Sunday, March 18, 2012

Tagged Under:

രണ്ടു സുഹൃത്തുക്കള്‍

By: mind waverings On: 9:40 PM
  • Share Post

  • അവര്‍ രണ്ടു സുഹൃത്തുക്കള്‍.

    ലോകത്തിന്റെ രണ്ടറ്റത്തിരുന്നു ഇന്റര്‍നെറ്റിലൂടെ സൗഹൃദം  സ്ഥാപിച്ചവര്‍.സുഹൃത്തുക്കള്‍ക്കിടയില്‍ തീവ്രെ വ്യക്തിത്വത്തിന് പ്രസിദ്ധി നേടിയവര്‍.വിവാഹപ്രായം പിന്നിട്ടിട്ടും അവിവാഹിതരായി കഴിയുന്ന ഒരു സ്ത്രീയും പുരുഷനും.

    സൗഹൃദം പ്രണയ വര്‍ണ്ണങ്ങളാല്‍ ചാലിക്കപ്പെടാന്‍ അധിക നാള്‍ വേണ്ടി വന്നില്ല.പരസ്പരം കാണാതെ,ഉരിയാടാതെ കൈവിരലുകളുടെ കഥപറച്ചിലിലൂടെ അവര്‍ അവരുടെതായ ലോകത്ത് കൈകോര്‍ത്തു പാറി നടന്നുസമയം കിട്ടിയപ്പോഴൊക്കെ.

    ഒന്നും അവര്‍ക്കൊരു തടസ്സമായിരുന്നില്ല.ഭാഷയോ,ദേശമോ,പ്രായമോ സൗന്ദര്യമോ ഒന്നും.പരസ്പര സ്നേഹം ,ബഹുമാനം,കരുതല്‍ ഇവയൊക്കെ അവര്‍ക്കിടയില്‍ ധാരാളമുണ്ടായിരുന്നു.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച വേഴാമ്പല്‍ പോലെയുള്ള ആ മനസ്സുകളിലേക്ക് പെയ്തു പ്രണയ കുളിര്‍ മഴ.അതില്‍ അവരുടെ മാനസം മയില്‍ പോലെ ആടി തിമിര്‍ത്തു.

    ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹം തീവ്രമായപ്പോള്‍ അവര്‍ കണ്ടുമുട്ടി.കാഴ്ചയില്‍ പല പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും അതവരെ അലട്ടിയില്ല.പുറം പൂച്ചില്‍ അധിഷ്ടിതമായിരുന്നില്ലല്ലോ അവരുടെ പ്രണയം.പിരിഞ്ഞിരിക്കാന്‍ വയ്യാത്ത അവസ്ഥ.സുഹൃത്തുക്കള്‍ അവരുടെ ഒത്തുചേരലില്‍ ആഹ്ലാദപൂര്‍വം അനുഗ്രഹാശംസകള്‍ നേര്‍ന്നു.ഇനിയുള്ള ജീവിതം അവര്‍ ഒന്നിച്ചാവും എന്ന് തന്നെ അവര്‍ വിശ്വസിച്ചു.

    പക്ഷെ ആ പ്രണയത്തിനിടയിലേക്ക് ബന്ധങ്ങള്‍ ബന്ധനങ്ങളായി കടന്നു വന്നപ്പോള്‍ പ്രണയത്തിനു അടിയറവു പറയേണ്ടി വന്നു.അവരുടെ വ്യക്തിത്വത്തിനേറ്റ കനത്ത തിരിച്ചടി.പ്രണയിക്കുന്ന മനസ്സുകള്‍ ഒത്തു ചേരാനാവാതെ പിരിയുമ്പോള്‍ ഉള്ള വേദന മറ്റെന്തിനുണ്ട്?

    ഇപ്പോളും അവര്‍ സുഹൃത്തുക്കള്‍.ലോകത്തിന്റെ രണ്ടറ്റത്തിരുന്നു കൈവിരലുകളാല്‍ പരസ്പരം കഥ പറയുന്നവര്‍ .......

    0 comments:

    Post a Comment