Saturday, April 27, 2013

Tagged Under:

നിത്യമോചനം

By: mind waverings On: 12:30 PM
  • Share Post

  • തുറന്നിട്ട ജാലകത്തിലൂടെ തൂവെള്ള മേഘങ്ങളുടെ പമ്മി പമ്മിയുള്ള നീങ്ങൽ നോക്കി കിടക്കവേ ;സുനന്ദയുടെ ഉള്ളില്‍ ഒരു കാർമേഘം ഉരുണ്ടു കൂടുന്നതും,അതൊരു മഴയായ് കണ്ണുകളിലൂടെ പെയ്തൊഴിയുന്നതും അവൾ അറിയുന്നുണ്ടായിരുന്നില്ല.

    പടിഞ്ഞാറൻ ചക്രവാളങ്ങളെ ഏതാനും നേരത്തേയ്ക്ക് സിന്ദൂരം ചാർത്തി പിന്നെ രാത്രിയെ പുൽകുന്നത് പോലെയായിരുന്നല്ലോ തന്‍റെ ജീവിതം.പക്ഷെ ആ രാത്രിയിലും നിലാവെളിച്ചത്തിൽ പ്രതീക്ഷ അർപ്പിച്ചത് കൊണ്ട് സിന്ധുമോളെ നല്ല രീതിയിൽ വളർത്താൻ കഴിഞ്ഞു.

    വിജയെട്ടനുമൊത്തുള്ള ജീവിതമൊരുത്സവമായിരുന്നു. ചുരുങ്ങിയ മൂന്നു വർഷത്തെ ദാമ്പത്യ ജീവിതം. കൃഷ്ണനെ ആവോളം തൊഴാൻ അമ്പലത്തിനടുത്ത് തന്നെ വീട് പണിയണമെന്ന വിജയേട്ടന്‍റെ ആഗ്രഹം സഫലീകരിച്ചതിന്‍റെ അന്ന് തന്നെ;മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നില്ലേ?

    കണ്ണന് ഞങ്ങളോട് അസൂയതോന്നിയിട്ടുണ്ടാവണം. അവനും അവന്‍റെ രാധയും തമ്മിലുള്ളതിനേക്കാൾ ഞങ്ങൾ സ്നേഹിക്കുന്നത് കണ്ടിട്ട്. 



    വിജയൻ മരിക്കുമ്പോൾ മോൾക്ക്‌ ഒരു വയസ്സ് തികഞ്ഞിട്ടില്ല. അദ്ദേഹം സിന്ദൂരം തൊട്ട നെറുകയിൽ പിന്നൊരു കൈ പതിയാന്‍ഒരിക്കലും ആഗ്രഹിച്ചില്ല. ജീവിതം മകൾക്കായി മാത്രം പതിച്ചു നൽകുകയായിരുന്നു.

    ഒരിക്കലും തന്‍റെ സ്വഭാവത്തിന് മേൽ കളങ്കം ഉണ്ടായിട്ടില്ല. മാനത്തിന് വിലയിടാൻ സമ്മതിച്ചിട്ടില്ല ... എന്നിട്ടും .......

    സൌന്ദര്യം ഒരു ശാപമെന്ന് ചെറുപ്പത്തിൽ തനിക്ക് തോന്നിയിട്ടില്ല ഒരിക്കൽ പോലും ;പക്ഷെ ,ഈ പ്രായത്തിൽ ;വയസ്സിനെ വകവെയ്ക്കാതെ അത് ജ്വലിക്കുമ്പോൾ ,മകൾക്കുള്ളിൽ ഉയരുന്ന ആശങ്കകളും,തത്ഫലമായി ,അമ്മയോട് അസൂയയെന്ന വികാരം കാളകൂട വിഷമായി വാചകങ്ങളിൽ വമിപ്പിക്കുകയും ചെയ്യുമ്പോൾ ,ഏതമ്മയാണ് സഹിക്കുക..!!!

    വിധവകൾക്ക് സൌന്ദര്യം തീരാശാപം തന്നെ;ശിക്ഷയും. സമൂഹത്തിനിടയിൽ മാത്രമല്ല ബന്ധങ്ങൾക്കിടയിൽ പോലും വിള്ളൽ വീഴ്ത്തുന്ന ഒന്ന്.
    പുരുഷന്മാരോടാരോടെങ്കിലും സംസാരിച്ചു പോയാല്‍,അത് സ്വന്തം മകനെപ്പോലെ സ്നേഹിക്കുന്ന മരുമകനോടായാൽ പോലും സിന്ധു സംശയക്കണ്ണാടി വെയ്ക്കുന്നു ഈയിടയായി.

    ഇന്നവൾ അതിര് കടന്നു.വിനയൻ അവൾ വരുന്നതിന് മുന്നേ ഓഫീസിൽ നിന്ന് വന്നതിനെ അവൾ വളച്ചൊടിച്ചപ്പോൾ അതൊരു മാതൃത്വത്തിന് ഒരിക്കലും സഹിക്കാനാവാത്ത ഒരു സാഹചര്യമായി.

    ഇനി അർത്ഥമില്ല ;തന്‍റെ ജീവിതത്തിൽ . ഇനി മടങ്ങുക തന്നെ ,വിജയേട്ടനടുത്തേയ്ക്ക്. സുനന്ദ കയ്യിലിരുന്ന ഉറക്കഗുളികകൾ അപ്പാടെ വായിലെയ്ക്കിട്ട് വെള്ളമൊഴിക്കുമ്പോൾ,താൻ ഒഴിഞ്ഞ ലോകം മകള്‍ക്ക് നല്കുന്ന ആശ്വാസവും ഒപ്പം ദൂരെ നിന്ന് മാടി വിളിക്കുന്ന വിജയനുമായിരുന്നു മനസ്സിൽ ...!!!!!!

    2 comments:

    1. കഥ കൊള്ളാമല്ലോ

      ReplyDelete
    2. എന്തന്തെല്ലാം സഹിച്ച ഒരമ്മയുടെ സഹനശക്തി നഷ്ടപ്പെട്ട നിമിഷം!
      കഥ നന്നായി
      ആശംസകള്‍

      ReplyDelete