Monday, September 21, 2015

യാത്ര

By: mind waverings On: 10:54 PM
 • Share Post
 • എല്ലാ യാത്രകളുടെയും തുടക്കം ആകാംക്ഷയോടെ ആയിരിക്കും.മടക്കം എന്തോ നഷ്ടപ്പെട്ടെന്ന പോലെയും.
  എത്ര നാൾ കൂടി ആഗ്രഹിച്ച ട്രിപ്പ്‌ ആയിരുന്നു ഇത്.തമ്പാനൂര് നിന്ന് ട്രെയിൻ കയറുമ്പോൾ മനസ്സ് സന്തോഷത്താൽ തുടി കൊട്ടുകയായിരുന്നു.അഞ്ജലി ഷൊർന്നൂരിൽ കാത്ത് നില്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.അവളുമൊത്ത് അമ്മയെ കാണാൻ പോകണം.അനുഗ്രഹം വാങ്ങണം എന്നിട്ട് വേണം ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ.
  രണ്ടാളും അനാഥരായത് കൊണ്ട് കെട്ട് പാടുകൾ മറ്റൊന്നുമില്ലല്ലോ.എന്നാലും അമ്മയുടെ കുഴിമാടത്തിൽ പോയ്‌ അനുഗ്രഹം വാങ്ങിയാലെ സമാധാനം കിട്ടൂ.
  ട്രെയിൻ തമ്പാനൂര് നിന്ന് പുറപ്പെട്ടപ്പോൾ ഋഷി ഉറങ്ങി പോയി.ഇടയ്ക്കെപ്പോഴോ ഉണർന്നപ്പോൾ എതിർ സീറ്റിൽ ഒരു ചെറിയ പെണ്‍കുട്ടി,കഷ്ടിച്ച് ഒന്പത് വയസ്സ് വരും.ഈ കുട്ടി ഒറ്റയ്ക്കാണോ യാത്രയിൽ.അവൻ അതിശയിച്ചു.
  രാത്രി സമയമായത് കൊണ്ട് പുറത്തെ വണ്ടി അനക്കത്തിനൊപ്പം അവളുടെ മുഖത്ത് മിന്നി മറയുന്ന നിഴലുകൾ നോക്കി ഇരിക്കാൻ കൌതുകം തോന്നി.
  ആകാംക്ഷ സഹിക്കാൻ വയ്യാതെ അവളോട് സംസാരിക്കാൻ ഋഷി തീരുമാനിച്ചു.
  "മോൾ ഒറ്റയ്ക്കാണോ"
  അവൾ അവനു നേരെ മുഖം തിരിച്ചു.നിറഞ്ഞൊഴുകിയ രണ്ട് കണ്ണുകൾ ആണ് അവന് കിട്ടിയ മറുപടി.
  പിന്നൊന്നും ചോദിക്കാനവന് തോന്നിയില്ല.
  അവൻ പിന്നെയും ഉറക്കത്തിലേയ്ക്ക് ഊളിയിട്ടു.
  ഇടയ്ക്കെന്തോ ഒച്ച കേട്ടാണ് അവൻ ഉണർന്നത്.നോക്കുമ്പോൾ ആ കുട്ടി വാതിലിനു നേരെ നടക്കുന്നതും അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതുമാണ് അവൻ കണ്ടത്.കുട്ടി പുറത്തേയ്ക്ക് ചാടിയതായി അവനു മനസ്സിലായി.
  അവൻ പെട്ടെന്ന് അപായ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി.ആരൊക്കെയോ ഓടി വന്നു.കിതപ്പിനിടയിൽ അവൻ എങ്ങനെയൊക്കെയോ കാര്യം പറഞൊപ്പിച്ചു.
  ടീ ടീ യാണ് അവനോട് വിവരം പറഞ്ഞത്.അത് കേട്ടവൻ നടുങ്ങിപ്പോയി.
  ആദ്യമായി ആ ട്രെയിനിൽ ,സെപ്റ്റംബർ അഞ്ചിന് ആ വഴിക്ക് പോകുന്ന പലർക്കും ഉണ്ടായ അനുഭവമായിരുന്നു അത്.പന്ത്രണ്ടു വർഷം മുന്പ് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചൊരു കൊച്ചു പെണ്‍കുട്ടിയുടെ ഓർമ്മദിവസംആയിരുന്നന്ന്!!
  By: mind waverings On: 10:50 PM
 • Share Post
 • പ്രണയത്തിന്റെ കണ്ണടച്ചാ
   സൗഹൃദത്തിന്റെ തൃക്കണ്ണ് തുറന്നെന്നെ കടാക്ഷിക്കുക
  ആ കണ്ണുകളുടെ മനോഹാരിതയിൽ,
  അതിന്റെ കയത്തിൽ 

