Friday, March 16, 2012

ഗുരുവേ ..നമിക്കുന്നു

By: mind waverings On: 12:16 AM
  • Share Post


  • "ഗുരുവിനെ നീയെന്ന് ചൊന്നാല്‍,കൊലപാതകത്തിന് സമം"ഈ വാചകം ആരാണ് പറഞ്ഞത് എന്നോര്‍മ്മയില്ല പക്ഷെ ഇന്നത്തെ കാലത്ത് ഗുരുവിനെ നീയെന്ന് ചൊല്ലുക മാത്രമല്ലല്ലോ കൊല ചെയ്യുന്ന ഇടം വരെ എത്തി നില്‍ക്കുകയാണല്ലോ.അടുത്ത കാലത്ത് ചെന്നൈയില്‍ നടന്ന സംഭവം ആരും മറന്നു കാണാന്‍ വഴിയില്ല.

    നമ്മുടെ പുരാണേതിഹാസങ്ങള്‍ നമുക്ക് തന്ന നല്ലൊരു പാഠം "ഗുരുവിനെ നിഗ്രഹിച്ചാല്‍ ഒരു  കുലം തന്നെ നശിക്കും'എന്നതാണല്ലോ.ഉദാഹരണമായി ദ്രോണഗുരുവിനെ വധിച്ച പഞ്ചപാണ്ടവരുടെ അനുഭവം തന്നെ.കുടുംബം ഒരു വ്യക്തിക്ക് ജന്മംകൊടുക്കുന്നു പക്ഷെ അവനെ സമൂഹത്തിനും അതിലൂടെ രാജ്യത്തിനും ഉപയോഗപ്രദമായ നല്ല മനുഷ്യനായി വാര്‍ത്തെടുക്കുന്നത് തീര്‍ച്ചയായും ഗുരുക്കള്‍ തന്നെയാണ്.

    ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്തിലെ പിരമിഡില്‍ എഴുതിയിരിക്കുന്ന ഒരു സന്ദേശമുണ്ട് "നിങ്ങള്‍ സമൂഹം അധ്യാപകരെ കരുതണം"ഗുരുക്കന്മാര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കണം എന്നല്ലാതെ മറ്റൊന്നല്ല അതും.ഇത്രയും പറയുമ്പോള്‍ സുകുമാര കവികളെ കുറിച്ച് കൂടി പറയാതെ വയ്യ.ഗുരുവിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്വയം ഉമിത്തീയില്‍ വെന്തു വെണ്ണീര്‍ ആയി കൊണ്ടിരിക്കവേ എഴുതിയതാണല്ലോ പ്രശസ്തമായ സുകുമാര കാവ്യം.

    (ഗുരുനിന്ദയുടെ ഫലത്തെ കുറിച്ചൊരു ചെറു കഥ കാവ്യം കുറിക്കുന്നു ..ധാരാളം പോരായ്മകള്‍ ഉണ്ടെന്നറിയാം എന്നാലും.....)

    കുരുക്ഷേത്ര യുദ്ധത്തില്‍ നിന്നുള്ളോരീ,
    ചെറു ഏട് ഞാന്‍ ഗുണപാഠത്തിനായ് കുറിച്ചിടുന്നു.
    ഗുരുവിനെ ഹനിച്ചാല്‍ സ്വയം മാത്രമല്ല,
    കുലം തീര്‍ത്തു മുടിയും എന്ന പൂര്‍ണ്ണ സത്യം.

    ദ്രോണാചാര്യനാം മഹത്ഗുരു പഠിപ്പിച്ച,
    ശിഷ്യരാം നൂറ്റൊന്നു കൌരവരും പിന്നെ പാണ്ഡവരും.
    യുദ്ധമുഖതിലായ് കൌരവര്‍ക്കൊപ്പം 
    പോരാടേണ്ടി വന്നൊരാ ഗുരുവര്യന്‍.

    യുദ്ധം ജയിക്കണമെങ്കിലോ  പ്രിയഗുരുവിനെ,
    വധിക്കണം എന്നുരച്ചു കൃഷ്ണദേവന്‍;
    പാണ്ഡവരോട് ചൊന്നോരീ കാര്യം,
    കേട്ട് ധര്‍മപുത്രര്‍ ധര്‍മ്മസങ്കടത്തിലായി.

