Saturday, February 13, 2016

ഒറ്റമുല്ല

By: mind waverings On: 8:22 PM
  • Share Post
  • ഏതോ സുന്ദരിയുടെ സൗന്ദര്യചെപ്പിൽ നിന്ന് തട്ടിത്തൂവിയ കുങ്കുമം പടർന്നത് പോലെ ചുവന്നുതുടുത്ത സന്ധ്യാകാശത്തെ നോക്കിയിരിക്കെ വിനയനോർമ്മ വന്നത് സഹപാഠിയായ സന്ധ്യയെയായിരുന്നു.
    ഒന്നാം വർഷ ഡിഗ്രീ ക്ലാസ്സിൽ വിടർത്തിയിട്ട മുടിയിൽ ഒറ്റമുല്ല ചൂടിയാണ് അവളെ ആദ്യം കണ്ടത്.പിന്നെപ്പൊഴും.
    ഈ ഒറ്റമുല്ല മാലയാക്കാതെ ചൂടുന്നതെന്തിന് എന്നുള്ളതിനുള്ള അവളുടെ മറുപടി വിചിത്രമായിരുന്നു.മുല്ലപ്പൂക്കൾക്കെല്ലാം ഒരേ വാസനയെന്ന് നമുക്ക് തോന്നാം പക്ഷെ ഓരോന്നിന്റെയും വാസന വ്യത്യസ്തമാണ് വിനയാ.ഒറ്റമുല്ലയ്ക്കുള്ള സൗരഭ്യം ഒരിക്കലും ഒരു മാലയിൽ നമുക്ക് നുകരാനാകില്ല.
    ഒരിക്കൽ വെർതെ അവളെ ദേഷ്യം പിടിപ്പിക്കാനായി ,സന്ധ്യ എന്ന പേരിനെ പറ്റി കളിയാക്കിയത്.സന്ധ്യയെന്നാൽ ഒരു വേശ്യയെപോലെയാണ്,പകലും രാവും എന്ന രണ്ട് പുരുഷന്മാർ ഒരേ പോലെ പങ്ക് വെയ്ക്കുന്നതും എന്നാൽ രണ്ടാള്ക്കും സ്വന്തമെന്ന് അവകാശപ്പെടാനാവാത്തതുമായൊരു സുന്ദരി വേശ്യ.
    ഇത് കേട്ട് പിണങ്ങിയ അവൾ പിന്നൊരിക്കലും തന്നോട് മിണ്ടിയിട്ടില്ല.അവളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്തെന്നുള്ള തോന്നലാവാം.
    ഒരു സ്ത്രീ എന്തും സഹിക്കും പക്ഷേ അവളുടെ സ്വാഭിമാനത്തെ വാക്കാൽ പോലും വ്രണപ്പെടുത്തിയാൽ ഒരിക്കലും പൊറുക്കില്ല എന്ന പാഠമാണ് സന്ധ്യ അന്നെന്നെ പഠിപ്പിച്ചത്.
    മൊബൈൽ റിംഗാണ് ചിന്തയിൽ നിന്നുണർത്തിയത്.
    ശ്യാമാണ്.ഇന്ന് വൈകിട്ട് ഉർവശിയിൽ പതിവ് വെള്ളമടി ഗാങ്ങ് ചേരുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ചയേ സൂചിപ്പിച്ചതാണ്.പോകുന്ന വഴിക്ക് തന്നെ പിക്ക് ചെയ്യാമെന്നും.വരവായെന്നുളളതിന്റെ മിസ്സ്‌ കാൾ സന്ദേശമാണ്.
    വെപ്രാളപ്പെട്ട് മേൽകഴുകി കയ്യിൽ കിട്ടിയ പാന്റും ഷർട്ടും അണിഞ്ഞ് വീട് പൂട്ടിയിറങ്ങിയപ്പോഴെയ്ക്കും ശ്യാമെത്തി.
    ഉർവശിയിലെ എ.സി ബാറിൽ പാശ്ചാത്യസംഗീതത്തിന്റെ അകമ്പടിയോടെ ഐസ്കട്ടകളും സോഡയും നുരഞ്ഞ പെഗ്ഗുകൾക്കൊപ്പം തമാശയും കാര്യങ്ങളും കുസൃതിയുംപങ്ക് വെച്ച് പിരിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് പുറത്തൊരാൾക്കൂട്ടം ശ്രദ്ധയിൽ പെട്ടത്.
    കാക്കിക്കാരെയും കണ്ട കൌതുകത്തിൽ നോക്കിയപ്പോഴാണ് പരിചിതമായ ഒരു മുഖത്തെയ്ക്ക് കണ്ണ് തറഞ്ഞത്‌.
    അനാശാസ്യത്തിന് അവള്ക്കൊപ്പം പിടികൂടിയ ആളിനൊപ്പം നടന്നു നീങ്ങിയ അവളുടെ മുടിത്തുമ്പിൽ അപ്പോളൊരു മുല്ലമാല തൂങ്ങിയാടുന്നുണ്ടായിരുന്നു !!

