Wednesday, March 11, 2015

Tagged Under:

മരണമെത്തുന്ന നേരത്ത്

By: mind waverings On: 1:25 AM
  • Share Post
  • ജനനത്തിനും മരണത്തിനുമിടയിലുള്ള ഒരിടവേള -ജീവിതം .അതൊരു രഹസ്യമല്ലല്ലോ എല്ലാരും അംഗീകരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യം ,ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണക്കുറിപ്പ് കയ്യില്‍ കിട്ടിയാലുള്ള അവസ്ഥ എത്ര ഭീകരമാണെന്ന് വിഷ്ണുവിന് മനസ്സിലായി .വേണ്ടായിരുന്നു ,ഒന്നും അറിയണ്ടായിരുന്നു, പിടിവാശി അല്ലെങ്കില്‍ തിരുമേനിയമ്മാവന്‍ ഒരിക്കലും അത് വെളിപ്പെടുത്തില്ലായിരുന്നു.

    അമ്മയുടെ ഏട്ടനാണ് തിരുമേനിയമ്മാവന്‍.ചെറുപ്പം മുതലേ പിടിവാശിക്കും കുറുമ്പിനും ഒക്കെ വഴങ്ങുമായിരുന്നത്ര വാത്സല്യമായിരുന്നു തന്നോട് .അമ്മാവന്റെ മകള്‍ ഉഷയെ ചെറുപ്പത്തില്‍ തന്നെ തനിക്കായി നിശ്ചയം കഴിച്ചു വെച്ചതും അത് കൊണ്ട് തന്നെ.

    കോളേജിലെ കൂട്ടുകാര്‍ക്കിടയിലെ ഹീറോ ആയിരുന്ന തന്റെ ഇന്നത്തെ അവസ്ഥ അവര്‍ കണ്ടിരുന്നെങ്കില്‍ എന്താകും."എത്ര ധൈര്യമുള്ളവനും തല താഴ്ത്തുന്നത് മരണത്തിന് മുന്നില്‍ മാത്രം ".

    എന്തൊരഹങ്കാരമായിരുന്നു ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍.അമ്മയുടെ കണ്ണുനീര്‍ കണ്ടില്ലെന്നു നടിച്ച് കൂട്ടുകാര്‍ക്കൊപ്പം ലഹരി തേടി അലഞ്ഞ ആ നാളുകളെ ഇന്നിപ്പോള്‍ വെറുക്കുന്നു .

    എന്റെ ജീവിതം എന്റേതായിരുന്നു .അതൊന്നു താഴെ വീണാല്‍ പൊട്ടിത്തകരാവുന്ന ഒരു സ്ഫടിക പാത്രമാണെന്ന് മനസ്സിലാക്കാന്‍ വൈകി.ഇനി എണ്ണപ്പെട്ട നാളുകള്‍ .അതിനിടയില്‍ തകര്‍ന്നവയെ കൂട്ടിയോജിപ്പിക്കാന്‍ ഒരവസരം കൂടി ഈശ്വരന്‍ തന്നിരുന്നെങ്കില്‍ !!!

    ഈശ്വരന്‍ !!!ചെറുപ്പത്തില്‍ അമ്മയ്ക്കൊപ്പം മുടങ്ങാതെ അമ്പലത്തില്‍ പോയിരുന്ന താന്‍ വളര്‍ന്നപ്പോള്‍ സ്വയം തീരുമാനിച്ചു ഈശ്വരനൊന്നില്ലെന്ന് .ആ ഈശ്വരനെ ഈ അവസരത്തില്‍ വീണ്ടും ആശ്രയിക്കേണ്ടി വന്നിരിക്കുന്നോ.അല്ലെങ്കിലും അവസരവാദിയാണല്ലോ മനുഷ്യര്‍ .

    ഉഷയെപ്പോലും മറന്ന് കോളേജിലെ ഓരോ സുന്ദരികള്‍ക്കൊപ്പം പ്രണയനാടകമാടുമ്പോള്‍ ,ഈശ്വരനെഴുതിയ തിരക്കഥ തനിക്കായി തയാറായിരിക്കുന്നത് അറിഞ്ഞിരുന്നില്ല .

    പിന്നില്‍ നിന്ന് വന്നൊരു ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു പോകുമ്പോള്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കണ്ടവര്‍ ഒരല്പം വൈകിയിരുന്നെങ്കില്‍ തീരാന്‍ ഉള്ളത്രയെ ഉണ്ടായിരുന്നുള്ളൂ .അന്നങ്ങനെ തീര്‍ന്നിരുന്നെങ്കില്‍ ഇപ്പോഴത്തെ ഈ സങ്കടാവസ്ഥ തരണം ചെയ്യേണ്ടി വരില്ലായിരുന്നു .