    ആശ്വതാമാവാകും ഗുരുപുത്രനാമത്തില്‍,
    പേരുള്ളോരാ  ഗജവീരന്‍ തന്നുടെ; 
    മരണവിവരം ഗുരുവോട് ചൊല്ലുവാന്‍,
    ധര്‍മ്മിഷ്ട്ടനാം ധര്‍മപുത്രര്‍ മടിച്ചു.

    യുദ്ധം ജയിക്കുവാന്‍ ഈ ഒരു വട്ടം,
    ധര്‍മ്മം മറക്കണം എന്ന് കണ്ണന്‍.
    അത് കേട്ട് വിഷണ്ണനായി ചൊന്നു യുധിഷ്ടിരന്‍;
    ആശ്വതാമാഹത കുന്ജര!!തന്‍ ഗുരുവര്യന്‍ കേള്‍ക്കെ.

    പ്രിയപുത്രന്‍ തന്‍ മൃത്യുവിന്‍ വാര്‍ത്ത,
    ശ്രവിച്ചൊരാ പ്രിയതാതന്‍ തകര്‍ന്നു.
    വേദനിക്കുമാ വന്ദ്യ ഗുരുവിനെ, 
    ധൃഷ്ടദ്യുമ്നൻ തന്‍ വാളാല്‍ അറുത്തു വീഴ്ത്തി.

    തുടര്‍കഥകള്‍ ഒന്നോര്‍ത്തു നോക്കൂ,
    യുദ്ധം ജയിചിട്ടും എന്തുണ്ടായി കാര്യം.
    രാജ്യം ഭരിക്കുവാന്‍ കഴിഞ്ഞിള്ളവര്‍ക്ക് 
    ഗുരുശാപം തന്നെയാം എന്നുറപ്പ്.

    യുദ്ധത്തില്‍ തന്നെ  അര്‍ജുന പുത്രനാം, 
    അഭിമാന്യുവിന്‍ ദാരുണാന്ത്യം.
    പിന്നെ ഭരണത്തിന്‍ ഏഴാം നാളിലായി, 
    തക്ഷക ദംശമേറ്റ് പരീക്ഷിത്തും.

    ഒരു കുലം മുഴുവാനായ് വേരറ്റ കഥയിത്,
    കഥയല്ല കഥയില്‍ പതിരുമില്ല.
    ഗുരുക്കളെ മാനിക്കാത്തവര്‍ക്കെന്നും ,
    തകര്‍ച്ച തന്നെ അനുഭവം,ഇത് നിത്യ സത്യം.

    Saturday, March 10, 2012

    എന്റെ കുഞ്ഞി(1)

    By: mind waverings On: 8:09 AM
  • Share Post

  • അവള്‍ എനിക്ക് കുഞ്ഞിയായിരുന്നു.എന്റെ മാത്രം കുഞ്ഞി.

    എന്നാലും എന്തിനാണവള്‍ അത് ചെയ്തതു?ജീവിതത്തിലെ പല കയറ്റിറക്കങ്ങളിലും പരസ്പരം താങ്ങായിരുന്നല്ലോ നാം.എന്നിട്ടുംപ്രധാനപ്പെട്ട ഈ ഒരു കാര്യത്തില്‍ മാത്രം തീരുമാനം എടുക്കാന്‍ എന്തെ അവള്‍ എന്നെ കൂട്ടാഞ്ഞത് .എന്നോടൊന്നു  സംസാരിച്ചിരുന്നെങ്കില്‍  അവള്‍ അങ്ങനെ  പ്രവര്ത്തിക്കുമായിരുന്നില്ല..എനിക്ക് ഉറപ്പുണ്ട്. 

    എന്റെ കയ്യിലും തെറ്റുണ്ടല്ലോ.ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അവളോട്‌ സംസാരിക്കാന്‍ സമയവും എനിക്കധികം ഇല്ലായിരുന്നല്ലോ.

