുടെ പെണ്ണല്ലേ ,പിന്നെന്തിനാ ഇപ്പോൾ ഇങ്ങനെയൊരു ചിന്ത ?


  പക്ഷെ ചിന്തകൾ .പിന്നെയും പിന്നെയും അവളെ വരിഞ്ഞു മുറുക്കിക്കൊണ്ട് തന്നെയിരുന്നു....ഒരിക്കലും ...ഒരുനാളും അവൾക്കു മോചനം ലഭിക്കാൻ ഇടയില്ലാത്ത ചിന്തകൾ ..!