Thursday, March 22, 2012

Tagged Under:

നാന്‍സി ......തുടര്‍ക്കഥ(6)

By: mind waverings On: 8:59 AM
 • Share Post

 • ഈ ലോകത്ത് ഞാനാണ് ഏറ്റവും ഭാഗ്യവതി എന്നെനിക്ക്  തോന്നിപ്പോയ ദിവസങ്ങള്‍.ദുഖങ്ങളെല്ലാം പോയ്മറഞ്ഞ് മോഹങ്ങളെല്ലാം പൂവണിയുകയാണല്ലോ.നേരം പുലരുന്നതും ഇരുളുന്നതും..പൂ വിരിയുന്നതും കിളികള്‍ പാടുന്നതും എല്ലാം ഞങ്ങള്‍ക്ക് വേണ്ടിയെന്നത് പോലെ ...

  രമേശ്‌ ഡോക്ടര്‍ ആണെന്ന് അറിയാമല്ലോ...ഞാന്‍ ആ സമയത്ത് വീടിനോട് ചേര്‍ന്ന് ഒരു ക്ലിനിക് നടത്തുകയായിരുന്നു.അമ്മയ്ക്ക് സുഖമില്ലാതിരുന്നതിനാല്‍ വേറെ ജോലിക്കൊന്നും ശ്രമിച്ചിരുന്നില്ല.രമേഷും എനിക്കൊപ്പം പ്രാക്ടീസ് തുടങ്ങി.പക്ഷെ ജനങ്ങള്‍ ബഹുവിധമാണല്ലോ.അച്ഛനെ കൊന്ന ഖ്യാതി രമേഷിനെ അവരില്‍ നിന്നകറ്റി.അതോടെ അധികം വൈകാതെ ക്ലിനിക്ക് പൂട്ടേണ്ടി വന്നു.

  നഷ്ടബോധവും,കുറ്റബോധവും,നിരാശാബോധവും ഒക്കെയാവാം രമേഷിനെ പിന്നെയും പഴയ ആ കൂട്ട് കേട്ടിലേക്ക് വലിച്ചിഴച്ചു,മദ്യവും മയക്കു മരുന്നുമായുള്ള സൗഹൃദം.

  ഇതിനിടെ ഞങ്ങള്‍ക്കൊരു മകന്‍ പിറന്നിരുന്നു.കാലത്തിന് എന്നോട് ഇത്രയും ക്രൂരനാകാന്‍ കഴിയുമോ?എന്താ രമേശ്‌ ഇങ്ങനെ?ഇത്രയും നല്ലവനും മിടുക്കനുമായ രമേഷിനെങ്ങനെ സ്വന്തം ജീവിതം കൈവിട്ടു കളിക്കാന്‍ കഴിയുന്നു?ഞാന്‍ എവിടെയാണ് പരാജയപ്പെട്ടത്?എപ്പോഴാണ് അവന് എന്‍റെ സ്നേഹം  വേണ്ടാതായത്‌  , ലഹരി എന്നെക്കാളും വലുതായത് ?മുന്നോട്ടുള്ള ഞങ്ങളുടെ ജീവിതഗതി എന്താകും !!!!!!!!!

  ദിനങ്ങള്‍ കൊഴിഞ്ഞ് പൊയ്ക്കൊണ്ടിരുന്നു.മകന് ഒരു വയസ്സായി.രമേഷിന് ഒരു മാറ്റവും ഇല്ലായിരുന്നു.അദ്ദേഹം അദ്ദേഹത്തിന്‍റെ മാത്രമായ ലോകത്ത്.
  ആദ്യമൊക്കെ എന്റെ കണ്ണീര്‍ കാണുമ്പോള്‍ ഇനി മദ്യപിക്കില്ലെന്നും മറ്റും പ്രതിജ്ഞ ചെയ്യുമായിരുന്നു.പോകെ പോകെ അതും ഇല്ലാതായി.പുറത്ത് പോയി മദ്യപിച്ചു ആളുകളോട് തല്ലുണ്ടാക്കുന്നത് പതിവാക്കി.അദ്ദേഹത്തിന്റെ കണ്ണില്‍ എല്ലാവരും ശത്രുക്കള്‍ എന്നായിരുന്നു തോന്നല്‍.

  ക്രമേണ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കുടുംബം കൂപ്പുകുത്തി.ക്ലിനിക് അടച്ചു പൂട്ടിയത് കൊണ്ട് ആ വരുമാനവും നിന്നിരുന്നു.ഗള്‍ഫിലുള്ള അപ്പനോട് സഹായമാഭ്യര്‍ഥിക്കാന്‍ എന്റെ ദുരഭിമാനം അനുവദിച്ചില്ല.