    കുഞ്ഞി,അവള്‍ എന്റെ അപ്പച്ചിയുടെ മകള്‍ ആയിരുന്നു.എന്നെക്കാള്‍ രണ്ടു വയസ്സിനു ഇളയത്.മൂന്നു ആങ്ങളമാര്‍ക്കിടയിലെ ഏക പെണ്‍തരി.അത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ അവളൊരു  രാജകുമാരിയായി അച്ചന്റെയും അമ്മയുടെയും ആങ്ങളമാരുടെയും വാത്സല്യഭാജനമായാവും വളര്‍ന്നത്‌ എന്നാവും,അല്ലെ.?

    പക്ഷെ അതായിരുന്നില്ല യാഥാര്‍ത്ഥ്യം.അവളുടെ പപ്പാ മക്കളെയും ഭാര്യയേയും പട്ടാള ചിട്ടയില്‍ വരച്ച വരയില്‍ നിര്‍ത്തണം എന്നാ ശാട്യക്കാരനായിരുന്നു.അവളുടെ മമ്മയ്ക്കും ഭര്‍ത്താവിനെ പേടിച്ച് അദ്ദേഹത്തിന്റെ വഴി പിന്തുടരേണ്ടി വന്നു.

    മൂത്ത ആങ്ങള പപ്പയോടു പിണങ്ങി നാട് വിട്ട് പോയിരുന്നു.നല്ല ധനസ്ഥിതി ഉണ്ടായിരുന്നു അവളുടെ പപ്പയ്ക്ക് പക്ഷെ മക്കള്‍ നല്ല ഡ്രസ്സ്‌ ധരിക്കുന്നതോ ഒരുങ്ങി നടക്കുന്നതോ പോലും അയാള്‍ സഹിച്ചിരുന്നില്ല.പത്താം തരാം നല്ല മാര്‍ക്കോടെ വിജയിച്ച അവളെ തുടര്‍ന്ന് പഠിപ്പിക്കാന്‍ അയാള്‍ തയ്യാറായില്ല.സ്വന്തം വീട്ടില്‍ തുറുങ്കില്‍ അടക്കപ്പെട്ട ഒരു കുഞ്ഞു പക്ഷിയായി എന്റെ കുഞ്ഞി....

    ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നപ്പോള്‍ മുതല്‍ വളരെ കൂട്ടായിരുന്നു.അപ്പച്ചി വീട്ടില്‍ വരുന്ന ദിവസം എനിക്ക് ഉത്സവമായിരുന്നു കാരണം എന്റെ കുഞ്ഞി ഉണ്ടാവുമല്ലോ കൂടെ.

    ഞാന്‍ മാത്രമേ അവളെ കുഞ്ഞി എന്ന് വിളിച്ചിരുന്നുള്ളൂ.അവള്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എല്ലാം ഒരുമിച്ചാവും..ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ.ഊഞ്ഞാലാട്ടവും ഒളിച്ചുകളിയും,കള്ളനും പോലീസും,എന്ന് വേണ്ടാ അറിയാവുന്ന എല്ലാ കളികളും ഞങ്ങള്‍ കളിച്ചിരുന്നു.എന്റെ പപ്പാ അമ്മയെയും എന്നെയും ദുബായിലേക്ക് കൂട്ടിയപ്പോഴും ഞങ്ങളുടെ സൗഹൃദത്തിനു ഭംഗം നേരിട്ടില്ല.ഓരോ വെക്കേഷനും നാട്ടില്‍ വരാന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു,എന്റെ കുഞ്ഞിയെ കാണാന്‍....

    പ്രായമേറുന്നതിനൊപ്പം കുഞ്ഞിയുടെ പപ്പായുടെ ക്രൂരതകളും ഏറി വന്നു.കുഞ്ഞിയെയും അപ്പച്ചിയേയും എങ്ങും പോകാന്‍ അയാള്‍ വിടില്ലായിരുന്നു.അപ്പച്ചിയുടെ അമ്മ(എന്റെ പപ്പയുടേയും)നമുക്കൊപ്പം ആയതു കൊണ്ട് അവിടേക്ക് വരാന്‍ മാത്രം ഇടയ്ക്കിടെ അനുവദിക്കുമായിരുന്നു.അതെന്റെയും കുഞ്ഞിയുടെയും ഭാഗ്യമായി.വന്നാലും അധികം വൈകാതെ മടങ്ങേണ്ടിയിരുന്നു അവര്‍ക്ക്.കിട്ടുന്ന സമയം കഴിയുന്നത്ര കാര്യങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചു  .