  ഞാനെന്റെ സ്നേഹത്തെ 
  മുക്കിത്താഴ്ത്താം!!!
  By: mind waverings On: 10:49 PM
 • Share Post
 • ഒരു വലിയ ചട്ടകൂട്ടിലകപ്പെട്ട ചെറിയ മനുഷ്യരാണ് നാമെല്ലാവരും.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
  കരുതാനും
  കരുതപ്പെടാനും
  സന്തോഷിക്കാനും
  സന്തോഷിക്കപ്പെടാനും
  പ്രണയിക്കാനും
  പ്രണയിക്കപ്പെടാനും
  ഓർക്കാനും
  ഓർക്കപ്പെടാനും
  മോഹിക്കാനും
  മോഹിക്കപ്പെടാനും
  പിണങ്ങാനും
  പിണങ്ങിയിണങ്ങാനും
  ഒക്കെ കൊതിക്കുന്ന,പ്രായമെന്ന ഭീകരന് മുന്നിൽ പേടിച്ചു വിറച്ച്
  മുട്ട് മടക്കുന്ന പാവം മനുഷ്യർ!!

  പ്രണയം

  By: mind waverings On: 10:48 PM
 • Share Post
 • പ്രണയത്തെ കുറിച്ച് ചില പമ്പര വിഡ്ഢികൾ എന്തൊക്കെയോ പറഞ്ഞ് വെച്ചിട്ടുണ്ട്.എഴുത്തുകാർക്ക് വായനക്കാരെ സുഖിപ്പിച്ചാ മതീലോ,ഹും
  രാവിലെ തുടങ്ങിയതാണ് മീരയുടെ തട്ടിമൂളിക്കൽ.ഇന്നത്തെ ഇര ആരാണാവോ.ഏതായാലും ഇന്നത്തെ ചോരയിൽ എനിക്ക് പങ്കില്ല.രാഹുൽ ആശ്വാസം കൊണ്ടു.
  "എന്തുവാടീ കുഴപ്പം"? രണ്ടും കല്പിച്ചു രാഹുൽ ചോദിച്ചു.
  ഒന്നൂല്ലേ,ഗുൽമോഹർ ചോട്ടിൽ കൈ കോർത്ത് നടക്കണം,മഴ ഒന്നിച്ചു നനയണം,നിലാവിനെ കണ്ടാസ്വദിച്ച്,പ്രണയിയെ ആലോചിച്ചു പാട്ട് പാടണം ഇതൊക്കെ ആയാലേ പ്രണയമാവൂത്രേ.
  ഇങ്ങനെ പ്രണയിച്ചു വിവാഹം കഴിയുമ്പോഴോ?
  രാഹുലിന് അപകടം മണത്തു.
  മീര തുടർന്നു.
  രാവിലെ എണീക്കുമ്പോ ചായ,പല്ല് തേയ്ക്കാൻ പേസ്റ്റ്,ബ്രഷ്,കുളിക്കാൻ സോപ്പ്, എണ്ണ ഷാമ്പൂ,കുളിച്ചു വരുമ്പോ കാപ്പി,അത് കഴിഞ്ഞു അലക്കിതേച്ച ഉടുപ്പ് ഒക്കെ കയ്യിലെടുത്ത് കൊടുക്കണം.ഓഫീസിലേയ്ക്ക് പോകുമ്പോ കയ്യിൽ ഉച്ചയ്ക്കുള്ള ചോറു പാത്രോം.
  പണ്ട് പ്രണയിക്കുമ്പോ നിന്റെ മുടി ഇഴകളിൽ എന്നെ ഞാൻ ഒളിപ്പിച്ചോട്ടേന്നും,കണ്ണുകളിൽ മുങ്ങി.താണോട്ടേ എന്നൊക്കെ പറഞ്ഞയാൾക്ക് കണ്ണില് ഒരു കരട് പോയാൽ പോലും ഒന്ന് ശ്രദ്ധിക്കാൻ സമയോണ്ടോ
  ഒരായുസ്സ് മുഴുവനും നിനക്കൊപ്പമിരുന്നാലും മടുക്കില്ലെടീ എന്ന് പറഞ്ഞയാൾക്കിപ്പോ അവധി ദിവസം പോലും എനിക്കൊപ്പം ഇരിക്കാൻ സമയോല്ല.
  നിന്റെ മൊഴികൾ തേൻകണമാണ് പെണ്ണേ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്തേലും ഒന്ന് പറയാൻ വാ തുറന്നാൽ അപ്പൊ പൊയ്ക്കോളും എവിടെക്കെങ്കിലും.
  ഇങ്ങനെ ഉളള പ്രണയത്തെ പറ്റിയെന്തൊക്കെ വീമ്പാ കവികൾക്കും കഥാകാരൻമാർക്കും.പ്രണയം ചക്കയാണ് മാങ്ങയാണ്‌ തേങ്ങയാണ് അങ്ങനെ എന്തൊക്കെ.
  പ്രണയം നല്ലതാ ഒരുത്തിയെ പ്രണയിച്ച് മറ്റൊരുത്തിയെ വിവാഹം കഴിച്ചാൽ.ഹും.
  മൌനം,ക്ഷമ,ബധിരത ഒക്കെ വിവാഹജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയ രാഹുൽ ആ അവധി ദിവസമാഘോഷിക്കാൻ കൂട്ടുകാരുടെ അടുക്കലേയ്ക്ക് പോകാൻ റെഡി ആകാൻ തുടങ്ങി.

