Wednesday, March 11, 2015

മരണമെത്തുന്ന നേരത്ത്

By: mind waverings On: 1:25 AM
  • Share Post
  • ജനനത്തിനും മരണത്തിനുമിടയിലുള്ള ഒരിടവേള -ജീവിതം .അതൊരു രഹസ്യമല്ലല്ലോ എല്ലാരും അംഗീകരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യം ,ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണക്കുറിപ്പ് കയ്യില്‍ കിട്ടിയാലുള്ള അവസ്ഥ എത്ര ഭീകരമാണെന്ന് വിഷ്ണുവിന് മനസ്സിലായി .വേണ്ടായിരുന്നു ,ഒന്നും അറിയണ്ടായിരുന്നു, പിടിവാശി അല്ലെങ്കില്‍ തിരുമേനിയമ്മാവന്‍ ഒരിക്കലും അത് വെളിപ്പെടുത്തില്ലായിരുന്നു.

    അമ്മയുടെ ഏട്ടനാണ് തിരുമേനിയമ്മാവന്‍.ചെറുപ്പം മുതലേ പിടിവാശിക്കും കുറുമ്പിനും ഒക്കെ വഴങ്ങുമായിരുന്നത്ര വാത്സല്യമായിരുന്നു തന്നോട് .അമ്മാവന്റെ മകള്‍ ഉഷയെ ചെറുപ്പത്തില്‍ തന്നെ തനിക്കായി നിശ്ചയം കഴിച്ചു വെച്ചതും അത് കൊണ്ട് തന്നെ.

    കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ഹീറോ ആയിരുന്ന തന്റെ ഇന്നത്തെ അവസ്ഥ അവര്‍ കണ്ടിരുന്നെങ്കില്‍ എന്താകും."എത്ര ധൈര്യമുള്ളവനും തല താഴ്ത്തുന്നത് മരണത്തിന് മുന്നില്‍ മാത്രം ".

    എന്തൊരഹങ്കാരമായിരുന്നു ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍.അമ്മയുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച് കൂട്ടുകാര്‍ക്കൊപ്പം ലഹരി തേടി അലഞ്ഞ ആ നാളുകളെ ഇന്നിപ്പോള്‍ വെറുക്കുന്നു .

    എന്റെ ജീവിതം എന്റേതായിരുന്നു .അതൊന്നു താഴെ വീണാല്‍ പൊട്ടിത്തകരാവുന്ന ഒരു സ്ഫടിക പാത്രമാണെന്ന് മനസ്സിലാക്കാന്‍ വൈകി.ഇനി എണ്ണപ്പെട്ട നാളുകള്‍ .അതിനിടയില്‍ തകര്‍ന്നവയെ കൂട്ടിയോജിപ്പിക്കാന്‍ ഒരവസരം കൂടി ഈശ്വരന്‍ തന്നിരുന്നെങ്കില്‍ !!!

    ഈശ്വരന്‍ !!!ചെറുപ്പത്തില്‍ അമ്മയ്ക്കൊപ്പം മുടങ്ങാതെ അമ്പലത്തില്‍ പോയിരുന്ന താന്‍ വളര്‍ന്നപ്പോള്‍ സ്വയം തീരുമാനിച്ചു ഈശ്വരനൊന്നില്ലെന്ന് .ആ ഈശ്വരനെ ഈ അവസരത്തില്‍ വീണ്ടും ആശ്രയിക്കേണ്ടി വന്നിരിക്കുന്നോ.അല്ലെങ്കിലും അവസരവാദിയാണല്ലോ മനുഷ്യര്‍ .

    ഉഷയെപ്പോലും മറന്ന് കോളേജിലെ ഓരോ സുന്ദരികള്‍ക്കൊപ്പം പ്രണയനാടകമാടുമ്പോള്‍ ,ഈശ്വരനെഴുതിയ തിരക്കഥ തനിക്കായി തയാറായിരിക്കുന്നത് അറിഞ്ഞിരുന്നില്ല .

