Tuesday, May 13, 2014

Tagged Under:

കള്ളിച്ചെടികള്‍ പൂവിടുമ്പോള്‍

By: mind waverings On: 10:45 PM
  • Share Post
  • വെളുപ്പാൻകാലത്തെ തണുത്തുറയുന്ന തണുപ്പില്‍, തന്റെ കവിളിൽ ഒരു കൈപ്പത്തി വാത്സല്യപൂർവം തടവുന്നതാസ്വദിച്ച് അസ്ലം ഉറക്കം നടിച്ചു കിടന്നു.അബ്ബാജാൻ തന്നെയാവുമെന്നു അവന് ഉറപ്പുണ്ട്., കണ്ണ് തുറന്നാൽ ആ സുഖം നഷ്ടമാകുമെന്നും.

    അബ്ബാജാൻ പണ്ടും ഇങ്ങനെ തന്നെയായിരുന്നു.രാവിലത്തെ നമാസും പതിവ് ഖുർആൻ പാരായണവും കഴിഞ്ഞാൽ പിന്നെ ഞങ്ങൾ കുട്ടികളുടെ മുറിയില്‍ വന്നു ഓരോരുത്തരെയായി തഴുകി തലോടി ഉണർത്തി പ്രഭാതചര്യകളിലെയ്ക്ക് പറഞ്ഞു വിടും .

    എത്ര തണുപ്പെങ്കിലും നമാസ് മുടക്കുന്നത് അബ്ബാജാൻ സഹിക്കുകയേ ഇല്ല.കാശ്മീർ താഴ്‌വരയിലെ തണുപ്പ് ജനിച്ച നാൾ മുതൽ അനുഭവിക്കുന്നതാണെങ്കിലും അതിരാവിലത്തെ കൊടും തണുപ്പിൽ പുതപ്പിന്റെ ചൂടില്‍ ചുരുണ്ട് കൂടി ഉറങ്ങുന്ന സുഖത്തെ, ഹനിക്കുന്ന അബ്ബയോടു ചിലപ്പോഴൊക്കെ ദേഷ്യം തോന്നാറുണ്ടായിരുന്നു.

    നമാസ് കഴിഞ്ഞാൽ പിന്നെ തലേദിവസത്തെ പാഠഭാഗങ്ങൾ വായിക്കുക ,അത് അബ്ബായെ ബോദ്ധ്യപ്പെടുത്തുക എന്നതായിരുന്നു അടുത്ത കടമ്പ.എല്ലാം പഠിച്ചു എന്നറിയുമ്പോൾ സ്വയമേ ചുവന്നു തുടുത്ത അബ്ബയുടെ കവിളുകൾ സന്തോഷം കൊണ്ട് പതിന്മടങ്ങ്‌ തുടുക്കുന്നത് കാണാൻ നല്ല ഭംഗിയായിരുന്നു .അത് കാണാൻ വേണ്ടി തന്നെ അസ്ലം നന്നായി പഠിക്കുമായിരുന്നു .

    അബ്ബയും അമ്മീജാനും സ്കൂൾ അധ്യാപകരായിരുന്നു.കാശ്മീരിലെ പ്രശ്ന ബാധിത താഴ്‌വരകളിലോന്നിൽ ജനിച്ചു വളർന്ന അസ്ലമിനു വെടിയൊച്ച അത്ര പുതുമയുള്ളതായിരുന്നില്ല.ആപ്പിളുകളും മനോഹരമായ പുഷ്പങ്ങളും നിറച്ചാർത്ത് ആവശ്യത്തിലേറെയേകി അനുഗ്രഹിച്ച അള്ളാഹുവിന്റെ ക്രൂരമായ ഒരു തമാശ അല്ലാതെന്തു?

    ഓരോ വീടുകളിലും ഉള്ളവർ തങ്ങളുടെ ഊഴം കാത്ത് എന്ന പോലെയാണ് ഓരോ പ്രഭാതപ്പിറവിയെയും വരവേൽക്കുക.കൂട്ടക്കരച്ചിൽ കേട്ട് ഉണരാത്ത പ്രഭാതങ്ങൾ വിരളം.ശൈത്യത്തിന്റെ മരവിപ്പ് മനസ്സുകളിലേയ്ക്ക്‌ പടർന്ന ജീവിതങ്ങൾ.ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ തീവ്രവാദത്തിലെയ്ക്കു പിച്ചവെയ്ക്കുന്ന രക്തപങ്കിലമായ ദിനരാത്രങ്ങൾ !!


