Thursday, March 22, 2012

Tagged Under:

നാന്‍സി അറബ് നാട്ടിലേക്ക്(3)

By: mind waverings On: 3:26 AM
 • Share Post

 • ഇനി കുറച്ച് അപ്പന്‍റെ വിശേഷം ആകട്ടെ,എന്താ,

  അപ്പനെ ഫോര്‍മാന്‍ ആയി നിയമിച്ച വിവരം ഞാന്‍ പറഞ്ഞിരുന്നല്ലോ.
  ആ സമയത്താണ് ദുബായ് ഗവണ്മെന്റ് അവിടുത്തെ മുനിസിപാലിറ്റിയില്‍ കരം പിരിക്കാന്‍ ഉദ്യോഗസ്ഥരെ ആവശ്യമുള്ളതായി പരസ്യം ചെയ്തത്.അപ്പന്‍ അപേക്ഷിച്ചു,ആ ജോലി ലഭിക്കുകയും ചെയ്തു.നല്ല ശമ്പളവും ആനുകൂല്യങ്ങളും.അത് കൊണ്ടാണ് അപ്പന്‍ ഞങ്ങളെയും കൂടെ കൂട്ടാന്‍ തീരുമാനിച്ചത് 

  അങ്ങനെ ആ ദിനം വന്നെത്തി,ആദ്യമായി വിമാനം കണ്ട ദിവസം.നാട്ടിന്‍പുറത്ത് വളര്‍ന്ന എനിക്കെല്ലാം കൌതുകമായിരുന്നൂ.വിമാനത്തിന്‍റെ വലിപ്പം കണ്ടു ഞാന്‍ അമ്പരന്നു പോയി പിന്നെ മോടി കൂടിയ വസ്ത്രങ്ങള്‍ ധരിച്ച ആളുകള്‍,പാവക്കുട്ടിയെ പോലെ ചുവന്നു തുടുത്ത് സുന്ദരിമാരായ എയര്‍ ഹോസ്റ്റസ്സ്മാര്‍ അതൊക്കെ എനിക്ക് അത്ഭുതമായിരുന്നൂ.
  അങ്ങനെ ആദ്യ വിമാന യാത്ര.

  മേഘങ്ങളെ വകഞ്ഞു മാറ്റി വിമാനം നീങ്ങുന്നത്‌ നോക്കിയിരിക്കാന്‍ എന്ത് രസായിരുന്നെന്നോ.ഇടക്കൊക്കെ വിമാനം എയര്‍ പോക്കെറ്റുകളില്‍ വീണു കുലുങ്ങുമ്പോള്‍ ഞാന്‍ ധൈര്യശാലി ആയതു കൊണ്ട് പേടി തോന്നിയില്ല.

  അങ്ങനെ മൂന്നേ മുക്കാല്‍ മണിക്കൂര്‍ നേരത്തെ യാത്ര.ദുബായില്‍ എത്തുമ്പോള്‍ സമയം രാത്രിയായിരുന്നൂ.

  ഒരു മായാ ലോകം.വിമാനത്തില്‍ നിന്നിറങ്ങിയതേ മുഖത്ത് വന്നടിച്ചത് ഉഷ്ണവായൂ.ശരീരമാകെ ഏതോ ആവിയില്‍ പുഴുങ്ങുന്നത് പോലെ തോന്നി പോയി.അപ്പോള്‍ നാട്ടില്‍, വൈകുന്നേരങ്ങളില്‍ വയല്കാറ്റിന്റെ ശീതളിമയില്‍ മുറ്റത്ത്‌ കളിച്ചു നടന്നത്  നഷ്ടബോധത്തോടെ ഓര്‍ത്തു പോയി.