    പിന്നില്‍ നിന്ന് വന്നൊരു ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു പോകുമ്പോള്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കണ്ടവര്‍ ഒരല്പം വൈകിയിരുന്നെങ്കില്‍ തീരാന്‍ ഉള്ളത്രയെ ഉണ്ടായിരുന്നുള്ളൂ .അന്നങ്ങനെ തീര്‍ന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ സങ്കടാവസ്ഥ തരണം ചെയ്യേണ്ടി വരില്ലായിരുന്നു .

    ആശുപത്രിയില്‍ കാണാന്‍ വന്ന അമ്മാവന്‍ ഏറെ നേരം തനിക്കൊപ്പം ചിലവഴിച്ചു മടങ്ങാന്‍ നേരം ആത്മഗതമെന്നോണം പറഞ്ഞ കാര്യമാണ് തന്നെ ഇപ്പോള്‍ അലട്ടുന്നത് ."മരണം ഇപ്പോള്‍ തട്ടി മാറിയെങ്കിലും പോകേണ്ടപ്പോള്‍ പോയല്ലേ തീരൂ ".അത് കേട്ടപ്പോള്‍ ആകാംക്ഷ തന്നെ പിടികൂടി..

    അമ്മാവന്‍ മരണ സമയങ്ങള്‍ ഗണിച്ചു പറയാറുള്ളത് തനിക്കറിയാമായിരുന്നു .അങ്ങനെ തന്റെ നിര്‍ബന്ധത്താലാണ് അമ്മാവന്‍ അത് വെളിപ്പെടുത്തിയത് ,തന്റെ ജീവിതചക്രത്തിന് ഇനി വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ മാത്രം ബാക്കി.അറിയണ്ടായിരുന്നു ഒന്നും .
    ഇനിയെങ്കിലും തനിക്കൊരു നല്ല മനുഷ്യനാവണം.അച്ഛന്‍ മരിച്ച ശേഷം ചിരിച്ചു കണ്ടിട്ടില്ലാത്ത അമ്മയ്ക്ക് താന്‍ കൂടി ഇല്ലാതായാല്‍ താങ്ങാനാവുമോ.

    മരണം തട്ടിയെടുക്കുന്നത് വ്യക്തികളെ മാത്രമല്ലല്ലോ അവരുടെ പ്രിയപ്പെട്ടവര്‍ കണ്ട സ്വപ്നങ്ങളെ കൂടിയാണല്ലോ.
    അടുത്തയാഴ്ച പരീക്ഷയാണ് .നന്നായി പഠിച്ചെഴുതി നല്ലൊരു ജോലി സമ്പാദിച്ച് തനിക്കായനുവദിച്ചിട്ടുള്ള ചുരുങ്ങിയ ദിനങ്ങളില്‍ ഒരു ചെറിയ സമ്പാദ്യമുണ്ടാക്കി അമ്മയ്ക്ക് നീക്കി വെച്ചിട്ട് വേണം തനിക്കു എന്നെന്നേക്കുമായി യാത്രയാകുവാന്‍.

    വിചാരിച്ചതിലും മെച്ചപ്പെട്ട വിജയത്തോടെ പരീക്ഷ പാസായതും ഐ എ എസ് എന്ന കടമ്പ പൂ പോലെ കടന്നതും താന്‍ തന്നെ ആയിരുന്നോ .ആവശ്യക്കാരന് ഔചിത്യമില്ലയെന്നു പറയുന്ന പോലെ ആവശ്യമാണല്ലോ ഒരാളിനെ ഏത് സാഹസികതയിലേയ്ക്കും നയിക്കുന്നത് .

    ഇന്നെന്റെ വിവാഹനാള്‍ ;എന്നോടുള്ള വാത്സല്യമൊന്നു കൊണ്ട് മാത്രമാണ് ഉഷയുമായുള്ള നിശ്ചയിച്ചുറപ്പിച്ച വിവാഹ ഉടമ്പടി മുന്നോട്ടു കൊണ്ട് പോകാന്‍ അമ്മാവന്‍ തീരുമാനിച്ചത് അല്ലെങ്കില്‍ അടുത്ത് തന്നെ മകള്‍ വിധവയാകുമെന്നറിഞ്ഞ ഏത് അച്ഛനാണ് ഇപ്രകാരം പ്രവര്‍ത്തിക്കുക.

    ഉഷയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോഴും അധികം വൈകാതെ താലി ഭാഗ്യം നഷ്ടപ്പെടുന്ന ഉഷയായിരുന്നു മനസ്സില്‍ .ഉള്ളിടത്തോളം കാലം ഇവളെയും അമ്മയെയും സ്നേഹിച്ചു ജീവിക്കണം.

    ഉഷയുടെ കയ്യ് പിടിച്ചു വിഷ്ണു കതിര്‍മണ്ഡപം ചുറ്റുമ്പോള്‍ കുസൃതിയും പിടിവാശിക്കാരനുമായ മരുമകനെ ചെറുനുണയിലൂടെയെങ്കിലും നേരെ വഴിക്ക് നടത്തിയതിന്‍റെ കുസൃതിചിരിയുമായി നിര്‍വൃതിയോടെ തിരുമേനിയമ്മാവന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു .

    Friday, February 20, 2015

    എന്റെ റാബിയാ....നീ എവിടെ

    By: mind waverings On: 8:33 PM
  • Share Post
  • റാബിയയെ കുറിച്ചെഴുതാൻ ആഗ്രഹിച്ചിട്ടു കുറച്ചു നാൾ ആയി.ദുബായിൽ ആദ്യമായി ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നാലാം ക്ലാസ്സിൽ ചേർന്നപ്പോൾ സ്നാക് ടൈമിൽ പോഫാക്കി തന്നവൾ റാബിയ.പിന്നെ സ്കൂൾ ബസ്സിലും ഞങ്ങൾ ഒന്നിച്ചായി.അല്ഗിസൈസ് ഷേക്ക്‌ റാഷിദ് ബിൽഡിങ്ങിൽ ബ്ലോക്ക് പതിനഞ്ചിൽ ഞാനും പതിനൊന്നിൽ റാബിയയും.ആദ്യമെത്തുന്ന ബ്ലോക്ക് പതിനഞ്ചിൽ എനിക്കൊപ്പം ബസ്സിറങ്ങി പതിനോന്നിലെയ്ക്ക് നടന്നു പോകുന്ന റാബിയ ഇന്നും സ്വപ്നത്തിൽ വരാറുണ്ട് .ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നെങ്കിലും എന്നെക്കാൾ മൂന്നോ നാലോ വയസ്സ് റാബിയക്ക് മൂപ്പുണ്ടായിരുന്നു.എന്നെ ഒരു കുഞ്ഞനുജത്തിയെ എന്നാ വണ്ണം കരുതലുണ്ടായിരുന്നു കാരണം ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടി അന്ന് ഞാനായിരുന്നു.

    റാബിയ സുന്ദരിയായിരുന്നു .അധികം വെളുത്തിട്ടൊന്നുമല്ല.അവളുടെ മുടി ആയിരുന്നു അവളുടെ അഴക്‌ .റാബിയയുടെ മുടി വിഗ് ആണ് എന്ന് ഞങ്ങൾ ഒക്കെ പറയുമായിരുന്നു അത്ര സോഫ്റ്റ്‌ ആയിരുന്നു അത്.സ്കൂളിലെ കലാകായിക മത്സരങ്ങളിലും പഠനത്തിലും ഒന്നുപോലെ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു അവൾ.

    അവൾടെ കുടുംബം;ഉപ്പ ഒരു ആർട്ടിസ്റ്റ് ആയിരുന്നു നാട്ടില ഏതോ കേസിൽ അറിയാതെ അകപ്പെട്ടത് കൊണ്ട് തിരികെ ലീവിന് പോലും നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയില്ലായിരുന്നു അദേഹത്തിന്.കുടുംബത്തിനെയുംഅത് കൊണ്ട് അവിടെയ്ക്ക് കൂട്ടി.ദുബായിൽ വനന്തിൽ പിന്നെ റാബിയ നാട് കണ്ടിട്ടില്ല .റാബിയയുടെ ഉമ്മ അതിസുന്ദരി ആയിരുന്നു പക്ഷെ മാനസികമായി അസുഖമുണ്ടായിരുന്നു.