    ആശുപത്രിയില്‍ കാണാന്‍ വന്ന അമ്മാവന്‍ ഏറെ നേരം തനിക്കൊപ്പം ചിലവഴിച്ചു മടങ്ങാന്‍ നേരം ആത്മഗതമെന്നോണം പറഞ്ഞ കാര്യമാണ് തന്നെ ഇപ്പോള്‍ അലട്ടുന്നത് ."മരണം ഇപ്പോള്‍ തട്ടി മാറിയെങ്കിലും പോകേണ്ടപ്പോള്‍ പോയല്ലേ തീരൂ ".അത് കേട്ടപ്പോള്‍ ആകാംക്ഷ തന്നെ പിടികൂടി..

    അമ്മാവന്‍ മരണ സമയങ്ങള്‍ ഗണിച്ചു പറയാറുള്ളത് തനിക്കറിയാമായിരുന്നു .അങ്ങനെ തന്റെ നിര്‍ബന്ധത്താലാണ് അമ്മാവന്‍ അത് വെളിപ്പെടുത്തിയത് ,തന്റെ ജീവിതചക്രത്തിന് ഇനി വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ മാത്രം ബാക്കി.അറിയണ്ടായിരുന്നു ഒന്നും .
    ഇനിയെങ്കിലും തനിക്കൊരു നല്ല മനുഷ്യനാവണം.അച്ഛന്‍ മരിച്ച ശേഷം ചിരിച്ചു കണ്ടിട്ടില്ലാത്ത അമ്മയ്ക്ക് താന്‍ കൂടി ഇല്ലാതായാല്‍ താങ്ങാനാവുമോ.

    മരണം തട്ടിയെടുക്കുന്നത് വ്യക്തികളെ മാത്രമല്ലല്ലോ അവരുടെ പ്രിയപ്പെട്ടവര്‍ കണ്ട സ്വപ്നങ്ങളെ കൂടിയാണല്ലോ.
    അടുത്തയാഴ്ച പരീക്ഷയാണ് .നന്നായി പഠിച്ചെഴുതി നല്ലൊരു ജോലി സമ്പാദിച്ച് തനിക്കായനുവദിച്ചിട്ടുള്ള ചുരുങ്ങിയ ദിനങ്ങളില്‍ ഒരു ചെറിയ സമ്പാദ്യമുണ്ടാക്കി അമ്മയ്ക്ക് നീക്കി വെച്ചിട്ട് വേണം തനിക്കു എന്നെന്നേക്കുമായി യാത്രയാകുവാന്‍.

    വിചാരിച്ചതിലും മെച്ചപ്പെട്ട വിജയത്തോടെ പരീക്ഷ പാസായതും ഐ എ എസ് എന്ന കടമ്പ പൂ പോലെ കടന്നതും താന്‍ തന്നെ ആയിരുന്നോ .ആവശ്യക്കാരന് ഔചിത്യമില്ലയെന്നു പറയുന്ന പോലെ ആവശ്യമാണല്ലോ ഒരാളിനെ ഏത് സാഹസികതയിലേയ്ക്കും നയിക്കുന്നത് .

    ഇന്നെന്റെ വിവാഹനാള്‍ ;എന്നോടുള്ള വാത്സല്യമൊന്നു കൊണ്ട് മാത്രമാണ് ഉഷയുമായുള്ള നിശ്ചയിച്ചുറപ്പിച്ച വിവാഹ ഉടമ്പടി മുന്നോട്ടു കൊണ്ട് പോകാന്‍ അമ്മാവന്‍ തീരുമാനിച്ചത് അല്ലെങ്കില്‍ അടുത്ത് തന്നെ മകള്‍ വിധവയാകുമെന്നറിഞ്ഞ ഏത് അച്ഛനാണ് ഇപ്രകാരം പ്രവര്‍ത്തിക്കുക.

    ഉഷയുടെ കഴുത്തില്‍ താലി ചാര്‍ത്തുമ്പോഴും അധികം വൈകാതെ താലി ഭാഗ്യം നഷ്ടപ്പെടുന്ന ഉഷയായിരുന്നു മനസ്സില്‍ .ഉള്ളിടത്തോളം കാലം ഇവളെയും അമ്മയെയും സ്നേഹിച്ചു ജീവിക്കണം.

    ഉഷയുടെ കയ്യ് പിടിച്ചു വിഷ്ണു കതിര്‍മണ്ഡപം ചുറ്റുമ്പോള്‍ കുസൃതിയും പിടിവാശിക്കാരനുമായ മരുമകനെ ചെറുനുണയിലൂടെയെങ്കിലും നേരെ വഴിക്ക് നടത്തിയതിന്‍റെ കുസൃതിചിരിയുമായി നിര്‍വൃതിയോടെ തിരുമേനിയമ്മാവന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു .

    2 comments:

    1. അമ്മാവന്‍ കൊള്ളാലോ!!

      ReplyDelete
    2. പാപം ചെയ്താല്‍ നരകം കിട്ടും
      പുണ്യം ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടും
      ഏറെ പ്രസക്തമായ വരികളല്ലേ!
      ആശംസകള്‍

      ReplyDelete