Saturday, March 10, 2012

Tagged Under:

എന്റെ കുഞ്ഞി(1)

By: mind waverings On: 8:09 AM
  • Share Post

  • അവള്‍ എനിക്ക് കുഞ്ഞിയായിരുന്നു.എന്റെ മാത്രം കുഞ്ഞി.

    എന്നാലും എന്തിനാണവള്‍ അത് ചെയ്തതു?ജീവിതത്തിലെ പല കയറ്റിറക്കങ്ങളിലും പരസ്പരം താങ്ങായിരുന്നല്ലോ നാം.എന്നിട്ടുംപ്രധാനപ്പെട്ട ഈ ഒരു കാര്യത്തില്‍ മാത്രം തീരുമാനം എടുക്കാന്‍ എന്തെ അവള്‍ എന്നെ കൂട്ടാഞ്ഞത് .എന്നോടൊന്നു  സംസാരിച്ചിരുന്നെങ്കില്‍  അവള്‍ അങ്ങനെ  പ്രവര്ത്തിക്കുമായിരുന്നില്ല..എനിക്ക് ഉറപ്പുണ്ട്. 

    എന്റെ കയ്യിലും തെറ്റുണ്ടല്ലോ.ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അവളോട്‌ സംസാരിക്കാന്‍ സമയവും എനിക്കധികം ഇല്ലായിരുന്നല്ലോ.

    കുഞ്ഞി,അവള്‍ എന്റെ അപ്പച്ചിയുടെ മകള്‍ ആയിരുന്നു.എന്നെക്കാള്‍ രണ്ടു വയസ്സിനു ഇളയത്.മൂന്നു ആങ്ങളമാര്‍ക്കിടയിലെ ഏക പെണ്‍തരി.അത് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ അവളൊരു  രാജകുമാരിയായി അച്ചന്റെയും അമ്മയുടെയും ആങ്ങളമാരുടെയും വാത്സല്യഭാജനമായാവും വളര്‍ന്നത്‌ എന്നാവും,അല്ലെ.?

    പക്ഷെ അതായിരുന്നില്ല യാഥാര്‍ത്ഥ്യം.അവളുടെ പപ്പാ മക്കളെയും ഭാര്യയേയും പട്ടാള ചിട്ടയില്‍ വരച്ച വരയില്‍ നിര്‍ത്തണം എന്നാ ശാട്യക്കാരനായിരുന്നു.അവളുടെ മമ്മയ്ക്കും ഭര്‍ത്താവിനെ പേടിച്ച് അദ്ദേഹത്തിന്റെ വഴി പിന്തുടരേണ്ടി വന്നു.

    മൂത്ത ആങ്ങള പപ്പയോടു പിണങ്ങി നാട് വിട്ട് പോയിരുന്നു.നല്ല ധനസ്ഥിതി ഉണ്ടായിരുന്നു അവളുടെ പപ്പയ്ക്ക് പക്ഷെ മക്കള്‍ നല്ല ഡ്രസ്സ്‌ ധരിക്കുന്നതോ ഒരുങ്ങി നടക്കുന്നതോ പോലും അയാള്‍ സഹിച്ചിരുന്നില്ല.പത്താം തരാം നല്ല മാര്‍ക്കോടെ വിജയിച്ച അവളെ തുടര്‍ന്ന് പഠിപ്പിക്കാന്‍ അയാള്‍ തയ്യാറായില്ല.സ്വന്തം വീട്ടില്‍ തുറുങ്കില്‍ അടക്കപ്പെട്ട ഒരു കുഞ്ഞു പക്ഷിയായി എന്റെ കുഞ്ഞി....

    ഞങ്ങള്‍ കുട്ടികള്‍ ആയിരുന്നപ്പോള്‍ മുതല്‍ വളരെ കൂട്ടായിരുന്നു.അപ്പച്ചി വീട്ടില്‍ വരുന്ന ദിവസം എനിക്ക് ഉത്സവമായിരുന്നു കാരണം എന്റെ കുഞ്ഞി ഉണ്ടാവുമല്ലോ കൂടെ.

    ഞാന്‍ മാത്രമേ അവളെ കുഞ്ഞി എന്ന് വിളിച്ചിരുന്നുള്ളൂ.അവള്‍ വന്നു കഴിഞ്ഞാല്‍ പിന്നെ എല്ലാം ഒരുമിച്ചാവും..ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ.ഊഞ്ഞാലാട്ടവും ഒളിച്ചുകളിയും,കള്ളനും പോലീസും,എന്ന് വേണ്ടാ അറിയാവുന്ന എല്ലാ കളികളും ഞങ്ങള്‍ കളിച്ചിരുന്നു.എന്റെ പപ്പാ അമ്മയെയും എന്നെയും ദുബായിലേക്ക് കൂട്ടിയപ്പോഴും ഞങ്ങളുടെ സൗഹൃദത്തിനു ഭംഗം നേരിട്ടില്ല.ഓരോ വെക്കേഷനും നാട്ടില്‍ വരാന്‍ ഞാന്‍ കാത്തിരിക്കുമായിരുന്നു,എന്റെ കുഞ്ഞിയെ കാണാന്‍....

    പ്രായമേറുന്നതിനൊപ്പം കുഞ്ഞിയുടെ പപ്പായുടെ ക്രൂരതകളും ഏറി വന്നു.കുഞ്ഞിയെയും അപ്പച്ചിയേയും എങ്ങും പോകാന്‍ അയാള്‍ വിടില്ലായിരുന്നു.അപ്പച്ചിയുടെ അമ്മ(എന്റെ പപ്പയുടേയും)നമുക്കൊപ്പം ആയതു കൊണ്ട് അവിടേക്ക് വരാന്‍ മാത്രം ഇടയ്ക്കിടെ അനുവദിക്കുമായിരുന്നു.അതെന്റെയും കുഞ്ഞിയുടെയും ഭാഗ്യമായി.വന്നാലും അധികം വൈകാതെ മടങ്ങേണ്ടിയിരുന്നു അവര്‍ക്ക്.കിട്ടുന്ന സമയം കഴിയുന്നത്ര കാര്യങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചു  .