    അപ്പൊ നിങ്ങള്‍ക്ക് തോന്നിയേക്കാം എനിക്കെന്തു കൊണ്ട് കുഞ്ഞിയുടെ വീട്ടില്‍ പോയി നിന്നാല്‍ എന്ന്.അല്ലെ?അതും നടക്കുന്ന കാര്യമായിരുന്നില്ല കാരണം ആരും അവരുടെ വീട്ടിലേക്കു ചെല്ലുന്നത് മാമന് ഇഷ്ട്ടമുള്ള കാര്യം ആയിരുന്നില്ല.പ്രത്യേകിച്ച് കുട്ടികള്‍.സ്വന്തം മക്കള്‍ക്ക്‌ പോലും സ്വാതന്ത്ര്യം ഇല്ലാത്തിടത്തല്ലേ അന്യര്‍ക്ക്. 

    ഞങ്ങള്‍ കുറച്ചു മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ കത്തുകളിലൂടെയായി കാര്യം പറച്ചില്‍.ആഴ്ചയില്‍ ഓരോ കത്ത് വീതം അവള്‍ എനിക്കെഴുതുമായിരുന്നു.അവളെ ചുറ്റിപ്പറ്റിയുള്ള സകലമാന വിശേഷങ്ങളും കുത്തി നിറച്ചു കൊണ്ടുള്ള ആ കത്തുകള്‍ക്ക് വേണ്ടി ഞാന്‍ കാത്തു കാത്തിരിക്കുമായിരുന്നു.

    അയല്‍പക്കത്തെ പൂവാലി പശുവിനു സുന്ദരി ക്ടാവുണ്ടായതും,മുറ്റത്ത്‌  വന്നിരുന്നു പാടാറുള്ള പുള്ളിക്കുയിലിനെ കുറിച്ചും,അവള്‍ കുറിക്കുന്ന കവിതകളും കഥകളും,പത്രക്കാരന്‍ വന്നപ്പോള്‍ അവള്‍ മുറ്റത്ത്‌ നിന്നതിനു പപ്പ അവളെ ബെല്‍റ്റൂരി അടിച്ചതും,അവളുടെ ഇളയ ആങ്ങളമാരോട് പപ്പ കാട്ടുന്ന ക്രൂരതകളും,മമ്മയുടെ നിസ്സഹായ കണ്ണുനീരിനെ കുറിച്ചും ഒക്കെ അവള്‍ എഴുതുമായിരുന്നു.

    കത്ത് പോസ്റ്റ്‌ ചെയ്യാന്‍ തന്നെ അവള്‍ എന്തെല്ലാം കടമ്പകള്‍ നേരിടേണ്ടി വന്നു.അവളുടെ ആങ്ങളമാര്‍ സ്കൂളില്‍ പോകുമ്പോ പപ്പ അറിയാതെ അവര്‍ വഴി ആയിരുന്നു കാര്യം സാധിച്ചിരുന്നത്.അവളുടെ എല്ലാ കത്തുകള്‍ക്കും  ഞാനും മറുപടി എഴുതുമായിരുന്നു,അടുത്ത വീട്ടിലെ മേല്‍വിലാസത്തില്‍.അവളുടെ പപ്പ അറിഞ്ഞാല്‍ പിന്നെ അത് മതി പൊടി പൂരം.

    പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍, മുത്തശ്ശിയുടെ വയ്യായ്ക കാരണം ഞാനും അമ്മയും നാട്ടിലേക്ക് പോന്നു.

    ഇടയ്ക്കിടെ പിന്നെയും അപ്പച്ചിയുമായിവീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കഥ പറയാന്‍ സമയം കിട്ടി.  ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തില്‍  ഒരു ഇല അനങ്ങിയാല്‍ കൂടി പരസ്പരം പറയുമായിരുന്നു.