  പരലോകം

  By: mind waverings On: 10:45 PM
 • Share Post
 • സീൻ ഒന്ന്
  ==========
  ഡാ മച്ചൂ നീയെപ്പൊ എത്തി ഇവിടെ?
  ദിപ്പോ എത്തിയെ ഉളളൂ രാവിലത്തെ ട്രെയിനിന്.നിങ്ങൾ രണ്ടാളേം കണ്ടത് നന്നായി അല്ലേൽ ബോർ അടിച്ചു ചത്തേനെ.
  അല്ല മച്ചൂ ട്രെയിനിൽ,അതിന് മാത്രം എന്തുണ്ടായി
  എന്ത് ചെയ്യാനാ ബ്രോസ് കണ്ണേ കരളേ എന്നൊക്കെ കരുതി കൊണ്ട് നടന്നവൾ മറ്റൊരുത്തന്റെ ബൈകിന്റെ പിറകിൽ കയറി പോകുന്നത് കണ്ടപ്പോ കണ്ട്രോൾ തെറ്റിയതാ
  അത് ചോദിക്കാൻ വിട്ടു.നിങ്ങൾ എങ്ങനെ എത്തി?
  രാവിലെ ഒരു ടിപ്പർ സഹായിച്ചു മച്ചാ
  ഏതായാലും എനിക്ക് കൂട്ടായി.വാ നമുക്ക് പോയാ ജെന്റ്സിന്റെ ലൈനിൽ നില്ക്കാം
  സീൻ 2
  ======
  ഇന്നെന്താ മച്ചാനെ ഇവിടിത്ര തിരക്ക്,എവിടേലും ബോംബ്‌ വല്ലതും പൊട്ടിയോ.നിന്ന് കാല് കഴയ്ക്കുന്നു
  ഡാ അളിയാ ദേ ലവൾ, അവളെന്താടാ യുട്യൂബിലെ ഡിസ്ലൈക്‌ കണ്ട പേളിയെ പോലെ നില്ക്കുന്നെ?
  ഓ അതാ പിറകിൽ നിൽക്കുന്നവൻ അവളുടെ എട്ടാമത്തെ ലവർ ആയിരുന്നു.അവനെ കണ്ട ചമ്മലാ
  സീൻ മൂന്ന്
  ==========
  അളിയാ എനിക്കാ ലെഫ്റ്റ് റൂമിൽ അഡ്മിഷൻ കിട്ടിയാ മതിയാരുന്നു
  മച്ചാ അവിടെ കഷ്ടപ്പാടാടാ തീയും പാമ്പും മുളളും ശിക്ഷയും ഒക്കെ ആയിട്ട് പേടിച്ചു മരിക്കൂടാ
  അത് ശരിയാ ബ്രോ റൈറ്റിലെ റൂം കിടിലനാ ട്ടാ നല്ലൊരു 7 സ്റ്റാർ റിസോർട്ട് പോലെ.ആലോചിച്ചിട്ട് തന്നെ കുളിര് കോരുന്നു.
