Tuesday, May 29, 2012

Tagged Under:

നിയ്യത്ത്(1)

By: mind waverings On: 12:19 PM
  • Share Post

  • "ഉമ്മാ"..സീനു മോളുടെ വിളി അകലെ എവിടെയോ നിന്ന് കേട്ടത് പോലെ."ഗള്‍ഫിലുള്ള അവള്‍ എങ്ങനെയാ ഇപ്പൊ തന്റെ അടുക്കല്‍ വന്നു വിളിക്കുക".സൗജയുടെ മയക്കം പെട്ടെന്ന് വിട്ടകന്നത് പോലെ.

    "എവിടെയാ താന്‍"?ചുറ്റും മരുന്നിന്റെ ഗന്ധം തങ്ങിനില്‍ക്കുന്നു.ആരൊക്കെയോ ചുറ്റുമുണ്ട്.സീനു മോളുടെയും ഷാഹു മോന്റെയും മുഖം അവ്യക്തമായി കണ്ടു.താന്‍ ആശുപത്രിയില്‍ ആണോ?എന്താ തനിക്ക് പറ്റിയത്.മഗ്രിബ് നമസ്ക്കാരത്തിന് സുജൂദില്‍ പോയ്യാതെ ഓര്‍മ്മയുള്ളൂ പിന്നെ ഇപ്പൊ ദാ ഇവിടെ ഇങ്ങനെ..

    താന്‍ കണ്ണ് തുറക്കുന്നത് കണ്ടു മക്കളുടെ മുഖം സന്തോഷത്താല്‍ വികസിക്കുന്നത് സൗജ കണ്ടു.പക്ഷെ കൈകാലുകള്‍ എന്തെ അനക്കാന്‍ ആകുന്നില്ല.അവ ഇരുന്നിടത്തെന്തോ ഭാരമുള്ള കരിങ്കല്‍ കെട്ടി വെച്ചത് പോലെ.

    സീനുമോളെ വിളിക്കാന്‍ നാവുയര്‍ത്തി പക്ഷെ എന്തോ വികൃതശബ്ദമാണ് പുറത്തു വന്നത്.നാവു കുഴഞ്ഞു  കുഴഞ്ഞു പോകുന്നു.

    സീനുമോള്‍ അടുത്തിരുന്ന് തന്നെ തഴുകി ആശ്വസിപ്പിക്കുന്നതും ഷാഹുമോന്‍ നിറകണ്ണോടെ തന്നെ നോക്കി നില്‍ക്കുന്നതും കണ്ടാണ്‌ സൗജ പിന്നെയും മയക്കത്തിലേക്ക് വഴുതി പോയത് 

    സൗജ ഉണരുമ്പോഴേക്കും സീനുമോള്‍ തൊട്ടടുത്തിരുന്ന് മയങ്ങുന്നുണ്ടായിരുന്നു."പാവം കുട്ടി,എന്നെ നോക്കിയിരുന്ന് ക്ഷീണിച്ച് മയങ്ങിയതാവാം.ഒരിക്കലും ആര്‍ക്കും താനൊരു ബാധ്യതയാകരുതെന്നായിരുന്നു എക്കാലത്തെയും തന്റെ ആഗ്രഹവും പ്രാര്‍ഥനയും എന്നിട്ടും  അതൊന്നും  തമ്പുരാന്‍ കേട്ടില്ലല്ലോ.."

    തൊണ്ട വരണ്ടുണങ്ങിയിരിക്കുന്നു.കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കില്‍......സൗജ സീനുവിനെ വിളിക്കാന്‍ ശ്രമിച്ചു.പഴയത് പോലെ അസ്പഷ്ട്ട ശബ്ദം മാത്രം.

    ഒരു മാത്ര മോളുടെ ഉറക്കം ഞെട്ടി.കണ്ണ് തുറന്നിരിക്കുന്നത് കണ്ട് അവള്‍ ഒരു ഗ്ലാസ്സില്‍ വെള്ളമെടുത്ത് അല്പാല്പമായി ഉമ്മയുടെ തൊണ്ടയിലേക്ക്‌ ഒഴിച്ച് കൊടുത്തു.

    സൗജ ഓര്‍ത്തു,പണ്ട് മുതലേ മകള്‍ അങ്ങനെയായിരുന്നു.തന്റെ മനസ്സ് പറയാതെ തന്നെ അറിയാന്‍ ഒരു കഴിവ് അവള്‍ക്കുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

    എന്റെ മക്കള്‍;അവര്‍ക്ക് വേണ്ടി മാത്രമായിരുന്നല്ലോ ഇത് വരെയുള്ള തന്റെ ജീവിതം.

    ഈ കിടപ്പില്‍ ഒരാളെ കാണണമെന്ന് സൗജക്ക് തോന്നിപ്പോയി.ഒരിക്കല്‍ തന്റെ മോഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയും,തന്നെ കടലോളം സ്നേഹിച്ചിരുന്നു എന്ന് താന്‍ വിശ്വസിച്ചിരുന്നതും,ഒടുവില്‍ ഏറ്റവും അധികം വെറുക്കുകയും ചെയ്ത ആ വ്യക്തിയെ.

    ഇനി ഒരിക്കലും കാണില്ല,കാണണ്ടാ എന്ന് പ്രതിജ്ഞ എടുത്തിരുന്നതാണ്.പക്ഷെ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍....;തന്റെ മക്കള്‍ക്ക്‌ സ്വന്തം എന്ന് പറയാന്‍ ഒരാള്‍ വേണ്ടേ?അതവരുടെ ബാപ്പ തന്നെ ആകുന്നതല്ലേ നല്ലത്.

    താന്‍ ആഗ്രഹിച്ചാലും മക്കള്‍ അതിനനുവദിക്കില്ലെന്ന് നന്നായറിയാം.ആ പേരില്‍ ചെറുപ്രായം മുതലേ അവര്‍ അനുഭവിച്ച മാനക്കേട്‌ ചില്ലറയായിരുന്നില്ലല്ലോ.

    നേഴ്സ് അരികില്‍ വന്നു ബി.പി യും പള്സ്ഉം നോക്കുന്നതും ഇന്ജെക്ഷനുള്ള മരുന്നുകള്‍ നിരയ്ക്കുന്നതും നോള്ളി അവര്‍ കിടന്നു.മരുന്ന് കുത്തിയതൊന്നും അറിയുന്നതേയില്ല.

    ഒരു വെള്ളിടി ഈര്‍ച്ചവാള്‍ പോലെ സൗജയുടെ ചേതനയില്‍ മിന്നിപ്പൊലിഞ്ഞു."തന്റെ ശരീരം ആകമാനം തളര്‍ന്നിരിക്കുന്നു.ഇപ്പോള്‍ വെറുമൊരു മാംസ പിണ്ഡം മാത്രമാണ് താന്‍.ഈ സ്ഥിതിയില്‍ നിന്ന് എത്രയും പെട്ടെന്ന് പടച്ചവന്‍ വിളിച്ചിരുന്നെങ്കില്‍...!!"

    മരുന്നിന്റെ എഫ്ഫെക്റ്റ്‌ ആകാം അവള്‍ വീണ്ടുമൊരു ദീര്‍ഘമായ ഉറക്കത്തിലേക്ക് മുങ്ങിത്താണൂ
                                             (തുടരും)

    0 comments:

    Post a Comment