    അപ്പൊ നിങ്ങള്‍ക്ക് തോന്നിയേക്കാം എനിക്കെന്തു കൊണ്ട് കുഞ്ഞിയുടെ വീട്ടില്‍ പോയി നിന്നാല്‍ എന്ന്.അല്ലെ?അതും നടക്കുന്ന കാര്യമായിരുന്നില്ല കാരണം ആരും അവരുടെ വീട്ടിലേക്കു ചെല്ലുന്നത് മാമന് ഇഷ്ട്ടമുള്ള കാര്യം ആയിരുന്നില്ല.പ്രത്യേകിച്ച് കുട്ടികള്‍.സ്വന്തം മക്കള്‍ക്ക്‌ പോലും സ്വാതന്ത്ര്യം ഇല്ലാത്തിടത്തല്ലേ അന്യര്‍ക്ക്. 

    ഞങ്ങള്‍ കുറച്ചു മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ കത്തുകളിലൂടെയായി കാര്യം പറച്ചില്‍.ആഴ്ചയില്‍ ഓരോ കത്ത് വീതം അവള്‍ എനിക്കെഴുതുമായിരുന്നു.അവളെ ചുറ്റിപ്പറ്റിയുള്ള സകലമാന വിശേഷങ്ങളും കുത്തി നിറച്ചു കൊണ്ടുള്ള ആ കത്തുകള്‍ക്ക് വേണ്ടി ഞാന്‍ കാത്തു കാത്തിരിക്കുമായിരുന്നു.

    അയല്‍പക്കത്തെ പൂവാലി പശുവിനു സുന്ദരി ക്ടാവുണ്ടായതും,മുറ്റത്ത്‌  വന്നിരുന്നു പാടാറുള്ള പുള്ളിക്കുയിലിനെ കുറിച്ചും,അവള്‍ കുറിക്കുന്ന കവിതകളും കഥകളും,പത്രക്കാരന്‍ വന്നപ്പോള്‍ അവള്‍ മുറ്റത്ത്‌ നിന്നതിനു പപ്പ അവളെ ബെല്‍റ്റൂരി അടിച്ചതും,അവളുടെ ഇളയ ആങ്ങളമാരോട് പപ്പ കാട്ടുന്ന ക്രൂരതകളും,മമ്മയുടെ നിസ്സഹായ കണ്ണുനീരിനെ കുറിച്ചും ഒക്കെ അവള്‍ എഴുതുമായിരുന്നു.

    കത്ത് പോസ്റ്റ്‌ ചെയ്യാന്‍ തന്നെ അവള്‍ എന്തെല്ലാം കടമ്പകള്‍ നേരിടേണ്ടി വന്നു.അവളുടെ ആങ്ങളമാര്‍ സ്കൂളില്‍ പോകുമ്പോ പപ്പ അറിയാതെ അവര്‍ വഴി ആയിരുന്നു കാര്യം സാധിച്ചിരുന്നത്.അവളുടെ എല്ലാ കത്തുകള്‍ക്കും  ഞാനും മറുപടി എഴുതുമായിരുന്നു,അടുത്ത വീട്ടിലെ മേല്‍വിലാസത്തില്‍.അവളുടെ പപ്പ അറിഞ്ഞാല്‍ പിന്നെ അത് മതി പൊടി പൂരം.

    പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍, മുത്തശ്ശിയുടെ വയ്യായ്ക കാരണം ഞാനും അമ്മയും നാട്ടിലേക്ക് പോന്നു.

    ഇടയ്ക്കിടെ പിന്നെയും അപ്പച്ചിയുമായിവീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കഥ പറയാന്‍ സമയം കിട്ടി.  ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തില്‍  ഒരു ഇല അനങ്ങിയാല്‍ കൂടി പരസ്പരം പറയുമായിരുന്നു.

    ഡിഗ്രി ആദ്യ വര്ഷം ആയപ്പോള്‍ എന്റെ വിവാഹം തീരുമാനിക്കപ്പെട്ടു.കുഞ്ഞിക്കായിരുന്നു ഏറ്റവും സന്തോഷം.വിവാഹം പ്രമാണിച്ച് അവള്‍ക്കു എന്റൊപ്പം രണ്ടാഴ്ച വന്നു താമസിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു.എനിക്കും.ഭാഗ്യം പോലെ ആ സമയത്ത് അവളുടെ പപ്പ ഒരപകടത്തില്‍ പെട്ട് കാലൊടിഞ്ഞു കിടപ്പിലായിരുന്നു.സിംഹത്തിന്റെ ക്രൌര്യം അല്പം ശമിച്ചത് പോലെ.എന്റെ അമ്മ മാമനോട് നല്ല വര്‍ത്താനം പറഞ്ഞു എങ്ങനെയോ സമ്മതിപ്പിച്ചു കുഞ്ഞിയെ എന്റെ വീട്ടിലേക്കു കൂട്ടി വന്നു.ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.പിന്നെ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കലും,ഒരുക്കലും മൈലാഞ്ചി ഇടലും ഒക്കെ അവളുടെ ചുമതലയായി.അവളുടെ ഇഷ്ടമായിരുന്നു എന്റെയും ഇഷ്ടം. 


                                                                                                              (തുടരും)


    0 comments:

    Post a Comment