  ഒരു ജോലി അനിവാര്യമായിരുന്നു.പക്ഷെ ചെറിയ മകനെയും സുഖമില്ലാതിരിക്കുന്ന അമ്മയെയും തനിച്ചാക്കി പോകുന്നതിലുള്ള വിഷമം എനിക്ക് തടസ്സമായി.

  അമ്മക്കുള്ള മരുന്നുകള്‍ മകന്റെ ആവശ്യങ്ങള്‍ ഇവയ്ക്കൊക്കെ പരിഹാരം കാണാന്‍ ഞാന്‍ ജോലിക്ക് പോയേ മതിയാകുമായിരുന്നുള്ളൂ.രമേഷിന് അതൊന്നും അറിയേണ്ടല്ലോ .....അവന്‍ അവന്റെതായ ലോകത്ത് പാറിനടക്കുകയായിരുന്നു.

  ഒരു കൂട്ടുകാരി നടത്തുന്ന ആശുപത്രിയില്‍ ഞാന്‍ പ്രാക്ടീസ് തുടങ്ങി.അമ്മയെയും കുഞ്ഞിനേയും അടുത്ത വീട്ടിലുള്ള ഒരു സ്ത്രീയെ ഏല്‍പ്പിച്ചു പകല്‍ സമയങ്ങളില്‍.ഞാന്‍ ജോലിക്ക് പോകുന്നത് രമേശ്‌ ഇഷ്ട്ടപ്പെട്ടില്ല.

  ആ നീരസം എന്നോട് ദേഹോപദ്രവമായാണ് പ്രകടിപ്പിച്ചത്.എന്‍റെ രമേശ്‌...കണ്ണില്‍ ഒരു കരടു വീണു കണ്ണ് നിറയുമ്പോള്‍ അത് കണ്ടു വേദനിച്ചിരുന്നവന്‍,അദ്ദേഹം തന്നെയാണോ ഇപ്പോള്‍ നിഷ്ടരമായി എന്നെ പീഡിപ്പിക്കുന്നത്.ശാരീരിക വേദന എന്നെ അലട്ടിയിരുന്നില്ല പക്ഷെ മനസ്സിലുണ്ടായ വ്രണം, അതില്‍ നിന്ന് രക്തം പൊടിഞ്ഞു കൊണ്ടിരുന്നു.

  ജീവിതത്തിനു തന്നെ ഒരര്‍ത്ഥവും ഇല്ലാതായത് പോലെ.അവസാനിപ്പിച്ചാലോ എന്ന് പോലും പലപ്പോഴും തോന്നിയിരുന്നു.പക്ഷെ കുഞ്ഞ്,ആ പാവം അമ്മ ...അവരോടു ഞാന്‍ ചെയ്യുന്ന ഏറ്റവും കൊടിയ ദ്രോഹമാകില്ലേ അത്.ഞാന്‍ തളരാന്‍ പാടില്ല.....

  എനിക്ക് കിട്ടുന്ന ശമ്പളം ഒന്നിനും തികഞ്ഞിരുന്നില്ല കാരണം അതില്‍ നിന്ന് വേണമായിരുന്നല്ലോ രമേഷിന്റെ ദൈനംദിന കൃത്യങ്ങള്‍ കൂടി നിവര്‍ത്തിക്കാന്‍.

  ക്രമേണ രമേഷിന് എന്നില്‍ സംശയങ്ങള്‍ തോന്നി തുടങ്ങി.ആശുപത്രിയില്‍ പോയാല്‍ ഞാന്‍ അറിയാതെ പിന്തുടരുക,ആണുങ്ങളോട് സംസാരിച്ചു പോയാല്‍ അവരുമായി വഴക്കുണ്ടാക്കുക ഇതൊക്കെ പതിവായി.

  ആശുപത്രിയില്‍ വന്നും പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി.ഒടുവില്‍ സഹികെട്ട് കൂട്ടുകാരി എന്നോട് ഇനി അവിടെ ചെല്ലണ്ടാ എന്നപേക്ഷിച്ചു.വീണ്ടും ദാരിദ്ര്യകടലിലേക്ക്‌ കൂപ്പു കുത്തിയത് പോലെ...

                                                                                                                  (തുടരും)

  0 comments:

  Post a Comment