  വിമാനത്തില്‍ നിന്നിറങ്ങിയ ഞങ്ങളെ ഒരു ബസ്സില്‍ കയറ്റി എയര്‍പോര്‍ട്ടില്‍ കൊണ്ടിറക്കി.നമ്മുടെ നാട്ടിലെ വിമാന താവളത്തിന്റെ പതിന്മടങ്ങ്‌ വലിപ്പം.അകത്തു എ സി യുടെ നല്ല തണുപ്പ്.പരിചയമില്ലാത്ത ഭാഷ,വേഷങ്ങള്‍.

  അറബികളുടെ വേഷം കണ്ടെനിക്ക്‌ ചിരി പൊട്ടി.നമ്മുടെ നാട്ടിലെ പള്ളീലച്ചന്‍മാരുടെ തരം ളോഹയും പിന്നെ തലയില്‍ ഒരു തുണി ഇട്ടിട്ടു അതിന്‍റെ മുകളില്‍,നാമൊക്കെ ചാക്ക് കെട്ടുന്നത് പോലെ, കറുത്ത കയര്‍ കൊണ്ടുള്ള ഒരു കെട്ടും.സ്ത്രീകള്‍ ആണെങ്കിലോ കറുത്ത പര്‍ദ്ദയും പിന്നെ കണ്ണ് പോലും പുറത്തു കാണാത്ത തരം മുഖ കവചവും.അത് കണ്ടപ്പോള്‍ എനിക്ക് തമാശയും ഒപ്പം ഭീതിയും തോന്നാതിരുന്നില്ല.

  ഇമിഗ്രേഷന്‍ കടമ്പകള്‍ കടന്നു എയര്‍പോര്‍ട്ടിനു പുറത്തെത്തി. അപ്പന്റെ കൂട്ടുകാരനും കുടുംബവും ഞങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നൂ .
  അവരോടോപ്പമായിരുന്നൂ ഞങ്ങള്‍ക്കും താമസസൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

  അങ്ങനെ റൂമിലേക്ക്‌ പുറപ്പെട്ടു.നാട്ടില്‍ അംബാസിഡര്‍ കാര്‍ മാത്രം വല്ലപ്പോഴും കണ്ടു പരിചയിച്ച എനിക്ക് അവിടെ കണ്ട ആരോ മേല്‍ക്കൂര തല്ലി ചതച്ചത് പോലെയുള്ള  കാറുകള്‍ അതിശയമായി.

  കാറില്‍ കയറി താമസ സ്ഥലത്തേക്ക്,നല്ല കണ്ണാടി പോലെ മിന്നുന്ന റോഡുകള്‍,പോകുന്ന വഴിയാകെ കച്ചവട സ്ഥാപനങ്ങളിലൊക്കെ വര്‍ണ വിളക്കുകളും നിയോണ്‍ ബോര്‍ഡുകളും.റോഡിന്‍റെ ഇരു വശങ്ങളിലും പനകള്‍ കായ്ച്ചു നില്‍പ്പുണ്ടായിരുന്നൂ...... 

  റോഡിന്നിരുവശത്തും ബഹുനില കെട്ടിടങ്ങള്‍.കാഴ്ചകളൊക്കെ എന്നിലെ ഏഴു വയസ്സുകാരിക്ക് പുതുമയും അതിശയവും ഉളവാക്കുന്നതായിരുന്നൂ

  .അര മണിക്കൂര്‍ നേരത്തെ യാത്രയില്‍ ഞങ്ങള്‍ അല്‍-ഗിസൈസ്,ഷേഖ് റാഷിദ് ഹൌസിംഗ് കോളനി എന്ന ബഹുനില കെട്ടിടങ്ങള്‍ നിറഞ്ഞ സ്ഥലത്തെത്തി.അവിടത്തെ ഒരു അഞ്ചു നില കെട്ടിടം,അതിലായിരുന്നൂ ഞങ്ങള്‍ക്കുള്ള റൂം.

