Sunday, November 9, 2014

Tagged Under:

മടക്കം

By: mind waverings On: 3:58 AM
  • Share Post
  • സീന്‍ ഒന്ന് 
    കഥാപാത്രം ശ്യാമ

    മടുത്ത് തുടങ്ങിയിരിക്കുന്നു .വെറുമൊരു വണ്ടിക്കാളയെപ്പോലെ ചുമട് വലിച്ചു തളര്‍ന്നിരിക്കുന്നു .വണ്ടിക്കാളയ്ക്ക് പോലും ഇടയ്ക്ക് ഉടമസ്ഥന്റെ തലോടല്‍ ലഭിക്കാറുണ്ട്!!

    അതിരാവിലത്തെ എണീറ്റ്‌ വീട്ടു ജോലികള്‍ ഒക്കെ തീര്‍ത്ത് ശരത്തിനും കുട്ടികള്‍ക്കും ഉള്ള ലഞ്ചും പാക്ക് ചെയ്തു യാത്രയാക്കി ഓഫീസിലേയ്ക്ക് ഒരു നെട്ടോട്ടമാണ്.

    ഉണരുമ്പോള്‍ മുതല്‍ "ശ്യാമേ ചായ .ശ്യാമേ തോര്‍ത്ത് ,ശ്യാമേ പേസ്റ്റ് ..അമ്മെ ടൈ ,അമ്മെ സോക്സ്‌ "ഇതിനായി ചെല്ലേണ്ട കയ്യും തന്‍റെ തന്നെയല്ലേ?
    ഇതിനിടയില്‍ കുളിക്കണം സാരി ഉടുക്കണം,പ്രാതല്‍ കഴിക്കല്‍ മിക്ക ദിവസവും ഉണ്ടാവില്ല ,അല്ലെങ്കില്‍ തന്നെ താന്‍ കഴിക്കുന്നോ ഇല്ലയോ എന്ന് ആര്‍ക്കറിയണം .

    ശരത്തിന്റെയും തന്റെയും ഇടയിലുള്ള പ്രണയം എന്നെ പറന്നകന്നു.അദേഹത്തിന് ഓഫീസ് ,ജോലി ,ക്ലയിന്റ്സ്,മീറ്റിംഗ്,വീട്ടില്‍ വന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌.കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുമ്പോ എന്തേലും മിണ്ടാന്‍ ചെന്നാല്‍ ചീറാന്‍ വരും .

    മക്കളും അച്ഛനെ പോലെ ആയി തുടങ്ങിയിട്ടുണ്ട്.അവര്‍ക്ക് എന്തിനും ഏതിനും കൂട്ടുകാര്‍ മതി.
    തന്‍റെ സ്ഥാനം വെറും ഒരു അടുക്കളക്കാരി മാത്രമായി അധപതിച്ചിരിക്കുന്നു.
    മനോരാജ്യത്തില്‍ മുഴുകി ഓഫീസില്‍ എത്തിയത് അറിഞ്ഞില്ല.ഇന്ന് സെക്രട്ടറിയുടെ വക ഓട്ടന്‍ തുള്ളല്‍ ഉണ്ടാവും വൈകിയതിന്.

