ബോധാബോധ തലങ്ങളില്‍ നീന്തി തുടിച്ചായിരുന്നു പിന്നെയുള്ള സൗജയുടെ ദിനരാത്രങ്ങള്‍.ബോധം വരുമ്പോള്‍ സീനുമോളോ ശാഹുമോണോ അടുത്ത് ഉണ്ടാകും."കുട്ടികള്‍ തനിക്കു വേണ്ടി എത്ര മാത്രം കഷ്ടപ്പെടുന്നു".
അബോധാവസ്ഥയില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ അവളെ പിരിഞ്ഞ ഉമ്മയും വാപ്പയും മരിക്കാതെ പിരിഞ്ഞു പോയ അക്ബറും ഒക്കെ അവള്‍ക്കു കൂട്ടിനുണ്ടായിരുന്നു.അവിടെ അവള്‍ ആരോഗ്യവതിയായിരുന്നു,ഉമ്മയുടെയും വാപ്പയുടെയും പോന്നുമകള്‍,അക്ബറിന്റെ സുന്ദരിയായ ഭാര്യ.
വര്‍ത്തമാനാവസ്ഥ മരവിച്ച് ഭൂതകാലത്തില്‍ പെട്ടത് പോലെ തോന്നി പോയി പലപ്പോഴും സൌജക്ക്.
പെട്ടെന്നെന്തോ ഒച്ച കേട്ട് സൗജയുടെ ഉറക്കം ഞെട്ടി.സ്ഥലകാല ബോധം വീണ്ടെടുക്കുമ്പോള്‍ താന്‍ നിരാലംബയാണെന്നുള്ള വസ്തുത പിന്നെയും ഓര്‍മ്മയിലേക്ക് ഓടിയെത്തി.
ഷാഹുമോന്റെ മുഖത്തേക്ക് നോക്കി കിടക്കവേ;സൗജയുടെ ഉള്ള് വിങ്ങിപ്പോട്ടി."പാവം വാപ്പയെന്ന ആ വ്യക്തിയെ ജീവനോടെ ഉണ്ടായിട്ടും നേരിട്ട് കണ്ടിട്ടില്ലാത്ത എന്റെ കുട്ടി.ആര് ചെയ്ത തെറ്റാകാം,ഏതായാലും അവന്റെതല്ല".
ചെറുപ്പത്തില്‍ കൂട്ടുകാരുടെ കളിയാക്കലുകളില്‍ വേദനിച്ചു വാപ്പയെ കാണണമെന്ന് വാശി പിടിച്ച് കരഞ്ഞു പട്ടിണി കിടന്ന എത്രയോ നാളുകള്‍.
അത് കണ്ടു നിസ്സഹായയായി സ്വയം ഉരുകാനെ ഈ ഉമ്മയ്ക്ക് കഴിഞ്ഞിട്ടുള്ളൂ.
വളര്‍ന്നപ്പോള്‍,ഏകദേശം കാര്യങ്ങള്‍ ഗ്രഹിച്ചതില്‍ പിന്നെ ഒരിക്കലും അവന്‍ ഒന്നിനും ഉമ്മയെ ബുധിമുട്ടിച്ചിട്ടില്ല.ഉമ്മയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു പിന്നെ അവന്റെ ഓരോ ശ്രമങ്ങളും.
വാശിയോടെ പഠിച്ചു.എത്താവുന്നിടത്തോളം ഉയരങ്ങള്‍ അവന്‍ എത്തിപ്പിടിച്ചു.ഇന്ന് അറബ് നാട്ടിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ വലിയൊരു ഉദ്യോഗസ്ഥന്‍ ആണവന്‍.ഉമ്മയ്ക്ക് അമ്പിളി അമ്മാവനെ വേണമെങ്കില്‍ പോലും കൊണ്ട് വന്നു തരാന്‍ കെല്‍പ്പുള്ളവന്‍.
സീനുമോളുടെ നിക്കാഹ് അവന്‍ ഒറ്റയ്ക്ക് ;വാപ്പയുടെ സ്ഥാനത് നിന്നാണ് നടത്തി കൊടുത്തത്.ഇതിലേറെ ഭാഗ്യം ഒരുമ്മാക്ക് വേറെ എന്താണ് വേണ്ടിയത്.പടച്ചവന്‍,ഞാന്‍ ഒഴുക്കിയ കണ്ണുനീരിനും,അഞ്ചു നേരം ആ മുന്നില്‍ കുനിഞ്ഞു അപേക്ഷിക്കുന്നതിനും തന്ന സമ്മാനമാകും ഈ പോന്നുമക്കള്‍..