  അന്ന് വരെ ഓല മേഞ്ഞതോ ഓടിട്ടതോ ആയിട്ടുള്ള ഒറ്റ നില വീടുകള്‍ മാത്രമേ എനിക്ക് പരിചയമുണ്ടായിരുന്നുള്ളൂ.പടികള്‍ കയറി നാലാം നിലയിലുള്ള മുറിയിലേക്ക്.ഒരു ചെറിയ സ്വീകരണ മുറി ,രണ്ടു കിടപ്പുമുറികള്‍,ഒന്ന് ഞങ്ങള്‍ക്കും ഒന്ന് അപ്പന്‍റെ കൂട്ടുകാരനും കുടുംബത്തിനും,പിന്നെ ഒരു കൊച്ചു അടുക്കള ,ഒരു ബാത്ത്റൂം ഇത്യാദി സൗകര്യങ്ങള്‍. 

  സ്വീകരണമുറിയുടെ മധ്യഭാഗത്തായി ഒരു ചതുരപെട്ടി,അപ്പന്‍റെ കൂട്ടുകാരന്‍ അതിനടുത് പോയി എന്തോ ഞെക്കുന്നത് കണ്ടൂ,അപ്പോള്‍ അതില്‍ എന്തൊക്കെയോ പടങ്ങള്‍ തെളിഞ്ഞു വന്നൂ ഒപ്പം സംഭാഷണങ്ങളും.എന്താനെന്നെനിക്ക് മനസ്സിലായില്ലാ.അറബിയിലോക്കെ അതില്‍ ആളുകള്‍ ഓരോന്ന് സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നൂ.ജിജ്ഞാസ അടക്കാന്‍ കഴിയാതെ അതെന്താണെന്ന് ഞാന്‍ അപ്പനോട് ചോദിച്ചു.അപ്പോള്‍ അപ്പന്‍ പറഞ്ഞു തന്നൂ അതാണ്‌ ടെലിവിഷന്‍,ദൂരെ നടക്കുന്ന എന്ത് കാര്യവും ഇതില്‍ കൂടി അറിയാമെന്നും മറ്റും.അപ്പൊ അപ്പനോട് ഞാന്‍ ചോദിച്ചു,ഇതില്‍ കൂടിയിപ്പോ എന്‍റെ കൂട്ടുകാര്‍  എന്താ ചെയ്യുന്നേന്നറിയാന്‍ പറ്റുമോ എന്ന്.ഇത് കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം പോട്ടിച്ചിരിച്ചതിന്റെ കാരണം വളരെ നാള് കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്.

  രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ അവിടുത്തെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തു മൂന്നാം ക്ലാസ്സില്‍.സര്‍ക്കാര്‍  സ്കൂളില്‍ നിന്നെന്തു വ്യത്യസ്തമായിരുന്നൂ അവിടെ.
  യുണിഫോം എന്തെന്നറിഞ്ഞത്  അപ്പോഴാണ്‌.അത് വരെ ഉള്ള വേഷത്തില്‍ ഏതെങ്കിലും ധരിച്ചു കൊണ്ടായിരുന്നല്ലോ സ്കൂളില്‍ പോക്ക്.ഇവിടെ അങ്ങനെ ഒന്നും പറ്റില്ലാ.ഒരു ഷര്‍ട്ട്‌,പിന്നെ അതിനു മുകളില്‍ ഒരു കയ്യില്ലാത്ത പെറ്റികൊട്ട്.പിന്നെ ടൈ,ബെല്‍റ്റ്‌,സോക്ക്സ്,ഷൂസ് ഇത്യാദി വേഷം കെട്ടി വേണം സ്കൂളിലേക്ക് ചെല്ലാന്‍.ദേഷ്യം വന്നൂ എനിക്ക് പക്ഷെ സഹിച്ചല്ലേ പറ്റൂ

  .പിന്നെ സ്കൂളില്‍ കൊണ്ട് പോകാന്‍ വെളുപ്പിന് ഏഴു മണിക്ക് ബസ്സ്‌ വരും,അതില്‍ കയറി സ്കൂളിലേക്ക്.കൂട്ടുകാരുമായി ഓടി കളിച്ചു സ്കൂളിലേക്ക് പോയത് സങ്കടത്തോടെ ഓര്‍ത്തു പോകും ഞാനപ്പോള്‍.