    സീന്‍ രണ്ടു
    കഥാപാത്രം ശരത്

    ഓഫീസിലെ ജോലികളില്‍ വിരസത തോന്നി തുടങ്ങിയിട്ട് കാലമെത്രയായി.എന്നും ഒരേ ചിട്ട.മടുത്തിരിക്കുന്നു .ശ്യാമയ്ക്കും കുട്ടികള്‍ക്കും ഒപ്പം സമയം ചിലവഴിച്ചിട്ടു തന്നെ എത്ര നാളായി .പാവം അവള്‍ വല്ലാതെ സങ്കടപ്പെടുന്നുണ്ടാവും.തനിക്കും കുട്ടികള്‍ക്കും വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നുണ്ട് അവള്‍ എന്നറിയാഞ്ഞിട്ടല്ല എന്നിട്ടും .
    രാത്രി വീട്ടിലെത്തുമ്പോള്‍ തന്നെ സമയം എട്ടാകും.ഓഫീസിലെ പല ഫയലുകളും വര്‍ക്കുകളും വീട്ടിലേയ്ക്ക് കൊണ്ട് വരുന്നത് നോക്കുന്നത് രാത്രിയിലാണ്.ചില കോണ്ട്രാക്റ്റ് വര്‍ക്കുകള്‍ എഫ് ബീയില്‍ ഉള്ള സുഹൃത്തുക്കള്‍ മുഖേനെയാണ് ലഭിക്കുന്നത് .അതിനെ കുറിച്ച് അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാവും അവള്‍ ജോലി ഒക്കെ തീര്‍ത്ത് അടുത്ത് വരിക.ശല്യപ്പെടുത്താതിരിക്കാന്‍ അവളോട്‌ പറഞ്ഞു കഴിയുമ്പോള്‍ പലപ്പോഴും കുറ്റബോധം തോന്നിയിട്ടുണ്ട്.

    സീന്‍ മൂന്ന്
    കഥാപാത്രം ശ്യാമ,അരുണ്‍

    വൈകിട്ട് വീട്ടിലെത്തി,കുട്ടികള്‍ക്ക് കാപ്പി ഒക്കെ ഒരുക്കി കഴിഞ്ഞപ്പോള്‍ ഫേസ്ബുക്ക്‌ ഓപ്പണ്‍ ആക്കാന്‍ തോന്നലുണ്ടായി.കൂടെ പഠിച്ച സുഹൃത്തുക്കള്‍ ഉണ്ട് അതില്‍.എത്രനാളായി അവരോടൊക്കെ മിണ്ടിയിട്ട്.
    മനസ്സിന്റെ ടെന്‍ഷന്‍ അങ്ങനെ എങ്കിലും ഒന്നും മാറുമോ എന്ന് നോക്കട്ടെ.ലോഗിന്‍ ചെയ്തപ്പോള്‍ കണ്ടു നിറയെ നോട്ടിഫിക്കേഷനും രണ്ടു ഫ്രെണ്ട് റിക്വസ്റ്റും.നോട്ടിഫിക്കേഷന്‍ ഓടിച്ചു നോക്കി ,ഫ്രെണ്ട് റിക്വസ്റ്റ് രണ്ടും പരിചയമില്ലാതെ തോന്നി എന്നാലും അക്സപ്റ്റ് കൊടുത്തു.

    അക്സപ്റ്റ് ചെയ്തയുടനെ ഹായ് എന്ന് മെസേജ് വന്നു.തിരിച്ചും ഒരു ഹായ് പറഞ്ഞു.ആരാണ് ഏതാണ് എന്താണ് എന്നൊക്കെ ചോദ്യങ്ങള്‍,മറുപടി കൊടുത്തില്ല.തന്‍റെ മൌനം കണ്ടാവും അയാള്‍ അയാളെ കുറിച്ച് വാചാലനായി.ആ വാചാലത അവള്‍ക്കെന്തോ ഇഷ്ടമായത് പോലെ.എന്നിട്ടും അവള്‍ നിശബ്ദയായിരുന്നതേയുള്ളൂ .

    പിറ്റേദിവസം എത്രയും വേഗം വീട്ടില്‍ എത്താന്‍ എന്തെന്നില്ലാത്ത വ്യഗ്രതയുണ്ടായി അവള്‍ക് ആരോ പ്രതീക്ഷിചിരിക്കുന്നത് പോലെ.പ്രതീക്ഷ തെറ്റിയില്ല അവള്‍ക്കായി അവന്റെ മെസേജ് എഫ് ബീയില്‍ കാത്തിരിപ്പുണ്ടായിരുന്നു.അവള്‍ അവനോട് മനസ്സ് തുറക്കാന്‍ തോന്നലുണ്ടായി.അവന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ ഒന്നൊന്നായി മറുപടി നല്‍കി.