    ഡിഗ്രി ആദ്യ വര്ഷം ആയപ്പോള്‍ എന്റെ വിവാഹം തീരുമാനിക്കപ്പെട്ടു.കുഞ്ഞിക്കായിരുന്നു ഏറ്റവും സന്തോഷം.വിവാഹം പ്രമാണിച്ച് അവള്‍ക്കു എന്റൊപ്പം രണ്ടാഴ്ച വന്നു താമസിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.എനിക്കും.ഭാഗ്യം പോലെ ആ സമയത്ത് അവളുടെ പപ്പ ഒരപകടത്തില്‍ പെട്ട് കാലൊടിഞ്ഞു കിടപ്പിലായിരുന്നു.സിംഹത്തിന്റെ ക്രൌര്യം അല്പം ശമിച്ചത് പോലെ.എന്റെ അമ്മ മാമനോട് നല്ല വര്‍ത്താനം പറഞ്ഞു എങ്ങനെയോ സമ്മതിപ്പിച്ചു കുഞ്ഞിയെ എന്റെ വീട്ടിലേക്കു കൂട്ടി വന്നു.ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.പിന്നെ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കലും,ഒരുക്കലും മൈലാഞ്ചി ഇടലും ഒക്കെ അവളുടെ ചുമതലയായി.അവളുടെ ഇഷ്ടമായിരുന്നു എന്റെയും ഇഷ്ടം. 


                                                                                                              (തുടരും)


    ഈശ്വരന്മാര്‍

    By: mind waverings On: 12:40 AM
  • Share Post

  • മീനൂട്ട്യെ...അച്ഛമ്മയുടെ വിളി കേട്ടെങ്കിലും കമ്പ്യൂട്ടര്‍ ഗയിമിന് മുന്നിലിരുന്ന മീനാക്ഷി പ്രതികരിച്ചില്ല.ഈ സമയത്ത് എന്നും ഉള്ളതാണല്ലോ ഈ വിളി.കളി ആസ്വദിച്ചു തന്റെ രണ്ടു വശത്തുമായി ഇരിക്കുകയാണ് കുട്ടുവും ചിന്നുവും.താന്‍ നിയന്ത്രിക്കുന്ന കാര്‍ ഓരോ കടമ്പകള്‍ കടന്നു മുന്നോട്ടു നീങ്ങുമ്പോഴും തന്നെ പ്രോത്സാഹിപ്പിക്കാന്‍ ഇരിക്കുകയാണവര്‍.ജീവിത കടമ്പകള്‍ കടക്കാനും ഇത് പോലെ കുറെ ബട്ടന്‍സ് ഉണ്ടായിരുന്നെങ്കില്‍..

    അച്ഛമ്മയുടെ കാല്‍പെരുമാറ്റം അടുത്ത് വന്നു ഒപ്പം സ്ഥിരം പരിദേവനങ്ങളും .മീനൂട്ട്യെ ഈ വിളക്ക് വെക്കണ നേരത്തെങ്കിലും നിനക്കാ പെട്ടി ഒന്ന് നിര്‍ത്തി വന്നിരുന്നു ഈശ്വരനാമം ജപിച്ചൂടെ കുട്ട്യേ..ഇപ്പളും ചെറിയ കുട്ടിയാന്നാ ഇതിന്റെ ഭാവം.രണ്ടു കുട്ട്യോള്‍ടെ തള്ള ആണെന്ന വിചാരം പോലും ഇല്ലാണ്ടായല്ലോ ഈശ്വരന്മാരെ ഈ കുട്ടിക്ക്.

    മീനാക്ഷിക്ക് ചിരി പൊട്ടി.ഈശ്വരന്മാര് ..അങ്ങനെ ഒരു ശക്തിയുണ്ടോ?ഉണ്ടായിരുന്നെങ്കില്‍ തനിക്കീ ഗതി വരുത്തുമായിരുന്നോ.അച്ഛമ്മയുടെ ശകാരം ഇത്രയേ ഉള്ളൂ.പക്ഷെ അച്ഛന്റെയും അമ്മയുടെയും നാവില്‍ നിന്ന് വീഴുന്നത് അശ്രീകരം,ഭാഗ്യംകെട്ടവള്‍,നിഷേധി എന്നീ വാക്കുകളാണ് മിക്കപ്പോഴും.അതൊക്കെ കേള്‍ക്കുമ്പോ പൊട്ടിച്ചിരിക്കാനാ തോന്നാറ്.