  ഇന്ത്യയുടെ ഒരു മിനി പതിപ്പായിരുന്നൂ സ്കൂള്‍.മലയാളികളെ കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ,ഗുജറാത്തി,രാജസ്ഥാനി കുട്ടികളും ഉണ്ടായിരുന്നൂ.പിന്നെ ചുരുക്കമായി  പാകിസ്ഥാനികളും ബംഗ്ലാദേശികളും.

  ഭാഷ എനിക്ക് ബാലി കേറാ മല തന്നെയായി.അവിടുള്ള കുട്ടികള്‍ ഇംഗ്ലീഷ് പറയുന്നത് കേട്ട് എനിക്ക് അട്ഭുതമായിരുന്നൂ .ടീച്ചര്‍മാര്‍ വരുന്നൂ പോകുന്നൂ എന്തൊക്കെയോ പഠിപ്പിക്കുന്നൂ,ആദ്യമൊന്നും എനിക്കൊന്നും മനസ്സിലായില്ല.

  അപ്പൊ നമുക്ക് കൂടുതല്‍ സ്കൂള്‍ വിശേഷങ്ങളിലേക്ക് കടക്കാം.ടീച്ചര്‍മാര്‍ കൂടുതലും ഹിന്ദിക്കാര്‍ ആയിരുന്നൂ.അവര്‍ക്ക് ഇംഗ്ലീഷ് അല്ലാതെ ഒന്നും എന്നോട് പറയാന്‍ അറിയുകയുമില്ലാ.പിന്നെ മലയാളി സഹപാഠികള്‍ ആരെന്നു പോലും അറിയാന്‍ കഴിയുന്നില്ല കാരണം അവരൊക്കെ അവിടെ ജനിച്ചു വളര്‍ന്നവര്‍,മലയാളം പറയുന്നത് മോശമാണെന്ന് വിചാരിക്കുന്നവര്‍.അതിനിടയില്‍ പെട്ട് ഞാന്‍ വളരെ അധികം വിഷമിച്ചു.

  പിന്നെ അത് വരെ അറിയാത്ത വേറൊരു ഭാഷ കൂടി  നിര്‍ബന്ധമായി  പഠിക്കേണ്ടി  വന്നൂ,അറബിക്.എല്ലാ ജാതി മതസ്ഥരും അറബിക് പഠിക്കേണ്ടത് അത്യാവശ്യമായിരുന്നൂ.അലിഫ്,ബാഹ്,താഹ്...എനിക്കിതൊക്കെ ഇന്ഗ്ലിഷിനെ കാട്ടിലും എളുപ്പമായി തോന്നി.

  ഉച്ചക്കൊരു ഒരു മണി വരയെ ക്ലാസ്സ്‌ ഉള്ളൂ.അവിടെ ഷിഫ്റ്റ്‌  സംബ്രദായമായിരുന്നൂ,രാവിലെ പെണ്‍കുട്ടികള്‍ക്കും  ഉച്ചക്ക് ശേഷം ആണ്‍കുട്ടികള്‍ക്കും.ക്ലാസ് കഴിഞ്ഞാല്‍ പിന്നെയും സ്കൂള്‍ ബസ്സിലേറി നേരെ വീട്ടിലേക്ക്.

  ആദ്യത്തെ കുറച്ചുനാള്‍ പഠിക്കാന്‍ ബുദ്ധിമുട്ടായി തോന്നിയെങ്കിലും അമ്മയുടെയും അപ്പന്‍റെയും സഹായം കൊണ്ട് അധികം  വൈകാതെ ഞാന്‍ ക്ലാസ്സിലെ മിടുക്കി കുട്ടിയായി മാറി.ഇംഗ്ലീഷും അധികം തെറ്റില്ലാതെ പേശാന്‍ പഠിച്ചു.