    ഞങ്ങളുടെ അയല്ക്കാരായിരുന്നു മുക്ത്താർ ചാച്ചയും കുടുംബവും .അദ്ദേഹത്തിന്റെ മക്കൾ ആയ സലാഹും സാലിഹയുമായിരുന്നു എന്റെയും സല്മയുടെയും കളിക്കൂട്ടുകാർ.ഞങ്ങള്‍ ഒന്നിച്ചായിരുന്നു സ്കൂളിൽ പോകുന്നതും കളിക്കുന്നതും ഒക്കെ .അബ്ബയും മുക്താർ ചാച്ചയും ഞങ്ങളുടെ കളികൾ ആസ്വദിച്ചിരിക്കുമ്പോൾ അമ്മീജാനും സോഹ്രാ ചാച്ചിയും രുചിയേറിയ പക്വാൻ ഉണ്ടാക്കുന്ന തിരക്കിലാവും എന്ത് രസമുള്ള കാലഘട്ടം ആയിരുന്നു അന്നൊക്കെ.

    ഭയഭീതികൾക്കിടയിലും ബാല്യത്തിന്റെ നിഷ്കളങ്കത കൈവിടാതിരുന്ന ആ നല്ല നാളുകൾ.

    എത്ര പെട്ടെന്നാണ് എല്ലാം തലകീഴായി മറിഞ്ഞത്.ഒരു ദിനം പുലര്ന്നത് സലാഹിന്റെ കുടുംബത്തിന്റെ ദീനരോദനം ശ്രവിച്ചു കൊണ്ടായിരുന്നു.അന്നത്തെ വെടിയുണ്ടയുടെ ഒരിര അവന്റെ അബ്ബയായിരുന്നു.

    ആ ദിനത്തോടെ അവന്റെ നിഷ്കളങ്കതയും ബാല്യവും കൊലചെയ്യപ്പെട്ടു.പിന്നെ അവനെ കാണുന്നത് കൊല്ലപെട്ട തീവ്രവാദികളെ കുറിച്ച് പത്രത്തിൽ വന്ന ഒരു ഫോട്ടോയിൽ കൂടിയായിരുന്നു.

    വെറും പതിനഞ്ച് വയസ്സുള്ള ഒരു തീവ്രവാദി.പിതാവിന്റെ ചോരയ്ക്ക് പകരം വീട്ടാൻ സ്വന്തം ചോര കൊടുത്തൊരു തുലാഭാരം.

    നഷ്ടങ്ങള്‍ അവന്റെ അമ്മിക്കും സാലിഹയ്ക്കും മാത്രം പിന്നെ എനിക്കും നല്ലൊരു സുഹൃത്തിന്റെ.

    സലാഹിന്റെ അമ്മിയെയും പെങ്ങളെയും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങൾ ആയി കൂട്ടണം എന്നായിരുന്നു അബ്ബയുടെ ആഗ്രഹം പക്ഷെ സമൂഹത്തെ ഭയക്കേണ്ടിയിരുന്നു.ഒരു തീവ്രവാദിയുടെ കുടുംബത്തിനു അഭയം കൊടുക്കുന്നവർ പോലും തീവ്രവാദിയായി മുദ്രകുത്തപ്പെടുക പതിവാണല്ലോ.

    ഒളിച്ചും പാത്തും ഞാനും സല്മയും അവർക്കാവശ്യമുള്ള ഭക്ഷണവും വസ്ത്രവും പണം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളും അബ്ബയും അമ്മിയും തന്നയച്ചിരുന്നതു അവർക്കെത്തിക്കുക പതിവായിരുന്നു.കുട്ടികൾ എന്ന പരിഗണനയിൽ ഞങ്ങളുടെ മേൽക്ക് സംശയം നിവർന്നില്ല.

    കാലം മഞ്ഞുമൂടിയും ചോരയാൽ ചുവപ്പിച്ചും കടന്നു പോയി.പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉന്നത വിജയം അറിഞ്ഞ ആ ദിവസം .എന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ ദിനം ..!

    തീവ്രവാദികളിൽ ഒരാൾ പട്ടാളക്കാരുടെ കണ്ണ് വെട്ടിച്ചു എവിടെയോ ഒളിച്ചിരിക്കുന്നു എന്നൊരു അഭ്യൂഹം പടർന്നത് അന്നായിരുന്നു.ഓരോ വീടും അരിച്ചു പെറുക്കി പട്ടാളക്കാർ.അബ്ബ ആ സമയമാണ് നമ്മുടെ ചായ്പ്പിൽ ഒരസാധാരണ അനക്കം ശ്രദ്ധിച്ചത്.പട്ടാളക്കാരെ അബ്ബ രഹസ്യമായി അവിടെയ്ക്ക് നയിച്ചു കാരണം ഒരു തീവ്രവാദിയെ പിടിക്കാൻ വേണ്ടി അനേകായിരം നിരപരാധികളുടെ ജീവിതം ദുസ്സഹമാക്കപ്പെടുന്നത് പതിവായിരുന്നു അതൊഴിവാക്കാൻ വേണ്ടി മാത്രം .