    എന്ത് കൊതിയായിരുന്നു തനിയ്ക്ക്,ഡോക്ടര്‍ ആന്റിയെ പോലെ കുഴലോക്കെ തൂക്കി ഗമയില്‍ നടക്കാന്‍.പത്താം ക്ലാസ്സില്‍ സ്കൂള്‍ ഫസ്റ്റ് ആയിരുന്നൂ.പ്ലസ്‌ ടു പരീക്ഷയിലും സയന്‍സ് വിഷയങ്ങള്‍ പഠിച്ചു ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങുമ്പോഴും ഡോക്ടര്‍ എന്നാ സ്വപ്നം തന്നെ ആയിരുന്നു മനസ്സില്‍.

    ഏത് ഈശ്വരന്മാരാണ് അതിന് ഇടങ്കോലിട്ടത് ?പതിനെട്ടാമത്തെ വയസ്സില്‍ വിവാഹിതയായില്ലെങ്കില്‍ പിന്നെ മംഗല്യഭാഗ്യം മുപ്പത്തഞ്ചു കഴിഞ്ഞയൂള്ളൂ എന്ന് ജ്യോത്സ്യ പ്രവചനം.ഈശ്വരന്മാര്‍ എന്തെ ജ്യോറ്സ്യന്മാര്‍ക്ക് കാണിച്ചു കൊടുത്തില്ല തന്റെ അകാല വൈധവ്യയോഗം.

    തന്നെക്കാള്‍ പത്തു വയസ്സിന്മൂത്ത നകുലേട്ടന്‍ ,തന്റെ ഭര്‍ത്താവ്.ബറോഡയിലായിരുന്നു അദ്ദേഹത്തിന് ജോലി.തന്നെയും വിവാഹം കഴിഞ്ഞ ഉടനെ തന്നെയും ഒപ്പം കൂട്ടി.എന്നെ ക്വാര്‍ട്ടെഴ്സില്‍ പൂട്ടിയിട്ടു രാവെറെയാകും വരെ കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ച് ഏതെങ്കിലും നേരത്ത് കുടിച്ചുന്മത്തനായി വന്നു കയറും.നേരം വെളുക്കുമ്പോ പിന്നെയും യാത്ര.

    ഇതിനിടെ അപ്പുവിന്റെ ജനനം.പ്രസവത്തിനു പോലും നാട്ടില്‍ വിട്ടില്ല.അപ്പു വന്നതില്‍ പിന്നെ നകുലേട്ടന്‍ ആള്‍ ആകെ മാറി ജോലി സമയം കഴിഞ്ഞാല്‍ പിന്നെ എന്നെയും കുഞ്ഞിനേയും ഒറ്റയ്ക്കാക്കി എങ്ങും പോകാതെയായി ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ മാറ്റി എഴുതപ്പെടുന്നതില്‍ അതിയായി ആഹ്ലാദിച്ചു.ഈശ്വരന്മാര്‍ക്ക് അത് സഹിച്ചു കാണില്ലായിരിക്കാം.

    ചിന്നൂനെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ജോലിക്ക് യാത്രയായതാണൊരു ദിവസം.തിരികെ എത്തിയത് ചേതനയറ്റ ആ ശരീരം.ഒന്നേ നോക്കിയുള്ളൂ,ആകെ ഒരു മരവിപ്പായിരുന്നു പിന്നെ.വിധവാ വേഷം ഇരുപത്തി രണ്ടാം വയസ്സില്‍.എന്നെ തുണക്കാത്ത ഈശ്വരന്മാരെ എനിക്കെന്തിനാ?

    ചെറുപ്പത്തില്‍ അമ്മക്കൊപ്പം മിക്ക ദിവസവും രാവിലെ അമ്പലത്തില്‍ പോകാറുണ്ടായിരുന്നു.എല്ലാ പരീക്ഷ ദിവസവും ആ നടയില്‍ ചെന്ന് പ്രാര്‍ഥിച്ചിട്ടെ പോകാറുണ്ടായിരുന്നുള്ളൂ.എന്നിട്ടും ജീവിതമാകുന്ന പരീക്ഷയില്‍ എന്നെ തുണച്ചില്ലല്ലോ  ഈശ്വരന്മാര്.വെറും ജീവനില്ലാത്ത ശില്പങ്ങള്‍...എനിക്കും വേണ്ട ഇനി അവരെ...