    താടി മാഹാത്മ്യം

    By: mind waverings On: 8:19 PM
  • Share Post
  • ആൾക്കൂട്ടത്തിനിടയിൽ
    വ്യത്യസ്തനാവാൻ വേണ്ടിയാണവൻ
    താടി നീട്ടി വളർത്താൻ 
    തീരുമാനിച്ചുറപ്പിച്ചത്

    നീണ്ടു വളർന്ന അവൻറെ താടിയിൽ
    തീവ്രവാദിയെ
    ദർശിച്ചപ്പോൾ
    കത്തിക്കൊരുവൻ മൂർച്ചയേറ്റിയത്
    അവനൊട്ടറിഞ്ഞതുമില്ല

    ഒരിക്കലും വളരില്ലെന്ന് കരുതിയ
    താടിയിഴകളെ തഴുകിയിരുന്ന കഠാരയിൽ
    നിന്ന് ചോരയിറ്റു വീഴുമ്പോഴും

    പിറ്റേന്ന് പത്രങ്ങളിൽ
    തീവ്രവാദിയെന്ന തലക്കെട്ടിൽ അവനൊപ്പമവന്റെ താടിയും
    പ്രശസ്തമാകുമെന്നതായിരുന്നവന്റെ സംതൃപ്തി

    മൂന്നാംലിംഗം

    By: mind waverings On: 8:18 PM
  • Share Post
  • അണ്ഡവും ബീജവും ഇണ ചേർന്ന
    സമവാക്യത്തിന്റെ വരി തെറ്റിയതാവണം
    'XX'ഉം XY യും അല്ലാതെ
    മൂന്നാംലിംഗത്തിലേയ്ക്ക് ഞാൻ തള്ളപ്പെട്ടത്

    ജന്മമേകിയപ്പോൾ കൊഞ്ചിച്ച നാവുകൾ
    ഇന്നുരുവിടുന്നു 'ചെകുത്താന്റെ സന്തതി'
    അവരുടെ കാമപൂർത്തീകരണലക്ഷ്യം
    കൊശമായപ്പോൾ പാപി ഞാൻ മാത്രമോ

    പാന്റും ഷർട്ടും ഇടണമെന്നച്ഛൻ
    പാവാടയും ബ്ലൗസും മതിയെന്ന് ഞാൻ
    എന്റെ ഇഷ്ടങ്ങൾ ഏവർക്കും പുച്ഛം
    ഞാനെന്ന വ്യക്തിക്ക് പാടില്ലൊരിച്ഛം

    പുറത്തിറങ്ങി കൂട്ടുകാര്ക്കൊപ്പം കൂടെടാ എന്നമ്മ
    അടുക്കളചുമരുകളാണെനിക്കിഷ്ടമെന്ന് ഞാൻ
    അത് കേട്ടടക്കി ചിരിക്കുന്ന ചേച്ചി
    പുച്ഛത്തോടെ നോക്കി കളിയാക്കുന്ന ചേട്ടൻ

    ചേട്ടൻമാരോട് കൂട്ട്കൂടാൻ നാണമാണ്
    ചേച്ചിമാർക്ക് കൂടെ കൂട്ടാൻ പേടിയാണ്
    അതൊക്കെ കൊണ്ട് കൂടിയാവണം എല്ലാവരും
    കല്പിച്ചൊരു പേര് നല്കിയത് "മൂന്നാം ലിംഗം"

    തഴയപ്പെട്ടവൻ

    By: mind waverings On: 8:16 PM
  • Share Post
  • അവജ്ഞയോടെ തഴയപ്പെട്ടവൻ
    അവഗണനയാൽ ശ്വാസംമുട്ടിയവൻ
    ഒരുനാളിവനെ നിങ്ങൾ തിരയും
    അസ്ഥിത്വത്തിൻ മൂലക്കല്ലാക്കുവാൻ
    എന്നിലെ നന്മയുടെ നേർക്ക്
    മിഴി പൂട്ടിക്കൊള്ളുക
    തിന്മകളെന്നിൽ ആരോപിച്ചു കൊള്ളുക
    വരുമൊരു നാൾ
    എന്നിലെ നന്മയെ
    തിരിച്ചറിഞ്ഞാരെങ്കിലും
    നെഞ്ചോടടക്കുവാൻ
    ഏകാന്തതയിൽ പുളയുമ്പോഴും
    മനം നൊന്ത് വിലപിക്കുമ്പോഴും
    തിരസ്ക്കരിക്കപെട്ടെന്ന നൊമ്പരത്തീയിൽ
    എരിഞ്ഞൊടുങ്ങുമ്പോഴും
    ഒരു ചെറു മോഹം
    ചെറു പ്രതീക്ഷാ തിരിനാളം
    എരിയുന്നുണ്ട് ശാപമോക്ഷത്തിനായ്
    മൂല്യമില്ലാക്കല്ല് മൂലക്കല്ലായ് പുനരവതരിക്കുവാൻ