  ഒവ്വാ അളിയന്മാരെ അവിടെ പോയാ ജീവിതം കോഞ്ഞാട്ടയാ.പണ്ട് സ്കൂളിൽ പഠിക്കുമ്പോ എന്നും സമയത്തിനു വന്ന്,സാറ് ചോദിക്കുന്നതിനൊക്കെ ഉത്തരം പറഞ്ഞ്,ഫുൾ മാർക്ക് വാങ്ങിക്കുന്നവൻമാരെ കണ്ടിട്ടില്ലേ.അവന്മാരെ ആരേലും കൂട്ടത്തിൽ കൂട്ടോ.അത് പോലെ ബോർ ആയവന്മാരാ ആ റൂമില്. ബോർ അടിച്ച് ചാവും മച്ചാ
  അതുള്ളതാ മച്ചാനേ, മറ്റേയിടത്താവുമ്പോ കുറച്ച് കഷ്ടപ്പാട് സഹിക്കണോന്നേ ഉളളൂ.കോണ്‍വെന്റ് സ്കൂളിൽ ബോർഡിംഗിൽ പഠിച്ചു,ഐ.റ്റി കമ്പനിയിൽ പണി ചെയ്ത് കേരളത്തിൽ വളർന്ന നമുക്ക് ഇതൊക്കെ എന്ത്!!
  ഹഹ അതെ ബ്രോ ടീ വീ സീരിയലും,മാധ്യമവാർത്തകളും,കോഴ,സോളാർ,പീഡനം,ബോംബ്‌,എസ് കത്തി,സന്തോഷ്‌ പണ്ഡിറ്റ്‌ കോളേജുകളിലെ ഓണാഘോഷം ഇതൊക്കെ ഭൂമിയിൽ അനുഭവിച്ച നമുക്ക് ഇതും അനുഭവിക്കാവുന്നതേ ഉളളൂ ബ്രോസ്
  സീൻ 4
  =======
  ബ്രോ
  അളിയൻ
  മച്ചാൻ
  ത്രീ ഓഫ് യൂ ഗോ റ്റൂ ദി റൈറ്റ് റൂം പ്ലീസ്
  സീൻ 5
  ======
  മൊത്തം കോണ്‍ട്രാ
  ===============================
  ഇതൊരു *ടോക്ക് സ്റ്റോറി(talk story) മാതൃകയിൽ എഴുതി നോക്കിയതാണ്.
  വനിതയിൽ പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്‌യും എഴുതിയ ഒരു ടോക്ക് സ്റ്റോറി വായിച്ചപ്പോൾ തോന്നിയത്
  *ടോക്ക് സ്റ്റോറി-ഒരിടത്തും
  എഴുതി വെയ്ക്കാതെ സംഭാഷണങ്ങളിലൂടെ മാത്രം തലമുറകൾ പിന്നിട്ട് പുതുതലമുറയിലേയ്ക്ക് എത്തുന്ന കഥകളെയാണ് ഹവായ് ദ്വീപുകളിൽ ടോക്ക് സ്റ്റോറി എന്ന് വിളിച്ചിരുന്നത്