    പോകെ പോകെ അവള്‍ ശരതിനെയും കുട്ടികളെയും സങ്കടങ്ങളെയും ഒക്കെ മറന്നത് പോലെ.അവന്‍ ,അരുണ്‍ ,അവനായി അവളുടെ ലോകം.

    അവന്‍ ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അവളെക്കാള്‍ പത്ത് വയസ്സോളം ഇളപ്പമുള്ള അവന്‍ അവളെ ചേച്ചിയെന്നായിരുന്നു വിളിച്ചിരുന്നത്‌.അപഗ്രഥിക്കാന്‍ ആകാതൊരു ബന്ധം അവര്‍ക്കിടയില്‍ വളര്‍ന്നു വന്നു .

    ഒരു ദിവസം അപ്രതീക്ഷിതമായി അവനില്‍ നിന്ന് അവളെ സ്നേഹിക്കുന്നു എന്ന വാക്ക് കേട്ടു അവള്‍ ഞെട്ടിപ്പോയി കാരണം അവളുടെ മനസ്സില്‍ ഉണര്‍ന്നു പൊന്തി,അവള്‍ സമര്‍ത്ഥമായി ഒളിപ്പിച്ചിരുന്ന വികാരമായിരുന്നു അവനില്‍ നിന്നവള്‍ കേട്ടത് .

    വരണ്ട മണ്ണിലേയ്ക്ക് മഴ പെയ്ത പോലെ,അവളുടെ മനസ്സിലെ മോഹവിത്തുകള്‍ ഉയിര്‍ കൊണ്ട്.പ്രണയമഴവില്ല് മനോവാനില്‍ വിരിഞ്ഞു,മനസ്സാകും മയില്‍ തുള്ളി കളിച്ചു.

    സന്ധ്യകള്‍ മനോഹരങ്ങളായി അവള്‍ക്ക് തോന്നി.നേരം വെളുത്തു സന്ധ്യയാകുന്ന വരെയുള്ള സമയങ്ങളില്‍ വിരഹം അവളെ വരിഞ്ഞു മുറുക്കി.

    ഒരു ദിവസം അവന്‍ പറഞ്ഞു അവളില്ലാതെ അവനു ജീവിക്കാന്‍ കഴിയില്ലെന്ന്,അവനൊപ്പം ചെല്ലണമെന്ന്.അവളുടെ മനസ്സിലും അതെ ചിന്തകള്‍ ഉണ്ടായിരുന്നുവോ ആവോ ?

    പ്രണയദിനത്തിന് തലേന്ന് അവനു അവളെ നേരിട്ട് കാണണം എന്ന് വാശി പിടിച്ചു,അന്ന് കൂടെ ചെല്ലണമെന്നും.അവളും അതായിരുന്നു ആഗ്രഹിച്ചത്‌.
    പിറ്റേദിവസം ഓഫീസില്‍ നിന്ന് ലീവ് എടുത്ത് അവനെ കാണാന്‍ പോകാമെന്ന് അവള്‍ തീരുമാനിച്ചു.മ്യൂസിയത്തില്‍ വെച്ച് കണ്ടു മുട്ടാം എന്നായിരുന്നു തീരുമാനം .
    പതിവ് പോലെ ഓഫീസിലേയ്ക്കുള്ള യാത്ര,വഴി തിരിച്ച് മ്യൂസിയത്തിലെയ്ക്കായി.