തഹസില്‍ദാരായിരുന്ന സൗജയുടെ വാപ്പ അവളുടെ വിദ്യാഭ്യാസത്തില്‍ വളരെ തല്പരനായിരുന്നു.(അന്നൊക്കെ മുസ്ലിം സ്ത്രീകള്‍ അധികം വിദ്യാഭ്യാസം നേടിയിരുന്നില്ല).അങ്ങനെ അവള്‍ ബിരുദധാരിയായി.
സൌജക്ക് ആദ്യം വന്ന വിവാഹാലോചനയായിരുന്നു അക്ബറിന്റേത് .കുടുംബം സാമ്പത്തികമായി ക്ഷയിച്ചതായിരുന്നു എങ്കിലും അക്ബറിന്റെ എന്‍ജിനീയര്‍ ബിരുദം വാപ്പയെ മോഹിപ്പിച്ചു.ഒറ്റനോട്ടത്തില്‍ തന്നെ ആ മുഖം അവളുടെ മനസ്സിലും കുടിയേറി.
ആ വിവാഹം വളരെ ആര്‍ഭാടമായി തന്നെ വാപ്പ നടത്തി.
വിവാഹം കഴിക്കുമ്പോള്‍ അക്ബറിക്കാക്ക് സ്ഥിരമായി ഒരു ജോലിയില്ലായിരുന്നു.വിവാഹ ശേഷം വാപ്പായുടെ സ്വാധീനത്താല്‍ അദ്ദേഹത്തിനു വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗം ലഭിച്ചു.
അക്ബര്‍ പൊതുവേ അന്തര്‍മുഖനായിരുന്നു.ആരോടും അങ്ങനെ അധികം സംസാരമോ ചങ്ങാത്തമോ ഇല്ല.തന്നോട് അദ്ദേഹത്തിന് സ്നേഹം തന്നെയാണ് എന്ന് സൗജ തീര്‍ത്ത് വിശ്വസിച്ചിരുന്നു.
ജീവിതത്തിലേക്ക് ആയിടക്കായിരുന്നു സീനുമോളുടെ വരവ്.അക്ബറിക്കയുടെ തനി പകര്‍പ്പ്.തന്നെക്കാള്‍ ഭാഗ്യവതിയായി ഒരു സ്ത്രീയും ഈ ലോകത്ത് കാണില്ലാ എന്ന് തന്നെയായിരുന്നു സൗജയുടെ വിശ്വാസം പക്ഷെ അതിന്റെ പേരില്‍ ഒരിക്കലും അഹങ്കരിച്ചില്ല പടച്ചോനോട് ശുക്ക്ര്‍ പറഞ്ഞിട്ടേ ഉള്ളൂ.
എന്ത് കൊണ്ടെന്നറിയില്ല ലഭിച്ച ഉദ്യോഗത്തില്‍ അക്ബറിക്ക അത്ര സന്തോഷവാന്‍ ആയിരുന്നില്ല.ഗള്‍ഫില്‍ പോയി കാശ് ഉണ്ടാക്കുകയായിരുന്നു അന്നത്തെ എല്ലാ യുവാക്കളെയും പോലെ അദ്ദേഹത്തിന്റെയും താല്പര്യം.
ഷാഹുമോനെ നാല് മാസം ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വാപ്പായുടെ സുഹൃത്ത് മുഖേനെ അക്ബറിന് ദുബായിലേക്ക് വിസ തരമായത്.അതിന്റെ ചിലവുകള്‍ മുഴുവന്‍ വഹിച്ചതും വാപ്പ തന്നെയായിരുന്നു.
അക്ബറിനെ പിരിയുന്ന സങ്കടമുണ്ടായിരുന്നെങ്കിലും തങ്ങളുടെ നല്ല ഭാവിയെ കരുതി നിറകണ്ണുകളോടെ സൗജ ഭര്‍ത്താവിനെ യാത്രയാക്കി.
(തുടരും)
0 comments:
Post a Comment