    തീവ്രവാദികളുടെ നേതാവായ അയാളെ പട്ടാളക്കാർക്ക് ഏല്പ്പിച്ച് കൊടുത്ത അബ്ബയെ പക്ഷെ പട്ടാളക്കാർ സംശയത്തോട്‌ കൂടിയാണ് നോക്കിയത് .
    ആ രാത്രി, ഒരിക്കലും ഓർമ്മയിൽ നിന്ന് തുടച്ചു നീക്കാൻ കഴിയാത്ത ആ രാത്രിയിൽ എന്റെ അബ്ബ അവരുടെ വെടിയുണ്ടയ്ക്കിരയായി.എല്ലാമെല്ലാമായ എന്റെ സ്നേഹനിധിയായ എന്റെ പിതാവ് അതോടെ എന്നെന്നേയ്ക്കുമായി എന്നെ പിരിഞ്ഞു പോയി.

    അബ്ബയെ കൊന്ന പട്ടാളക്കാർക്ക് നേരെ ഉയർന്ന എന്റെ പക ,ഒരു വേള തീവ്രവാദത്തിലെയ്ക്കെന്നെ വഴി നടത്താൻ തുനിഞ്ഞു പക്ഷെ ആ ദിനങ്ങളിലോരുനാൾ എന്റെ മയക്കത്തിൽ വന്നബ്ബ ചെവിയിലോതിയ വാക്കുകളാണ് ഇന്നെന്നെ വാർത്തതു.

    "ഒരു തീവ്രവാദി എന്ത് നേടുന്നു ?സ്വന്തം ചോരയ്ക്ക് പകരം ചോദിക്കാൻ അനേകരുടെ ചോരചിന്തുകയും ഒടുവിൽ സ്വന്തം ചോര തന്നെ ചിന്തി മരിക്കുമ്പോൾ അതിലെന്താണ് നേട്ടം?പകരം ഒരു പ്രാണനെയെങ്കിലും രക്ഷിയ്ക്കാൻ ശ്രമിച്ച് ,തീവ്രവാദത്തെത്തന്നെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയല്ലേ വേണ്ടത്?നിനക്ക് കഴിവുണ്ട്,വിദ്യാഭ്യാസമാണ് നിന്റെ വഴി.നീ അതിലൂടെ വേണം സഞ്ചരിക്കാൻ ."ഈ വാക്കുകളായിരുന്നു ഉണർന്നപ്പോൾ എന്റെ ചെവിപുടങ്ങളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നത്.

    ഒരിക്കലും അബ്ബയെ ധിക്കരിച്ചിട്ടില്ലാത്ത അദ്ദേഹത്തിന്റെ ഈ മകൻ അദ്ദേഹം നിർദ്ദേശിച്ച പാത തന്നെ പിന്തുടർന്നു.ഇതാ ഇന്ത്യൻ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായി .ട്രെയിനിംഗ് കഴിയുമ്പോള്‍ ഇവിടെ തന്നെ പോസ്റ്റിങ്ങ്‌ ശരിയാകുവാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുകയാണ്.എന്റെ നാടിന്റെ അവസ്ഥയെ എന്നാൽ കഴിയും വിധം തിരുത്തിക്കുറിക്കണം എനിക്ക്.
    നാളെ എന്റെ നിക്കാഹാണ് .വധു മറ്റാരുമല്ല ,എന്റെ ബാല്യകാല സഖി സാലിഹ തന്നെ.

    അബ്ബിയുടെ തലോടൽ ഒരനുഗ്രഹം പോലെ തലയിൽ അവസാനിച്ചപ്പോൾ പതിയെ കണ്ണ് തുറന്നു .ശൂന്യമായ മുറിയിൽ അബ്ബയുടെ കയ്യുടെ ചൂടും അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന അത്തറിന്റെ സുഗന്ധവും ഞാനും പിന്നെ എല്ലാത്തിനും മേലെ എന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളും മാത്രം .!!!


    (ശുഭം) 

    0 comments:

    Post a Comment