    പതിവില്ലാതെ അവളുടെ മൊബൈലില്‍ അന്ന് ശരത്തിന്റെ കോള്‍ വന്നു .അവള്‍ ഞെട്ടി പ്പോയി .എന്തെങ്കിലും അറിഞ്ഞാവുമോ ഈ വിളി.
    കാള്‍ അറ്റന്‍ഡ് ചെയ്ത ശ്യാമ കേട്ടത് പതിനാലു വര്ഷം മുന്‍പേ കേട്ട ശരത്തിന്റെ പ്രണയാര്‍ദ്രമായ ശബ്ദമായിരുന്നു.ഉച്ചയ്ക്ക് അവളോട്‌ ഓഫീസില്‍ നിന്ന് ഒരാഴ്ച ലീവ് എടുക്കാനും പിറ്റേ ദിവസം കുടുംബ സമേതം ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു കാള്‍ കട്ട്‌ ചെയ്തു.
    ശ്യാമ എന്ത് വെണമെന്നറിയാതെ കുഴങ്ങി.

    മ്യൂസിയത്തില്‍ അവളെത്തുമ്പോള്‍ ,അരുണ്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.അവള്‍ക്ക് അവനോട് എന്ത് പറയണം എന്നറിയാതെ നിശബ്ദയായി.
    ഒടുവില്‍ അവള്‍ തന്നെ മൌനം ഭഞ്ജിച്ചു "അരുണ്‍ ക്ഷമിക്കണം എന്നോട് ,ഒരിക്കലും എനിക്ക് നിനക്കൊപ്പം വരാന്‍ കഴിയില്ല.എന്റെ കുടുംബം ആണ് എനിക്കെല്ലാം.പ്രണയം മരിച്ച എന്റെ മനസ്സിലേയ്ക്ക് ലോഭമില്ലാതെ അത് നിറച്ച നിന്നോട് എനിക്കുള്ള കടപ്പാട് ഒരിക്കലും തീരുകയില്ല.ഞാന്‍ മടങ്ങി പോകട്ടെ ,എനിക്ക് മാപ്പ് തരൂ "

    അരുണ്‍ പുഞ്ചിരിച്ചതെ ഉള്ളൂ .അവന്‍ പറഞ്ഞു "ചേച്ചീ പ്രണയം എന്നാല്‍ കാമം മാത്രമല്ല എന്ന് എന്നെ പഠിപ്പിച്ചത് ചേച്ചിയാണ്.അത് ഒരു നിലാവ് പോലെ മനസ്സിലേയ്ക്ക് പെയ്തിറങ്ങുന്ന ഒരു സുഖമുള്ള തണുപ്പേകുന്ന ഒന്നാണെന്ന് ഞാന്‍ തിരിച്ചറിയുന്നു.ഇത്ര നാളും നാം പങ്ക് വെച്ചിരുന്ന പ്രണയത്തിന് ഒരിക്കലും മരണമുണ്ടാവില്ല.ജീവിചിരിക്കുവോളം അകന്നിരുന്നായാല്‍ പോലും അതുണ്ടാവും .എനിക്കറിയാമായിരുന്നു ചേച്ചിക്ക് ഒരിക്കലും കുടുംബത്തെ പിരിഞ്ഞു വരാന്‍ കഴിയില്ലെന്നും" .
    എന്റെ ,നമ്മുടെ പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ചേച്ചീ ഈ ഗിഫ്റ്റ് വാങ്ങണം.കയ്യിലേയ്ക്ക് അവന്‍ അവളുടെ ഇഷ്ടനിറമുള്ള പിങ്ക് കല്ല്‌ പതിച്ച മോതിരം അവള്‍ക്കേകുമ്പോള്‍ അവന്റെ കൈ വിറകൊള്ളുന്നത്‌ അവള്‍ അറിയുന്നുണ്ടായിരുന്നു പക്ഷെ ഒരു ഞെട്ടിക്കുന്ന വസ്തുത അപ്പോള്‍ അവള്‍ക്ക് മനസ്സിലായി അവളുടെ മനസ്സു വെമ്പല്‍ കൊള്ളുന്നത്‌ ശരത്തിനടുത്ത് എത്താന്‍ ആണെന്ന്!!!

    0 comments:

    Post a Comment