  അധികം  വൈകാതെ കുറച്ചു നല്ല കൂട്ടുകാരെ എനിക്കവിടെ കിട്ടി.മലയാളി ഇരട്ട കുട്ടികളായ അക്ഷയ,അനുപമ,പാകിസ്ഥാനികളായ ഫൗസിയ,ബുഷറ,ഗോവക്കാരിയായ രൂപ,ഗുജറാത്തിയായ റഷീദ എന്നിവര്‍.കൂട്ടുകെട്ടില്‍ ജാതിമതഭാഷഭേദമോന്നും ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല.

  പിറ്റേ കൊല്ലം എനിക്കൊരു സഹോദരന്‍ ജനിച്ചു,ജോണി.എനിക്ക് ആദ്യം അവനെ ഇഷ്ടമായിരുന്നില്ല.അമ്മയ്ക്കും അപ്പനും എന്നോടുള്ള സ്നേഹം പങ്കു പറ്റാന്‍ വന്ന ഒരു ശത്രു എന്ന മട്ടായിരുന്നൂ.പക്ഷെ ക്രമേണ അവന്‍റെ കളിയും ചിരിയും കുസൃതികളും എന്നെ കീഴടക്കുക തന്നെ ചെയ്തു.

  അങ്ങനെ കാലമെന്ന പടക്കുതിര പിന്നെയും ഓട്ടം തുടര്‍ന്നൂ.

  വളരെ നല്ല രീതിയില്‍ ഞാന്‍ പ്ലസ് ടു പാസ്സായി.എന്നെ ഒരു ഡോക്ടര്‍ ആയി കാണാനായിരിന്നൂ അപ്പന്റെയും അമ്മയുടെയും ആഗ്രഹം.അങ്ങനെ ഞാന്‍ മെഡിക്കല്‍ എന്ട്രന്‍സ് എഴുതി,വളരെ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു.
  .
  ഇവിടെ വെച്ചായിരുന്നൂ എന്‍റെ ജീവിതാധ്യായത്തിലെ പ്രധാന കണ്ണിയായ രമേഷിനെ ഞാന്‍ പരിചയപ്പെടുന്നത്.എന്‍റെ ജീവിതത്തിലെ മൂന്നാം വഴിത്തിരിവ്.ആ വിശേഷം അടുത്തതില്‍ 
                                                                                                                                               (തുടരും)

  2 comments:

  1. ആദ്യത്തെ കാഴ്ചകള്‍ അപ്പപ്പോള്‍ തന്നെ എഴുതി വെക്കുന്നത് നല്ലതാണ്. കുറച്ചു കൂടി കഴിഞ്ഞു എഴുതിയാല്‍ പലതും വിട്ടുപോകും. പിന്നീട് ഇതെടുത്ത് വായിക്കുമ്പോള്‍ മാത്രമായിരിക്കും പഴയതിന്റെ വ്യക്തമായ രൂപം മനസ്സില്‍ തെളിയൂ. എനിക്കിപ്പോള്‍ പഴയ ഗള്‍ഫിനെക്കുരിച്ചുള്ള ചിത്രങ്ങള്‍ ഇന്നത്തേതും കൂടിക്കുഴഞ്ഞ ഒരു രൂപമാണ്. ഇങ്ങിനെ എഴുതിവേച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി.
   നീണ്ടകഥ അനുഭവ കഥ പോലെ തോന്നിപ്പോയി. എഴുത്ത്‌ വായിക്കാന്‍ തോന്നിക്കുന്ന വിധം രസമാണ്. തുടരുക.
   ആശംസകള്‍.

   ReplyDelete
  2. നന്നാവുന്നുണ്ട്.
   ആശംസകള്‍

   ReplyDelete