    നോർമൽ ആയിരിക്കുമ്പോൾ അത്രയും സ്നേഹമുള്ള മറ്റൊരു സ്ത്രീയെ ഞാൻ കണ്ടിട്ടേ ഇല്ലാ എന്ന് പറഞ്ഞാലതിൽ അതിശയോക്തി ഇല്ല .റാബിയയ്ക്ക് അവളെക്കാൾ ഒരു വയസ്സിനു മൂത്ത ഒരു ചേട്ടനുണ്ട് .പിന്നെ ഒരു കുഞ്ഞനുജത്തി അവൾക്കെത്രയോ വയസ്സിനിളയത്.

    ഉമ്മയുടെ വയ്യായ്ക കാരണം മിക്കപ്പോഴും വീടിന്റെയും അനിയത്തിയുടെയും ചുമതല അവൾക്കായിരുന്നു.അതൊക്കെ ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ അവൾ ചെയ്തു തീർത്തു അവളുടെ അതെ പ്രായക്കാർ കളിച്ചു നടക്കുന്ന സമയത്ത്.
    ഒരിക്കൽ ഉമ്മയ്ക്ക് രോഗം കൂടിയ അവസ്ഥയില അവളുടെ മുടി കറി കത്തിക്ക് മുറിച്ചു കളഞ്ഞു.ആള്ക്കാരുടെ മുന്നിലോ സ്കൂളിലോ വരാൻ കഴിയാത്ത അവസ്ഥ.ഒടുവില തല മൊട്ട ആക്കേണ്ട അവസ്ഥയായി.പക്ഷെ അതും റാബിയ സ്വതവേയുള്ള തമാശ പോലെ മറ്റുള്ളവർക്ക് മുന്നില് അവതരിപ്പിച്ചു.


    മറ്റുള്ളവരെ തമാശ പറഞ്ഞു ചിരിപ്പിക്കുമ്പോഴും റാബിയ ഉള്ളാലെ പൊട്ടിക്കരഞ്ഞിരിക്കാം.

    ഇതിനിടയിൽ ഞങ്ങളും റാബിയയുടെ അതെ ബ്ലോക്കിലെയ്ക്ക് താമസം മാറിയിരുന്നു.ഞങ്ങളുടെ കൂട്ട്കെട്ട് കൂടുതൽ ദൃഡമായി.അവള്ടെ ഉമ്മ അസുഖമില്ലതിരിക്കുമ്പോൾ രുചികരമായ പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു പങ്കു എനിക്കായിരുന്നു.ആ രുചി ഇന്നും നാവിലുണ്ട്.

    ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ റാബിയയുടെ വിവാഹം തീരുമാനിച്ചു.അത്ര ചെറുപ്പത്തിൽ എന്തിനു എന്നൊന്നും എനിക്കറിയില്ല അവര്ക്ക് അവരുടെതായ കാരണങ്ങൾ കാണുമായിരിക്കും .

    ദുബായ് ഷെരട്ടനിൽ വെച്ചായിരുന്നു റിസപ്ഷൻ .ഞങ്ങളും പങ്കെടുത്തു.കുട്ടികാലത്തെ ഒരു കൌതുകം ആയെ അന്ന് ഞങ്ങള്ക്ക് അത് തോന്നിയുള്ളൂ കാരണം ദുബായിൽ ആയിരുന്നത് കൊണ്ട് നാട്ടിലെ വിവാഹ ചടങ്ങുകളിൽ ഒരിക്കലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.അത് കൊണ്ട് അതൊരു അപൂർവ ചടങ്ങായിരുന്നു എനിക്ക്.അവളുടെ മുറചെറുക്കൻ തന്നെ ആയിരുന്നു അവളുടെ വരൻ.വിവാഹ ശേഷവും റാബിയ പഠനം തുടർന്നു.പക്ഷെ ബാക്കിയുള്ള കുട്ടികളുമായി അധികം സംസാരിക്കരുതെന്ന് റാബിയയെ ടീച്ചർമാർ വിലക്കി .അത് എന്ത് കൊണ്ട് എന്ന് അന്നത്തെ പ്രായത്തിൽ നമുക്ക് മനസില്ലാക്കാൻ കഴിയുമായിരുന്നില്ല.

    അധികം വൈകാതെ റാബിയ ഗർഭിണിയായി അതോടൊപ്പം പഠിത്തവും മതിയാക്കി .അൽ ഷാബിലെയ്ക്കു ഭർത്താവിനൊപ്പം അവൾ താമസം മാറി.പിന്നെ ഇടയ്ക്കിടയ്ക്ക് അവൾ; വീട്ടില് വരുമ്പോൾ ഞങ്ങൾ തമ്മിൽ കാണാറുണ്ടായിരുന്നു.
    ഇതിനിടയിൽ എനിക്ക് രണ്ടനുജന്മാർ ജനിച്ചിരുന്നു.കൂടുതല്‍ റൂം സൗകര്യം നോക്കി ഞങ്ങള്‍ മറ്റൊരു ബ്ലോക്കിലെയ്ക്ക് താമസം മാറി .അതോടെ റാബിയയുമായുള്ള കോണ്ടാക്റ്റ് ഏതാണ്ട് മുറിഞ്ഞത് പോലെയായി.അന്നൊന്നും മൊബൈൽ ഫോണ്‍ സൗകര്യം ഒന്നും നിലവില്‍ വന്നിരുന്നില്ല അവൾക്കാകട്ടെ ലാൻഡ്‌ ഫോണും ഉണ്ടായിരുന്നില്ല .

    അവൾക്കു കുഞ്ഞുണ്ടായപ്പോൾ ഞാൻ പോയി കണ്ടിരുന്നു.പിന്നെ അവളുടെ ഉപ്പാടെ റൂമിനടുത്ത് താമസിക്കുന്ന എന്റെ ആന്റി പറഞ്ഞറിയുന്ന അവളുടെ വിശേഷങ്ങളിൽ ഒതുങ്ങി.ആന്റിയും മറ്റൊരിടതെയ്ക്ക് താമസം മാറിയതോടെ അതും ഇല്ലാതായി .........

    എന്റെറാബിയാ ....നീ ഇന്നെവിടെ 

    കഥയില്ലായ്മ

    By: mind waverings On: 8:28 PM
  • Share Post
  • സ്വന്തം കഥയില്ലായ്മയെ കുറിച്ച് അവൾക്കു അഹങ്കാരമായിരുന്നു ഒപ്പം അവജ്ഞയും.അവളുടെ നാല് പാടും മറ്റാരുടെയൊക്കെയോ കഥകളിൽ അവൾ മുങ്ങിതാഴുമ്പോഴും ഒരിക്കൽ താനും കഥകളാല്‍ നിറയുമെന്നവള്‍ സ്വപ്നേപി വിചാരിച്ചു കാണാൻ വഴിയില്ല.

    അവളുടെ കഥയില്ലായ്മകളിലേയ്ക്കൊരു കഥാസാഗരമായി അവൻ നിറഞ്ഞത്‌ അപ്രതീക്ഷിതമായായിരുന്നു ,ഒരായിരം കഥക്കൂട്ടുകളുമായി .

    അവന്റെ കഥയിലെ നായികയായി ,അവള്‍ അവളുടെതായ കഥ വേറെ മെനഞ്ഞപ്പോള്‍ അവളിലെ കഥയില്ലായ്മയ്ക്ക്‌ ശാശ്വത പരിഹാരമായി.ഒരു നാള്‍ കഥകളൊക്കെ തീര്‍ന്നപ്പോള്‍ അവളോട്‌ യാത്രപോലും പറയാതെ മറ്റാരുടെയോ ജീവിതത്തില്‍ കഥ പറയാനായി അവന്‍ നടന്നകന്നപ്പോളാണ് തന്നിലെ കഥയില്ലായ്മയുടെ വ്യാപ്തി അക്ഷരാര്‍ത്ഥത്തില്‍ അവള്‍ തിരിച്ചറിഞ്ഞത്